Sunday, September 9

പ്രണയമുണ്ട്…പ്രതിഷേധമുണ്ട്…വിപ്ലവവുമുണ്ട്.. | ഓറഞ്ച് വാലി റിവ്യൂ വായിക്കാം

Google+ Pinterest LinkedIn Tumblr +

മലയാളിയുടെ രക്തത്തിൽ അവർ പോലും അറിയാതെ നിറഞ്ഞു നിൽക്കുന്ന ഒരു കമ്മ്യൂണിസ്റ്റ് ഉണ്ട്. പോരാടാനുറച്ച മനസ്സുള്ള, എന്തിനേയും നേരിടാൻ ചങ്കുറപ്പുള്ള ഒരു കമ്മ്യൂണിസ്റ്റ്. കമ്മ്യൂണിസത്തിന്റെ ആശയങ്ങളും ആദർശങ്ങളും മലയാളികൾക്ക് ഇടയിൽ വിത്തുപാകുന്ന കാലത്ത് നടക്കുന്ന മൂന്നാറിന്റെ വശ്യതയിൽ ഉരുത്തിരിഞ്ഞ ഒരു പ്രണയത്തിന്റെയും വിവാഹത്തിന്റെയും ചില കാഴ്ചകളാണ് ഓറഞ്ച് വാലി എന്ന ചിത്രത്തിലൂടെ R K ഡ്രീംവെസ്റ്റ് എന്ന സംവിധായകൻ കോറിയിടുന്നത്. ഹോളിവുഡിലെ ദീർഘകാലത്തെ അനുഭവസമ്പത്തുമായാണ് അദ്ദേഹം ഓറഞ്ച് വാലിയിൽ എത്തിയിരിക്കുന്നത്. കമ്മ്യൂണിസവും നക്സലിസവും വേർതിരിച്ചറിയുവാൻ മലയാളികൾ ഏറെ ബുദ്ധിമുട്ടിയിരുന്ന ഒരു കാലഘട്ടത്തിലേക്കാണ് സംവിധായകൻ പ്രേക്ഷകനെ കൂട്ടിക്കൊണ്ടുപോകുന്നത്. അതോടൊപ്പം തന്നെ എല്ലാ പ്രണയങ്ങളും വിജയിക്കാറില്ല എന്ന സത്യവും കൂടി പ്രേക്ഷകനെ സംവിധായകൻ ഓർമിപ്പിക്കുന്നു.

Orangevalley Review

Orangevalley Review

മൂന്നാർ മലനിരകളിലെ ഒരു എസ്റ്റേറ്റ് മുതലാളിയാണ് ആനന്ദ്. അയാൾ താമസിക്കുന്നിടത്തുള്ള ഒരു ഹോട്ടലിലെ ജീവനക്കാരിയായ സോഫിയ എന്ന പെൺകുട്ടിയുമായി ആനന്ദ് പ്രണയത്തിലാകുന്നു. പക്ഷേ കാലം അവരെ ഒന്നിപ്പിക്കുന്നില്ല. സോഫിയയെ അവളുടെ സുഹൃത്ത് സ്റ്റീഫൻ വിവാഹം കഴിക്കുകയും ആനന്ദ് അയാളുടെ മുറപ്പെണ്ണായ മീരയെ വിവാഹം കഴിക്കുകയും ചെയ്യുന്നു. അവരുടെ ജീവിതം സന്തോഷപൂർണമായി മുന്നേറുമ്പോഴാണ്‌ ‘ആശയങ്ങൾ’ വില്ലന്റെ രൂപത്തിൽ വന്നു ചേരുന്നത്. നിരക്ഷരനായ സ്റ്റീഫൻ തന്റെ മകളുടെ സഹായത്താൽ പുസ്തകങ്ങൾ വായിക്കുകയും കമ്യൂണിസ്റ്റ് ആശയങ്ങൾക്ക് അധീനനാവുകയും ചെയ്യുന്നു. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയും ദാസ് ക്യാപിറ്റലുമെല്ലാം സ്റ്റീഫന് വായിക്കുവാൻ കൊടുത്ത് രവീന്ദ്രൻ മാഷും സ്റ്റീഫനിലെ കമ്മ്യൂണിസ്റ്റിനെ ഉണർത്തുന്നു. തേയിലത്തോട്ടത്തിലെ തൊഴിലാളികളുടെ സമരമുഖത്ത് സ്റ്റീഫനെ ആ ആശയങ്ങൾ എത്തിക്കുന്നു. അതിനിടയിൽ ആനന്ദ് ഒരു ഐ പി എസ് ഓഫീസർ കൂടിയാകുന്നു. ഇരുവരും വീണ്ടും കണ്ടുമുട്ടുന്നതോട് കൂടി കഥ ഒരു U ടേൺ എടുക്കുന്നു. പിന്നീട് നടക്കുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.

Orangevalley Review

Orangevalley Review

എന്റെ ഹൃദയത്തിന്റെ വടക്ക് കിഴക്കേ അറ്റത്ത് എന്ന ഷോർട്ട് ഫിലിമിലെ വൈദികവിദ്യാർത്ഥിയുടെ വേഷത്തിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ ബിപിൻ മത്തായി തന്നെയാണ് ചിത്രത്തിലെ ഒരു സ്റ്റാർ കാസ്റ്റ് ആയിട്ടുള്ളത്. ആകാരവടിവ് കൊണ്ട് ഒരു പോലീസുകാരനുള്ള എല്ലാ ലുക്കും അദ്ദേഹത്തിനുണ്ട്. എങ്കിലും ഒരു പുതുമുഖ നടന്റേതായ ഏറ്റക്കുറച്ചിലുകൾ അഭിനയത്തിൽ ദർശിക്കുന്നുണ്ട്. അതുപോലെ തന്നെ മൂന്നാർ സ്റ്റീഫനെ അവതരിപ്പിച്ച ദിപുലും അഭിനന്ദങ്ങൾ അർഹിക്കുന്നു. സോഫിയയുടെ റോൾ മനോഹരമാക്കിയ വന്ദിതയും മീരയെ അവതരിപ്പിച്ച അലയുമാണ് കഥയെ മുന്നോട്ട് നയിക്കുന്നത്. ഒരു കൂട്ടം ചെറുപ്പക്കാർക്ക് മലയാളസിനിമയിലേക്ക് ധൈര്യപൂർവം നടന്നുകയറാവുന്ന ഒരു ചവിട്ടുപടി തന്നെയാണ് ഓറഞ്ച് വാലി എന്ന ചിത്രത്തിലൂടെ നിർമിച്ചിരിക്കുന്നത്. വരും കാലങ്ങളിൽ മലയാളസിനിമയുടെ മുഖങ്ങളായി ഇവരുമുണ്ടാകും.

Orangevalley Review

Orangevalley Review

സംവിധായകൻ R K ഡ്രീംവെസ്റ്റ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും തയ്യാറാക്കിയിരിക്കുന്നത്. സംഭാഷണങ്ങളിലെ ഒരു പോരായ്മ മാറ്റി നിർത്തിയാൽ പ്രേക്ഷകനെ അവന്റെ ആസ്വാദനതലത്തെ പരീക്ഷിക്കാത്ത ഒരു ചിത്രം തന്നെയാണ് ഓറഞ്ച് വാലി. രാഷ്ട്രീയവും പ്രണയവും കുടുംബബന്ധങ്ങളും കമ്മ്യൂണിസ്റ്റ് ആശയങ്ങളുമെല്ലാമായി പ്രേക്ഷകരിലേക്കെത്തിയ ഓറഞ്ച് വാലിയെ ഏറ്റവും മനോഹരമായിട്ട് തന്നെ ഒപ്പിയെടുക്കുവാൻ സിനിമാറ്റൊഗ്രാഫർ നിതിൻ കെ രാജിന് സാധിച്ചിട്ടുണ്ട്. ഹൃതിക് എസ് ചാന്ദിന്റെ സംഗീതവും അതോടൊപ്പം കൈയ്യടി നേടുന്നു. ഓറഞ്ച് വാലി ഇന്നലെകളുടെ കഥ പറഞ്ഞ് നാളത്തേക്കുള്ള പ്രതിഭകളെ സമ്മാനിച്ച ചിത്രമാണ്. പ്രേക്ഷകരാണ് ഇനി ഇവരെ വളർത്തേണ്ടത്. വിപ്ലവവും പ്രണയവും ഒരേപോലെ ഇഷ്ടപ്പെടുന്ന പ്രേക്ഷകർ.

Share.

About Author

Leave A Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: