കേരളം മറ്റൊരു പ്രളയത്തെ നേരിടുമ്പോൾ ദുരിതബാധിതരെ ഉദാരമായി സഹായിക്കാൻ ചലച്ചിത്ര താരങ്ങളും മുന്നിട്ടു നിൽക്കുന്നുണ്ട്. ജന്മനാടായ വയനാട്ടിലാണ് സണ്ണിവെയിൻ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത്. മഴ ഏറ്റവും അധികമായി ബാധിച്ച വയനാട്ടിൽ തനിക്ക് കഴിയുന്ന സഹായങ്ങൾ എല്ലാം ചെയ്തു നാട്ടുകാർക്കൊപ്പം നിൽക്കുകയാണ് സണ്ണി വെയിൻ. പുതിയ അറിയിപ്പുകളും ബോധവൽക്കരണവും എല്ലാം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചുകൊണ്ട് താരം അവിടെയും സജീവമാണ്.
സംസ്ഥാനത്ത് ഉരുൾപ്പൊട്ടലിൽ ഏറ്റവുമധികം ദുരിതം നേരിട്ട കവളപ്പാറയിലേക്ക് കാഴ്ചക്കാരായി ആളുകൾ വരുന്നതിനെ വിമർശിച്ച് സണ്ണി വെയ്ൻ രംഗത്തെത്തിയിരുന്നു. ഉരുൾപൊട്ടൽ കാണാനെത്തുന്ന ആളുകളുടെ തിരക്ക് മൂലം രക്ഷാപ്രവർത്തനങ്ങൾക്ക് തടസ്സമാകുന്നുണ്ട് എന്നും കാഴ്ചക്കാരായി ആരും അങ്ങോട്ടേക്ക് പോകരുതെന്നും സണ്ണി വെയിൻ പറയുന്നു. വെള്ളപ്പൊക്കവും ഉരുൾപ്പൊട്ടലും ഏറെ നാശം വിതച്ച മലബാർ മേഖലയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി സജീവമാണ് താരം.