അച്ഛന്റെ പടത്തിന്റെ ടീസർ അച്ഛനിറക്കുമ്പോൾ മകന്റെ പടത്തിന്റെ ടീസർ മകനിറക്കുന്നു. ആകെ ഒരു കൺഫ്യൂഷൻ ഫീൽ ചെയ്യുന്നുവല്ലേ? കാര്യം സിമ്പിളാണ്. മോഹൻലാൽ നായകനായ പൃഥ്വിരാജ് ചിത്രം ലൂസിഫറിന്റെ ടീസർ നാളെ രാവിലെ 9 മണിക്ക് മമ്മൂക്ക റിലീസ് ചെയ്യുമ്പോൾ പ്രണവ് മോഹൻലാൽ നായകനായ അരുൺ ഗോപി ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ടീസർ വൈകിട്ട് 5 മണിക്ക് ദുൽഖർ സൽമാൻ റിലീസ് ചെയ്യുന്നു. പൃഥ്വിരാജിന്റെ പ്രഥമ സംവിധാനസംരംഭമായ ലൂസിഫറിന്റെ നിർമാണം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ്. മുരളി ഗോപിയുടേതാണ് തിരക്കഥ. മഞ്ജു വാര്യർ, ടോവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരൻ എന്നിങ്ങനെ മികച്ചൊരു താരനിര തന്നെ ഈ പൊളിറ്റിക്കൽ ത്രില്ലറിൽ അണിനിരക്കുന്നുണ്ട്. ബോളിവുഡ് താരം വിവേക് ഒബ്റോയ് ഒരു പ്രധാന വേഷവും ലൂസിഫറിൽ കൈകാര്യം ചെയ്യുന്നുണ്ട്.
രാമലീലക്ക് ശേഷം അരുൺ ഗോപി സംവിധാനം നിർവഹിക്കുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഒരു റൊമാന്റിക് അഡ്വെഞ്ചർ മൂവിയാണ്. അരുൺ ഗോപി തന്നെ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ നിർമാണം മുളകുപ്പാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപ്പാടമാണ്. പുതുമുഖം റേച്ചലാണ് നായിക. മനോജ് കെ ജയൻ, ഗോകുൽ സുരേഷ് എന്നിവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.