Tuesday, September 11

അപ്രതീക്ഷിത ട്വിസ്റ്റുകളുമായി ഒരു പക്കാ ത്രില്ലർ | ഇമൈക്ക നൊടികൾ റിവ്യൂ

Google+ Pinterest LinkedIn Tumblr +

തട്ടുപൊളിപ്പൻ ഡയലോഗുകൾക്കും ആക്ഷൻ രംഗങ്ങൾക്കും പിന്നാലെ പോയിരുന്ന തമിഴ് സിനിമ മാറിചിന്തിക്കാൻ തുടങ്ങിയിട്ട് കുറച്ച് കാലമായി. അതുകൊണ്ടു തന്നെ ഇപ്പോൾ തമിഴ് ഇൻഡസ്ട്രിയിൽ നിന്നും പുറത്തിറങ്ങുന്ന ചിത്രങ്ങൾ ഏറെ ശ്രദ്ധ നേടുന്നു. ആ ഒരു നിരയിലേക്ക് അവർക്ക് ഉറച്ച വിശ്വാസത്തോടെ ചേർത്ത് വെക്കാവുന്ന ഒരു ചിത്രമാണ് നയൻ‌താര കേന്ദ്രകഥാപാത്രമായ ഇമൈക്ക നൊടികൾ. പേര് അന്വർത്ഥമാക്കുന്ന പോലെ തന്നെ ഒന്ന് കണ്ണ് ചിമ്മാൻ പോലും മറന്നു പോകുന്ന, പ്രേക്ഷകരെ പൂർണമായും പിടിച്ചിരുത്തുന്ന ഒരു ത്രില്ലർ തന്നെയാണ് ഇമൈക്ക നൊടികൾ. തമിഴിൽ ഈ അടുത്ത് ഇറങ്ങിയ ത്രില്ലർ ചിത്രങ്ങളിൽ ഒന്നെന്ന് പറഞ്ഞ് മാറ്റിനിർത്തേണ്ട ഒരു ചിത്രമല്ലിത്. ത്രില്ലും സസ്‌പെൻസും ആക്ഷനും ഇമോഷനുമെല്ലാം ഒത്തുചേർന്ന ഒരു പൂർണമായ ത്രില്ലർ തന്നെയാണിത്. ഡീമോന്റെ കോളനി എന്ന ആദ്യചിത്രം കൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ച അജയ് ജ്ഞാനമുത്തു തന്റെ രണ്ടാമത്തെ ചിത്രത്തിലും ആ മികവ് കൂടുതൽ അഴകാർന്നതാക്കിയിട്ടുണ്ട്.

Imaikka Nodigal Review
Imaikka Nodigal Review

മൂന്ന് മണിക്കൂറിന് അടുത്ത് ദൈർഘ്യം ഉണ്ടായിട്ട് പോലും പ്രേക്ഷകന് ആ ഒരു സമയത്തിന്റെ ഇഴച്ചിൽ ഒരിക്കൽ പോലും അനുഭവപ്പെടുവാൻ ചിത്രം അനുവദിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്. സ്ഥിരം കണ്ടുമറന്ന രംഗങ്ങൾ ഒന്നും തന്നെയില്ല എന്നതും ചിത്രത്തിന്റെ ഒരു പ്ലസ് പോയിന്റാണ്. അഞ്ജലി വിക്രമാദിത്യൻ എന്ന സി ബി ഐ ഓഫീസർ ഒരു സൈക്കോ കില്ലറെ പിടികൂടാനുള്ള പ്രയത്നത്തിലാണ്. തന്റെ പേര് രുദ്ര എന്നാണെന്നും പോലീസ് തന്നെ അഞ്ച് വർഷങ്ങൾക്ക് മുൻപ് കൊന്നതാണെന്ന് രേഖകളിൽ ഉണ്ടെന്നും അയാൾ വെളിപ്പെടുത്തുന്നു. രുദ്ര പിന്നീട് അഞ്ജലിയുടെയും അഞ്ജലിയുടെ കുടുംബത്തിന്റെയും പിന്നാലെ കൂടുന്നു. രുദ്രയുടെ ഭീഷണിക്കൊപ്പം തന്നെ തന്റെ സീനിയർ ഓഫീസറായ നാരായണന്റെ ഈഗോയെയും അഞ്ജലിക്ക് നേരിടേണ്ടി വരുന്നു. അർജുൻ, കൃതിക എന്നിവരുടെ പ്രണയവും ഇതോടൊപ്പം തന്നെ ചേർത്ത് വായിക്കുമ്പോളാണ് കഥയുടെ ഗതി മനസ്സിലാക്കുന്നത്. എന്തുകൊണ്ടാണ് രുദ്ര അഞ്ജലിയുടെ കുടുംബത്തിന് പിന്നാലെ പോകുന്നത് എന്നത് അഞ്ജലിയെപ്പോലെ തന്നെ പ്രേക്ഷകനേയും ഞെട്ടിക്കുന്നു.

Imaikka Nodigal Review
Imaikka Nodigal Review

കൊളമാവ്‌ കോകിലക്ക് ശേഷം തീയറ്ററുകളിൽ എത്തിയ ഈ ചിത്രത്തിലും നയൻ‌താര അഭിനന്ദനാർഹമായ പ്രകടനം തന്നെയാണ് കാഴ്‌ച വെച്ചിരിക്കുന്നത്. ലേഡി സൂപ്പർസ്റ്റാർ എന്ന തന്റെ പദവി ഇനി കൈ വിട്ടു പോവുകയില്ല എന്ന് നയൻ‌താര തന്റെ പ്രകടനത്തിലൂടെ ഉറപ്പ് തരുന്നുണ്ട്. തമിഴിലേക്കുള്ള തന്റെ അരങ്ങേറ്റം സൈക്കോ കില്ലറായി പ്രേക്ഷകരുടെ കൈയ്യടികൾ നേടി തന്നെയാണ് അനുരാഗ് കശ്യപ് നടത്തിയിരിക്കുന്നത്. അഥർവയും തന്റെ റോൾ ഒതുക്കത്തോടെയും പ്രേക്ഷകനെ മടുപ്പിക്കാത്ത രീതിയിലും കൈകാര്യം ചെയ്തിട്ടുണ്ട്. ആക്ഷൻ രംഗങ്ങളിലും ഇമോഷണൽ രംഗങ്ങളിലും അഥർവ തിളങ്ങിയിട്ടുണ്ട്. കൃതികയുടെ റോളിൽ റാഷി കൃത്യമായ കാസ്റ്റിംഗ് തന്നെയാണ്. ചെറുതെങ്കിലും തന്റെ കാമിയോ അപ്പിയറൻസിലൂടെ വിജയ് സേതുപതിയും കഥാഗതിയിൽ സാരമായ ഒരു സ്വാധീനം ചെലുത്തിയിട്ടുണ്ട്.

Imaikka Nodigal Review
Imaikka Nodigal Review

ഇമൈക്ക നൊടികൾ എന്ന ചിത്രം അത് എന്താണോ പ്രേക്ഷകനോട് സംവദിക്കുവാൻ ശ്രമിക്കുന്നത് അത് അതിന്റെ പൂർണതയിൽ തന്നെ ചെയ്‌തിട്ടുണ്ട്‌. അതിന് രാജശേഖർ എന്ന ക്യാമറാമാനും ഹിപ് ഹോപ് തമിഴ എന്ന സംഗീതജ്ഞനും വഹിച്ച പങ്കുകൾ വിസ്മരിക്കാനാവില്ല. എങ്കിൽ പോലും ദൈർഘ്യം അൽപം കൂടി ശ്രദ്ധിച്ചിരുന്നുവെങ്കിൽ ചിത്രം കൂടുതൽ മികച്ചത് ആയേനെ. അപ്രതീക്ഷിതമായ ട്വിസ്റ്റുകളും അടിമുടി ത്രില്ലടിപ്പിക്കുന്ന രംഗങ്ങൾ കൊണ്ടും സമ്പന്നമായ ഈ ചിത്രം ഒരിക്കലും കാണാതിരിക്കരുത്.

Share.

About Author

Leave A Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: