ഈദ് റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ മമ്മൂട്ടി ചിത്രമാണ് ഉണ്ട. കസബ, അബ്രഹാമിന്റെ സന്തതികൾ എന്ന ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി പോലീസ് വേഷത്തിലെത്തുന്ന ചിത്രമാണിത്. അനുരാഗ കരിക്കിൻ വെള്ളത്തിന് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ഹർഷാദ് ആണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. ഒരു സോഷ്യോ പൊളിറ്റിക്കൽ മൂവിയായ ഉണ്ട പത്തുകോടിക്ക് പുറമേ നിർമ്മാണച്ചിലവ് ഉള്ള ഒരു ചിത്രമാണ് . ചിത്രത്തിൽ മമ്മൂട്ടിയ്ക്കൊപ്പം ഒരു കൂട്ടം യുവ താരങ്ങളും അഭിനയിക്കുന്നുണ്ട്.
കേരളത്തിലും ഛത്തീസ്ഗഡിലും ആയിട്ടാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്. ദങ്കൽ, ബജ്റംഗി ഭായ്ജാൻ,കൃഷ് 3 എന്നീ ചിത്രങ്ങളുടെ ആക്ഷൻരംഗങ്ങൾ ഒരുക്കിയ ശ്യാം കൗശലാണ് ഉണ്ടയുടെ ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്. ചിത്രത്തിലെ ആക്ഷൻ രംഗങ്ങളെ കുറിച്ച് ഒരു അഭിമുഖത്തിൽ അദ്ദേഹം മനസ്സ് തുറക്കുകയുണ്ടായി. 22 വർഷങ്ങൾക്ക് ശേഷമാണ് മമ്മൂട്ടിയോടൊപ്പം പ്രവർത്തിക്കുന്നതെങ്കിലും അദ്ദേഹത്തിന്റെ എനർജി ഇന്നും പഴയതുപോലെ ഉണ്ടെന്നും ചിത്രത്തിലെ എല്ലാ ആക്ഷൻ രംഗങ്ങളും മമ്മൂട്ടി ഡ്യൂപ്പിനെ ഉപയോഗിക്കാതെ സ്വയം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.