മമ്മൂട്ടി നായകനാകുന്ന ബ്രഹ്മാണ്ഡചിത്രം കേരളചരിത്രത്തിൽ ഭാരതപ്പുഴയുടെ തീരങ്ങളിൽ നടന്നുവെന്ന് പറയപ്പെടുന്ന മാമാങ്കത്തിന്റെ ഏടുകളിൽ ഊന്നിയുള്ള ഈ ചിത്രം സംവിധാനം ചെയ്യുന്നത് ജോസഫ് ഒരുക്കിയ എം പത്മകുമാറാണ്. കാവ്യ ഫിലിംസിന്റെ ബാനറിൽ വേണു കുന്നപ്പള്ളി ആണ് ചിത്രത്തിന്റെ നിർമ്മാതാവ്.50 കോടിയോളം ബഡ്ജറ്റ് വരുന്ന ചിത്രത്തിനുവേണ്ടി പടുകൂറ്റൻ സെറ്റാണ് ഒരുക്കുന്നത്. എറണാകുളത്ത് 10 ഏക്കറിന് മുകളിൽ വരുന്ന സെറ്റിൽ ഇപ്പോൾ ഷൂട്ടിങ്ങ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ് .അഞ്ചു കോടിക്കു മുകളിൽ ചില വന്ന ഈ സെറ്റ് ആയിരത്തിന് മുകളിൽ തൊഴിലാളികൾ ചേർന്നാണ് നിർമിച്ചത്.
നെട്ടൂരിൽ 18 ഏക്കർ നീളുന്ന വമ്പൻ സെറ്റ് യുദ്ധ രംഗങ്ങൾ ഷൂട്ട് ചെയ്യാൻ ഉപയോഗിച്ചിരുന്നു. 10 ടൺ സ്റ്റീൽ,2000 ക്യൂബിക് മീറ്റർ തടി എന്നിവ പഴയ മാമാങ്കം കാലഘട്ടത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന സെറ്റിംഗ് വേണ്ടി ഉപയോഗിച്ചിട്ടുണ്ട്. ഒരുപക്ഷേ ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ സെറ്റുകളിൽ ഒന്നായിരിക്കും ഇത്. കണ്ണൂർ,ഒറ്റപ്പാലം, എറണാകുളം, വാഗമൺ എന്നീ ലൊക്കേഷനുകളിലായി നാല് ഷെഡ്യൂളുകൾ ആണ് ഇതുവരെ പൂർത്തിയായത്. ദങ്കൽ, ബജ്റംഗി ഭായ്ജാൻ,കൃഷ് 3 എന്നീ ചിത്രങ്ങളുടെ ആക്ഷൻരംഗങ്ങൾ ഒരുക്കിയ ശ്യാം കൗശലാണ് ചിത്രത്തിലെ സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്. മമ്മൂട്ടിയെ കൂടാതെ ഉണ്ണിമുകുന്ദൻ,അനുസിത്താര തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്. ചിത്രത്തിൽ മമ്മൂട്ടി 4 ഗെറ്റപ്പുകളിലാണ് പ്രത്യക്ഷപ്പെടുക. മലയാള പ്രേക്ഷകർക്കും മമ്മൂട്ടി ആരാധകർക്കും ആഘോഷിക്കാൻ പാകത്തിനുള്ള ഒരു ചിത്രം തന്നെയായിരിക്കും മാമാങ്കം എന്നത് ഉറപ്പ്.