കോഴിക്കോടൻ സംസാരശൈലിയുമായി മലയാള സിനിമയിൽ കോമഡി രംഗത്ത് തന്റേതായ ഒരു സ്ഥാനം പടുത്തുയർത്തിയ താരമാണ് ഹരീഷ് പെരുമണ്ണ. മഴവിൽ മനോരമയിലെ കോമഡി റിയാലിറ്റി ഷോയായ കോമഡി ഫെസ്റ്റിവലിൽ ജാലിയൻ കണാരൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിലൂടെയാണ് ഹരീഷിന് ഹരീഷ് കണാരൻ എന്ന പേര് വീണുകിട്ടിയത്. ഉത്സാഹ കമ്മിറ്റി എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച ഹരീഷ് ഇന്ന് മലയാള സിനിമയിൽ മാറ്റി നിർത്തുവാനാവാത്ത ഒരു നടനാണ്.
വാലന്റൈൻസ് ദിനത്തിൽ ഇൻസ്റ്റാഗ്രാമിൽ ഹരീഷ് പോസ്റ്റ് ചെയ്ത ഒരു ഫോട്ടോക്ക് ഒരു ആരാധകൻ ഇട്ട കമന്റിന് ഹരീഷ് കണാരൻ നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന് കൈയ്യടി നേടി കൊടുത്തു കൊണ്ടിരിക്കുന്നത്. സ്കൂൾ ടീച്ചറായ ഭാര്യ സന്ധ്യക്കും കുഞ്ഞുങ്ങൾക്കും ഒപ്പമുള്ള ഹരീഷിന്റെ ഫോട്ടോയിൽ “ചേച്ചിക്ക് ഉയരം കൂടുതൽ ആണോ ചേട്ടാ?” എന്നാണ് ഒരു ഫോളോവർ ചോദിച്ചത്. അതിന് ഹരീഷ് നൽകിയ മറുപടിക്കാണ് കൈയ്യടികൾ. “എന്നും ഉയരത്തിൽ നിൽക്കേണ്ടത് അവർ തന്നെ അല്ലെ 🔥” എന്നായിരുന്നു നടന്റെ മറുപടി. മനോഹരമായ ആ മറുപടിക്ക് ഏവരും ഹരീഷ് കണാരന് കൈയ്യടിക്കുകയാണ്.