പ്രളയത്തിൽ ദുരിതം അനുഭവിച്ചവർക്ക് സഹായഹസ്തവുമായി വീണ്ടും സിനിമാ താരങ്ങൾ.സിനിമ താരങ്ങളായ ദിലീപ്,ഉണ്ണി മുകുന്ദൻ, അമല പോൾ എന്നിവരാണ് തങ്ങളാൽ ആകുന്ന സഹായവുമായി ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.
ദുരിതാശ്വാസ ക്യാമ്പിൽ ഉള്ള ആളുകൾക്കായി ദിലീപ് വസ്ത്രങ്ങൾ സംഘടിപ്പിക്കുകയുണ്ടായി.ഇത് പിന്നീട് വിതരണം ചെയ്തു.ലയൻസ് ക്ലബുമായി സഹകരിച്ച് ദുരിതാശ്വാസ ക്യാമ്പുകളിലെ അംഗങ്ങൾക്ക് ഭക്ഷണവും മറ്റ് അവശ്യ വസ്തുക്കളും ഉണ്ണി മുകുന്ദൻ വിതരണം ചെയ്യുകയുണ്ടായി. ഷൂട്ടിങ്ങിനിടെ പരിക്ക് പറ്റിയ നിലയിലാണ് അമല പോൾ എങ്കിലും സ്ത്രീകൾക്ക് ആവശ്യമായ സാനിറ്ററി നാപ്കിനും മറ്റ് സാധനങ്ങളും സംഘടിപ്പിക്കാൻ അമലയും രംഗത്തുണ്ടായിരുന്നു.
നേരത്തെ കടവന്ത്രയിലെ റീജണൽ സ്പോർട്സ് സെന്റർ കേന്ദ്രീകരിച്ച് പൂർണിമയുടെ നേതൃത്വത്തിൽ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സഹായമെത്തിച്ചിരുന്നു. മഞ്ജു വാര്യർ, റിമ കല്ലിങ്കൽ, പാർവതി, ഗീതു മോഹൻദാസ്, ഇന്ദ്രജിത്ത് തുടങ്ങിയവർ പ്രവർത്തനങ്ങളിൽ പങ്കാളികളായി. കൊച്ചിയിലെ തമ്മനം കേന്ദ്രീകരിച്ച് ജയസൂര്യ, ആസിഫ് അലി, അജു വർഗീസ് എന്നിവരും ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് അവശ്യസാധനങ്ങൾ എത്തിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.ഇരിങ്ങാലക്കുട കേന്ദ്രീകരിച്ച് ടോവിനോ തോമസും സുത്യർഹമായ സേവനമാണ് നൽകുന്നത്.