Tuesday, August 21

കണ്ണടച്ച് ടിക്കറ്റെടുക്കാം ഈ കണ്ണില്ലാത്ത പ്രണയത്തിന് | കാമുകി റിവ്യൂ

Google+ Pinterest LinkedIn Tumblr +

കവികൾ പാടിയതും കഥാകാരന്മാർ എഴുതിച്ചേർത്തതും കലാകാരന്മാർ ആടിയതും പാടിയതുമെല്ലാം എന്നും പ്രണയത്തേയും കാമുകിയേയും കുറിച്ചായിരുന്നു. പാടിയാൽ തീരാത്ത ഗാനം, എഴുതിയാൽ തീരാത്ത കവിത.. അതെല്ലാമായിരുന്നു അവർക്ക് പ്രണയവും കാമുകിമാരും. ഇതിഹാസ, സ്റ്റൈൽ എന്നീ ചിത്രങ്ങൾക്ക് ശേഷം ബിനു എസ് ഒരുക്കിയ ‘കാമുകി’യും അത്തരത്തിൽ ഒരു കവിതയാണ്. മറ്റൊരു തരത്തിൽ പറഞ്ഞാൽ സാധാരണക്കാരന് വ്യഖ്യാനങ്ങളുടെ ആവശ്യകത ഇല്ലാതെ മനസ്സിലാകുന്ന ഒരു കവിത. മുൻ ചിത്രങ്ങളിലേതുപോലെ തന്നെ വർണാഭമാണ് ബിനു എസിന്റെ ഈ ചിത്രവും. ഒരു പൈങ്കിളി പ്രണയകഥ എന്ന ഒരു ലെവലിലേക്ക് പോയേക്കാവുന്ന ഒരു കഥയെ അവിടെ നിന്നും ഏവർക്കും മാതൃകയാക്കാവുന്ന ഒരു തലത്തിലേക്ക് ഉയർത്തിയിരിക്കുകയാണ് സംവിധായകൻ. ഓരോ ചിത്രങ്ങളും കൊണ്ട് വിസ്‌മയിപ്പിക്കുന്ന ബിനു എസ് ശരിക്കും ഒരു പ്രേക്ഷകനായിട്ട് തന്നെയാണ് തന്റെ ചിത്രങ്ങൾ സംവിധാനം ചെയ്യുന്നത് എന്ന് തോന്നുന്നു. കാരണം പ്രേക്ഷകന് ആഗ്രഹിക്കുന്നത് ഓരോ സീനിലും പ്രതിഫലിക്കുന്നുണ്ട്.

Kamuki Movie Review

Kamuki Movie Review

സ്ത്രീ കേന്ദ്രീകൃതമായ ചിത്രങ്ങൾ മലയാളത്തിൽ കുറവാണെന്ന് പരാതിപ്പെടുമ്പോഴും അതിനിടയിൽ കുറെ നല്ല ചിത്രങ്ങൾ ഇറങ്ങുന്നുണ്ട്. അത്തരം സ്ത്രീകേന്ദ്രീകൃത ചിത്രങ്ങളിൽ മിക്കപ്പോഴും സംസാരിക്കുന്നത് അസാധാരണ രീതിയിൽ ജീവിതത്തിൽ വിജയം കുറിച്ച സാധാരണ സ്ത്രീകളെ കുറിച്ചാണ്. എന്നാൽ കാമുകി അവരിൽ നിന്നും വ്യത്യസ്ഥമാകുന്നത് ഇതിൽ പറയുന്ന സാധാരണക്കാരിയായ ഒരു പെൺകുട്ടിയുടെ സാധാരണജീവിതം മനോഹരമായി അവതരിപ്പിച്ചിരിക്കുന്നത് കൊണ്ടാണ്. അച്ചാമ്മയെ പോലൊരു സ്മാർട്ട് പെൺകുട്ടിയെ നമ്മുടെയെല്ലാം ഇടയിൽ കാണാം. ചിരിച്ചു കളിച്ച്, കുസൃതി തരങ്ങളും, തല്ലുകൊള്ളിതരങ്ങളും എല്ലാമുണ്ടെങ്കിലും ഏവരുടെയും പ്രിയങ്കരിയായ ഒരു പെൺകുട്ടി. കുട്ടിക്കാലത്തെ കുസൃതിത്തരങ്ങളും, കൗമാരത്തിലെ ആശങ്കകളും പിന്നീട് യുവത്വത്തിലേക്ക് കടക്കുമ്പോഴുള്ള അങ്കലാപ്പും ആഘോഷങ്ങളുമെല്ലാമായി ചിത്രത്തിൽ ഉടനീളം നിറഞ്ഞു നിൽക്കുന്നത് നമ്മുടെ അച്ചാമ്മ എന്ന കാമുകി തന്നെയാണ്. ഇത്തരത്തിൽ ഒരു പെങ്കൊച്ചിനെയാണ് ഒരു യുവാവും തേടുന്നതും. തിരിച്ചറിവിന്റെ ഒരു നിമിഷം മുതൽ അച്ചാമ്മയെ പോലൊരു പെൺകുട്ടി മതിയെന്ന് ഉറപ്പിക്കുകയും ചെയ്യും. മഹേഷേട്ടന്റെ ജിംസിയും സൺ‌ഡേ ഹോളിഡേയിലെ അനുവും തൃശൂരിന്റെ സ്വന്തം ഭഗീരഥിയുമെല്ലാം കൂടിച്ചേർന്ന ഒരാൾ… അതാണ് അപർണ ബാലമുരളിയുടെ അച്ചാമ്മ. ഈ ചിത്രം ഇനി അറിയപ്പെടാൻ പോകുന്നതും അപർണയുടെ പേരിൽ തന്നെയാണ്. ചിത്രത്തിന്റെ തുടക്കത്തിലെ ചില ഡയലോഗുകളും മറ്റും പ്രേക്ഷകന്റെ മുഖത്ത് ഒരു ചമ്മൽ കൊണ്ടുവരുമെങ്കിലും ഒരു കൗമാരക്കാരിയുടെ കൗതുകങ്ങൾ ആയിട്ട് അതിനെ കരുതിയാൽ മതി.

Kamuki Movie Review

Kamuki Movie Review

ഹണി ബീ 2.5, ചെമ്പരത്തിപ്പൂ എന്നീ ചിത്രങ്ങൾക്ക് ശേഷം അസ്കർ അലി നായകനാകുന്ന കാമുകിയിൽ കാമുകന് താരതമ്യേന റോൾ കുറവാണെങ്കിലും തന്റേതായ ഭാഗം മനോഹരമാക്കാൻ അസ്‌കർ അലിക്ക് സാധിച്ചിട്ടുണ്ട്. ഹരിയെന്ന അന്ധനായ യുവാവിനെ അവതരിപ്പിക്കുന്നതിൽ വിജയിച്ച അസ്‌കർ അലിക്ക് പ്രത്യേക അഭിനന്ദനങ്ങൾ. കരിയറിന്റെ തുടക്ക കാലഘട്ടത്തിൽ തന്നെ ഇത്തരത്തിൽ വെല്ലുവിളി നിറഞ്ഞ ഒരു കഥാപാത്രം ലഭിച്ചത് അസ്കറിന് കരിയർ ഗ്രാഫ് ഉയർത്താൻ ഏറെ സഹായിക്കും. അന്ധനാണെങ്കിലും ഒരിക്കലും അതിന്റെതായ ഒരു സഹതാപം ആ കഥാപാത്രത്തോട് പ്രേക്ഷകന് തോന്നുകയില്ല. അവതരണത്തിലെ ഒരു രസികത തന്നെയാണ് അതിന് കാരണം. കോമഡി രംഗങ്ങൾ അസ്കറിന് പ്രണയരംഗങ്ങൾ പോലെ തന്നെ വഴങ്ങുന്നുമുണ്ട്. അതിലെല്ലാം ഉപരി ആ കഥാപാത്രം നെഞ്ചോട് ചേർത്ത് വെക്കുന്ന ചില സത്യങ്ങളും മൂല്യങ്ങളുമുണ്ട്. അവ ഓരോ പ്രേക്ഷകനും സ്വജീവിതത്തിൽ പ്രാവർത്തികമാക്കാവുന്നതുമാണ്. ചിരിപ്പിച്ചും നൊമ്പരപ്പെടുത്തിയും ജാഫർ എന്ന കഥാപാത്രത്തെ മനോഹരമാക്കിയ ഡെയ്ൻ എന്ന കലാകാരൻ തീർച്ചയായും മലയാളസിനിമക്ക് ഒരു ഭാവി വാഗ്‌ദാനം തന്നെയാണ്. ഇത്തരത്തിലുള്ള ഒരു മുഴുനീള റോൾ ആ കലാകാരന് സമ്മാനിച്ച സംവിധായകനും കൂട്ടർക്കും അഭിനന്ദനങ്ങൾ. ഏറെ ചിരിപ്പിച്ച മറ്റൊരാളാണ് പ്യൂൺ ജെയിംസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഡോക്ടർ റൂണി. മാസ്സ് എൻട്രിയും ചായ കൊടുക്കലും പ്രണയവുമെല്ലാമായി അദ്ദേഹം ഏറെ ചിരിപ്പിച്ചു. തൊണ്ടിമുതലും ദൃക്‌സാക്ഷിയും ഫെയിം സിബിസാറും, ബൈജുവും, കോട്ടയം പ്രദീപും, ബിനു അടിമാലിയും മറ്റെല്ലാവരും തന്നെ അവരുടെ കഥാപാത്രങ്ങളെ മനോഹരമാക്കിയിട്ടുണ്ട്.

Kamuki Movie Review

Kamuki Movie Review

കാമുകിയെ ഏറെ മനോഹരിയും പ്രിയങ്കരിയുമാക്കിയിരിക്കുന്നത് ചിത്രത്തിന്റെ തിരക്കഥ തന്നെയാണ്. രണ്ടാം പകുതിയിലാണ് ചിത്രത്തിന്റെ ജീവൻ മുഴുവൻ. തകർപ്പൻ ക്ലൈമാക്സ് കൂടിയായപ്പോൾ കാമുകി കൂടുതൽ സുന്ദരിയായി. ഇത്തരത്തിൽ സീരിയസ് ആയ ഒരു സബ്ജക്‌ട് ഇത്ര രസാവഹമായ അവതരിപ്പിക്കുന്നതിൽ സംവിധായകൻ കൂടിയായ ബിനു എസിന്റെ തിരക്കഥക്കുള്ള പങ്ക് ചെറുതല്ല. റോവിൻ ഭാസ്കറിന്റെ കളർഫുൾ ക്യാമറ വർക്കുകളും ഗോപി സുന്ദറിന്റെ സംഗീതവും കൂടിയായപ്പോൾ ചിത്രം പ്രേക്ഷകരെ ഒട്ടും മുഷിപ്പിച്ചില്ല. ‘പ്രേമത്തിന് കണ്ണില്ലാ സ്നേഹിതാ..’ എന്ന ടാഗ്‌ലൈനിനോട് ചേർത്ത് ഒന്ന് കൂടി പറയാം കണ്ണടച്ച് ടിക്കറ്റെടുക്കാം ഈ കണ്ണില്ലാത്ത പ്രണയത്തിന്…!

Share.

About Author

Leave A Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: