സിനിമയില്‍ നിന്ന് നീണ്ട ഇടവേളയെടുക്കാന്‍ ബോളിവുഡ് താരം ആമിര്‍ ഖാന്. ഇനിയുള്ള കുറച്ചു കാലം അമ്മയ്ക്കും മക്കള്‍ക്കുമൊപ്പം സമയം ചെലവഴിക്കാനാണ് ആഗ്രഹമെന്ന് ആമിര്‍ ഖാന് പറഞ്ഞു. ഇതോടൊപ്പം നല്ല സിനിമകള്‍ നിര്‍മിക്കുമെന്നും ആമിര്‍ ഖാന് വ്യക്തമാക്കി. നീണ്ട ഇടവേളയ്ക്ക് ശേഷം ആമിര്‍ ഖാന്റേതായി തീയറ്ററുകളില്‍ എത്തിയ ചിത്രമായിരുന്നു ലാല്‍ സിംഗ് ഛദ്ദ. എന്നാല്‍ വേണ്ട രീതിയില്‍ ചിത്രത്തിന് തിളങ്ങാനായില്ല. ഇതിന് പിന്നാലെയാണ് സിനിമയില്‍ നിന്ന് നീണ്ട ഇടവേളയെടുക്കുകയാണെന്ന് താരം പ്രഖ്യാപിച്ചത്.
കഴിഞ്ഞ 35 വര്‍ഷമായി താന്‍ ജോലി ചെയ്യുകയാണ്. മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കാതെ തന്റെ വര്‍ക്കില്‍ മാത്രമായിരുന്നു ഫോക്കസ് ചെയ്തിരുന്നത്. എന്നാല്‍ തന്റെ ഉറ്റവരെ സംബന്ധിച്ചിടത്തോളം അത് ഒട്ടും പ്രായോഗികമായിരുന്നില്ല. അവരുമായി ഒന്നിച്ചുനില്‍ക്കേണ്ട സമയം വന്നിരിക്കുന്നു. ഇനിയുള്ള കുറച്ച് വര്‍ഷങ്ങള്‍ നടനെന്ന നിലയില്‍ തന്നെ കാണില്ല. തന്നെ സ്നേഹിക്കുന്നവര്‍ക്ക് ഇത് വിഷമകരമാവാം എന്നും ആമിര്‍ പറഞ്ഞു.
തന്റെ സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിക്കുന്നതിന്റെ പുറകേയുള്ള ഓട്ടത്തിലായിരുന്നു തന്റെ ജീവിതം. ഈ യാത്രയില്‍ തന്റെ പ്രിയപ്പെട്ടവരെ വേണ്ട രീതിയില്‍ പരിഗണിക്കാനായില്ല. തന്റെ മാതാപിതാക്കള്‍, സഹോദരങ്ങള്‍, മക്കള്‍ എന്നിവര്‍ക്കൊന്നും വേണ്ടത്ര സമയം നല്‍കാനായില്ല. തന്റെ മകള്‍ക്ക് 23 വയസായി. കുട്ടിക്കാലം മുതല്‍ അവളുടെ ജീവിതത്തില്‍ തന്റെ സാന്നിധ്യം ഉണ്ടായിട്ടില്ല. അവള്‍ക്ക് അവളുടേതായ ആകുലതകളും വിഷമങ്ങളും ഉണ്ടായിരുന്നു. അപ്പോഴൊന്നും അവള്‍ക്ക് താനുണ്ടായിരുന്നില്ല. ഇപ്പോള്‍ തനിക്കത് മനസിലാകുന്നുണ്ടെന്നും ആമിര്‍ ഖാന് പറഞ്ഞു.