അഞ്ചുവര്‍ഷം നീണ്ട ജനപ്രിയ പരമ്പര, പരസ്പരം 1524 എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കി അവസാനിച്ചു. സീരിയല്‍ പ്രേക്ഷകരെ കണ്ണീരിലാഴ്ത്തി നായിക ദീപ്തി ഐപിഎസിന്റെയും ഭര്‍ത്താവ് സൂരജിന്റെയും മരണത്തോടെയാണ് സീരിയലിന് അവസാനമായത്.
ദീപ്തി ഐപിഎസിന്റെ വിയോഗത്തില്‍ കണ്ണീര് വാര്‍ക്കുകയാണ് സോഷ്യല്‍ മീഡിയ. തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ സ്വന്തം ജീവന് ബലിയര്‍പ്പിക്കേണ്ടി വന്ന ദീപ്തി ഐപിഎസിനും ഭര്‍ത്താവ് സൂരജിനും ആദരാഞ്ജലികള്‍ നിറയുകയാണ്.ക്ഷണനേരം കൊണ്ടാണ് ഈ വിഷയം വൈറലായി മാറിയത്.
നിരവധി ട്രോളുകളായിരുന്നു ഇതുമായി ബന്ധപ്പെട്ട് ഇറങ്ങിയത്. നേരത്തെ പരമ്പരയുടെ വിദേശ ലൊക്കേഷനായി ഫ്ളക്സ് ഉപയോഗിച്ചപ്പോഴും ട്രോളര്‍മാര്‍ ആഘോഷമാക്കി മാറ്റിയിരുന്നു. ദീപ്തിയും സൂരജും ധീരരായി മരണത്തെ വരിച്ചപ്പോഴും ട്രോളര്‍മാര്‍ എത്തിയിരുന്നു. പരമ്ബരയുടെ അണിയറപ്രവര്‍ത്തകരും താരങ്ങളുമൊക്കെ ട്രോളുകളെക്കുറിച്ച് അറിഞ്ഞിരുന്നു.
ഇപ്പോഴിതാ വിമര്‍ശകര്‍ക്കുള്ള മറുപടിയുമായി നായിക ഗായത്രി അരുണ്‍ തന്നെ രംഗത്ത് വന്നിരിക്കുകയാണ്. ഫെയ്സ്ബുക്ക് ലൈവിലൂടെയാണ് നടി മറുപടി നല്‍കിയിരിക്കുന്നത്. പത്ത് മണിക്ക് വീട്ടില്‍ കയറുന്നവരാണ് എട്ടുമണിക്കുള്ള തന്റെ സീരിയലിനെ കുറ്റപ്പെടുത്തുന്നതെന്ന് നടി പറഞ്ഞു.
ഇത്തരം നെഗറ്റീവ് കമന്റുകളെ എല്ലാം അപ്രസക്തമാക്കുന്ന വിജയമാണ് സീരിയല്‍ സ്വന്തമാക്കിയത് എന്നും ഗായത്രി അഭിപ്രായപ്പെട്ടു.
ദീപ്തി എന്ന കഥാപത്രത്തിനെ കേരളക്കരയാകെ നെഞ്ചേറ്റിയെന്നും, അതിനുദാഹരണമായി ഒരു സംഭവം ഉണ്ടായെന്നും ഗായത്രി പറഞ്ഞു.
ചേര്‍ത്തലയിലെ റിലീഫ് ക്യാമ്ബില്‍ ചെന്നപ്പോഴുള്ള അനുഭവമാണ് ഗായത്രി പങ്കുവെച്ചത്. എല്ലാം നഷ്ടപ്പെട്ട്, ജീവന് മാത്രം കൈമുതലാക്കി അവിടെ വന്നിട്ടുള്ള അഭയാര്‍ത്ഥികള്‍ തന്നെ കണ്ടപ്പോള്‍ എല്ലാം മറന്ന് ചിരിച്ചെന്നും ഗായത്രി പറഞ്ഞു.