Tuesday, September 11

നഷ്ടപ്പെടുത്തലുകളിലും കാത്തുവെച്ചൊരു പ്രത്യാശയുടെ കഥ | മൈ സ്റ്റോറി റീവ്യൂ

Google+ Pinterest LinkedIn Tumblr +

മൈ സ്റ്റോറി എന്ന ടൈറ്റിൽ കേൾക്കുമ്പോൾ തന്നെ മലയാളികളുടെ മനസ്സിലേക്ക് ഓടിയെത്തുന്ന ഒരു മുഖമുണ്ട്…. കമല സുരയ്യയെന്ന മാധവിക്കുട്ടി. പ്രണയത്തിലെ വിപ്ലവത്തെ ലോകത്തിന് തന്റെ രചനകളിലൂടെയും ജീവിതത്തിലൂടെയും കാണിച്ചു കൊടുത്ത എഴുത്തുകാരി. കോസ്റ്റ്യൂം ഡിസൈനർ റോഷ്നി ദിനകർ ആദ്യമായി സംവിധായകയുടെ വേഷമണിഞ്ഞ മൈ സ്റ്റോറിയും അത്തരത്തിൽ ഒരു പ്രണയഗാഥ തന്നെയാണ് അവതരിപ്പിക്കുന്നത്. കണ്ടുമുട്ടലിന്റെയും നെയ്തു കൂട്ടിയ സ്വപ്നങ്ങളുടെയും സ്വന്തമാക്കലുകളുടെയും പ്രണയകഥ.

My Story Review

My Story Review

ലോകമറിയുന്ന ഒരു നടനായി തീരണമെന്ന സ്വപ്നവുമായിട്ടാണ് ജയ് എന്ന യുവാവ് സുഹൃത്ത് സിദ്ദുവിനൊപ്പം സംവിധായകന്മാരുടെ പിന്നാലെ നടക്കുന്നത്. തന്റെ വാക്‌സാമർഥ്യം കൊണ്ട് ഒരു നായകവേഷം നേടിയെടുക്കുന്ന ജയ്ക്ക് തന്റെ നായികയും ഇന്ത്യയൊട്ടാകെ അറിയപ്പെടുന്ന പ്രശസ്ത നടിയുമായ താരയോട് ആദ്യനോട്ടത്തിൽ തന്നെ അറിയാതെ ഒരു ഇഷ്ടം ഉടലെടുക്കുന്നു. ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി എല്ലാവരും പോർച്ചുഗലിലെ ലിസ്ബണിലേക്ക് പോകുന്നു. അവിടെ അവരെ വരവേൽക്കുന്നത് ചിത്രത്തിന്റെ നിർമാതാവ് ഡേവിഡും ഒപ്പം ജയ്, താര എന്നിവരെ നിരാശപ്പെടുത്തുന്ന ഒരു വാർത്തയുമാണ്. പിന്നീട് നടക്കുന്ന സംഭവവികാസങ്ങൾ രണ്ടു കാലഘട്ടങ്ങളിൽ നിന്ന് നോക്കിക്കാണുകയാണ് ചിത്രത്തിൽ. എന്ന് നിന്റെ മൊയ്‌ദീൻ എന്ന ചിത്രത്തിന് ശേഷം പൃഥ്വിരാജ് – പാർവതി ജോടി വീണ്ടുമൊന്നിക്കുന്ന ചിത്രമെന്ന നിലയിൽ റിലീസിന് മുന്നേ ചിത്രം ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. പ്രണയവും വിരഹവും മനോഹരമായി അവതരിപ്പിക്കുവാൻ പൃഥ്വിരാജിന്റെ കഴിവ് വീണ്ടും തെളിയിക്കപ്പെട്ടിരിക്കുകയാണ് ജയ് എന്ന കഥാപാത്രത്തിലൂടെ. താരയായും ഹിമയായും പാർവതിയും മികച്ച അഭിനയമുഹൂർത്തങ്ങൾ പ്രേക്ഷകർക്ക് പങ്കു വെക്കുന്നു.

My Story Review

My Story Review

ഡേവിഡെന്ന സുന്ദരനായ വില്ലനായി അത്ഭുതപ്പെടുത്തിയ ഗണേഷ് വെങ്കട്ടരാമനാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. സിദ്ദുവായിയെത്തിയ അരുൺ നാരായണനും നല്ലൊരു പ്രകടനമാണ് കാഴ്ച്ച വെച്ചത്. മനോജ് കെ ജയൻ, മണിയൻ പിള്ള രാജു, നാസർ, നന്ദു തുടങ്ങിയവരും അവരുടെ റോളുകൾ മനോഹരമാക്കി തീർത്തു. പ്രേക്ഷകർ കണ്ടു തഴമ്പിച്ച പല ക്ലീഷേകളും ചിത്രത്തിൽ ഉടനീളം കാണാമെന്നത് ആസ്വാദനത്തെ സാരമായി ബാധിക്കുന്നതാണ്. ഡയലോഗുകളിലും അത്തരത്തിൽ ഒരു ബുദ്ധിമുട്ട് പ്രേക്ഷകന് അനുഭവപ്പെടുന്നുണ്ട്.

My Story Review

My Story Review

നടനും സംവിധായകനും എഴുത്തുകാരനുമായ ശങ്കർ രാമകൃഷ്ണന്റേതാണ് തിരക്കഥ. ആഴമാർന്ന കഥയാണെങ്കിലും പ്രേക്ഷകനെ പൂർണമായും ആകർഷിക്കത്തക്ക ഘടകങ്ങൾ കുറവാണ് ചിത്രത്തിലെന്ന് തീയറ്ററുകളിലെ മുറുമുറുപ്പുകൾ പറയാതെ പറയുന്നുണ്ട്. ഡൂഡ്ലി, വിനോദ് പെരുമാൾ എന്നിവരുടെ ക്യാമറ വർക്കുകൾ ഷാൻ റഹ്മാന്റെ സംഗീതവുമായി ഇഴചേർന്നപ്പോൾ അതൊരു വേറിട്ട അനുഭവം തന്നെ സൃഷ്ടിച്ചിട്ടുണ്ട്. പ്രിയങ്ക് പ്രേംകുമാറിന്റെ എഡിറ്റിങ്ങും അഭിനന്ദനം അർഹിക്കുന്നു. ഏതു സ്ഥലത്തും ഏതു കാലഘട്ടത്തിലും സംഭവിക്കാവുന്ന ഒരു പ്രണയ കഥ തന്നെയാണ് മൈ സ്റ്റോറി.

Share.

About Author

Leave A Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: