ബ്ലെസി സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രമാണ് ആടുജീവിതം. ചിത്രത്തിന്റെ ഭാഗമായി പൃഥ്വിരാജ് തന്റെ ശരീരഭാരം കുറയ്ക്കുകയും താടി വളർത്തുകയും ഇപ്പോൾ കേരളത്തിൽ നിന്ന് വിട്ടുനിൽക്കുകയുമാണ്. കൊവിഡ് 19 ലോകത്താകെ പടർന്ന് പിടിക്കുന്ന ഈ വേളയിൽ പൃഥ്വിരാജിനോട് സുരക്ഷിതനായി തിരിച്ചെത്തണം എന്ന് താരങ്ങൾ അറിയിച്ചിരുന്നു. ‘ആടുജീവിത’ത്തിൽ അഭിനയിക്കുന്ന പ്രമുഖ ഒമാൻ നടൻ ഡോ. താലിബ് അൽ ബലൂഷി കോവിഡ് 19 രോഗത്തിന്റെ മുൻകരുതൽ നടപടിയുടെ ഭാഗമായി ജോർദാനിലെ ഹോട്ടലിൽ ഹോം ക്വാറന്റീനിൽ ആണ് എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. പൃഥ്വിരാജും മറ്റ് സഹപ്രവർത്തകരും സുരക്ഷിതരാണെന്ന റിപ്പോർട്ടുകളും അറിയുവാൻ സാധിക്കുന്നുണ്ട്. ആശങ്കപ്പെടാൻ ഒന്നുമില്ലെന്നും സിനിമയുടെ ചിത്രീകരണം മുൻപോട്ടു പോകുന്നുണ്ടെന്നും അണിയറപ്രവർത്തകർ ഇതിനോടകം അറിയിച്ചു കഴിഞ്ഞു.
രോഗബാധയുടെ പകർച്ചയുടെ ഭാഗമായി വിദേശത്തുനിന്നും ജോർദാനിലേക്ക് എത്തുന്ന ആളുകളെ 14 ദിവസത്തേക്ക് നിരീക്ഷണത്തിനു വയ്ക്കുന്ന ഒരു പ്രക്രിയ ഉണ്ട്. ഇതിന്റെ ഭാഗമായിട്ടാണ് ഡോ. താലിബിനെയും നിരീക്ഷണത്തിലാക്കിയത്. അദ്ദേഹം ഉൾപ്പെടാതെ സീനുകളാണ് ഇപ്പോൾ ചിത്രീകരിക്കുന്നത്. ജോർദാനിൽ ഇതുവരെ കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ ഡോക്ടർ താലിബ് എത്തിയത് വയറസ് സ്ഥിരീകരിച്ച ഒമാനിൽ നിന്നും ആയിരുന്നു. അതുകൊണ്ടാണ് അദ്ദേഹത്തെ നിരീക്ഷണത്തിൽ വച്ചിരിക്കുന്നത്. മാർച്ച് ആദ്യ ആഴ്ചയാണ് ‘ആടുജീവിത’ത്തിന്റെ ചിത്രീകരണം വാദി റും എന്ന സംരക്ഷിത മരുഭൂമി മേഖലയിൽ ആരംഭിച്ചത്.