ചേട്ടൻ ആരെയെങ്കിലും പ്രേമിച്ചിട്ടുണ്ടോ എന്ന ഒറ്റ ചോദ്യം കൊണ്ട് ഇന്നും സോഷ്യൽ മീഡിയയിലും ആരാധകരുടെയും നെഞ്ചിൽ നിറഞ്ഞു നിൽക്കുന്ന ആളൂർ എൽസി എന്ന ആ കാലകൃ നടത്തിയിരിക്കുന്നത് ഇന്നോളം വരെ കണ്ടിട്ടില്ലാത്ത ഒരു തിരിച്ചു വരവാണ്. നീരജ് മാധവ് നായകനാകുന്ന ‘ക’ എന്ന ചിത്രത്തിൽ അഭിനയിക്കുവാൻ ചാൻസ് ചോദിച്ചു ചെന്നപ്പോഴാണ് ആ നടിയെ വീണ്ടും പ്രേക്ഷകർക്ക് തിരിച്ചറിയുവാൻ കഴിഞ്ഞത്. പട്ടണപ്രവേശത്തിലെ ആ രംഗത്തെ കുറിച്ച് ഓർത്തെടുക്കുകയാണ് ആളൂർ എൽസി.
ഒരു സിനിമ പോലും കാണാത്ത എനിക്ക് അന്ന് സിനിമാ താരങ്ങളെ കുറിച്ച് ഒന്നും അറിയില്ലായിരുന്നു. ജയനെയും മോഹന്‍ലാലിനെയും മമ്മൂട്ടിയെയുമെല്ലാം പോസ്റ്ററില്‍ കണ്ട പരിചയം ഉണ്ടെന്നു മാത്രം. പട്ടണപ്രവേശനത്തില്‍ അഭിനയിക്കുമ്പോള്‍ രസകരമായ ഒരു സംഭവമുണ്ടായി. ഞാനും ശ്രീനിവാസനും കൂടിയുള്ള ആ സീനായിരുന്നു. ശ്രീനിവാസന് അഭിനയിക്കാനായി നില്ക്കുന്നു. അടുത്തു തന്നെ ഞാനുമുണ്ട്. പക്ഷേ, അത് ശ്രീനിവാസനാണെന്നൊന്നും എനിക്കറിയില്ല. അടുത്തു നിന്ന പ്രൊഡക്ഷന്‍ മാനേജരോട് ഞാന്‍ ചോദിച്ചു എന്റെ കൂടെ അഭിനയിക്കുന്നത് ആരാണെന്ന്. ശ്രീനിവാസന് തൊട്ടടുത്തുണ്ട്. അതു വരെ എന്റെ ധാരണ അത് ആ വീട്ടിലെ വേലക്കാരനാണെന്നായിരുന്നു. എറണാകുളത്തെ വലിയൊരു വീടായിരുന്നു അത്. അവിടെ വിറകു കീറാന്‍ വന്ന ആളാണെന്നാണ് ഞാന്‍ വിചാരിച്ചിരുന്നത്.
ഒറ്റ ദിവസം മാത്രമായിരുന്നു ഷൂട്ടിംഗ് ഉണ്ടായത്. ഇന്നും ആ രംഗം കാണുമ്പോള്‍ അന്ന് പറ്റിയ ആ അമളിയാണ് ഓര്‍മ്മ വരിക. പൊന്മുട്ടയിടുന്ന താറാവിലൊക്കെ ഞങ്ങള്‍ ഒന്നിച്ചെങ്കിലും അക്കാര്യം ഞാന്‍ സത്യേട്ടനോടോ ശ്രീനിവാസനോടോ പറഞ്ഞില്ല. സത്യത്തില്‍ ഇപ്പോഴും ആളുകള്‍ എന്നെ ഓര്‍ക്കുന്നത് ഈ വേഷത്തിന്റെ പേരില്‍ തന്നെയാണ്.