തീയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന ആൻഡ്രോയ്ഡ് കുഞ്ഞപ്പന് രസകരമായ സ്പൂഫുമായി സ്കൂൾ വിദ്യാർത്ഥികൾ. സുരാജ് വെഞ്ഞാറമൂടും സൗബിൻ ഷാഹിറും ഒന്നിച്ച ചിത്രത്തിന് സ്പൂഫ് തയ്യാറാക്കിയിരിക്കുന്നത് കൊല്ലം പള്ളിമണിലെ സിദ്ധാർത്ഥ സെൻട്രൽ സ്കൂളിലെ വിദ്യാർത്ഥികളാണ്. രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം വാർദ്ധക്യത്തിൽ ഒറ്റക്കായ ഭാസ്കര പൊതുവാളിന് കൂട്ടായെത്തുന്ന റോബോട്ടിന്റെ കഥയാണ് അവതരിപ്പിക്കുന്നത്. സാധാരണക്കാരന്റെ ജീവിതത്തെ ശാസ്ത്രത്തിന്റെ വളർച്ചയോട് കൂട്ടിച്ചേർത്ത് സാധാരണക്കാരന് മനസ്സിലാകുന്ന ഭാഷയിൽ പറഞ്ഞിരിക്കുകയാണ് ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ എന്ന ചിത്രം. ചിരിപ്പിക്കുന്ന ഈ റോബോട്ട് ചിന്തിക്കാനും ഏറെ നൽകുന്നുണ്ട്.
ദേശീയ അവാർഡ് ജേതാവ് സുരാജ് വെഞ്ഞാറമൂടും സംസ്ഥാന അവാർഡ് ജേതാവ് സൗബിൻ ഷാഹിറും മത്സരിച്ചഭിനയിക്കുമ്പോൾ പ്രേക്ഷകമനസ്സുകളുടെ അവാർഡ് നേടി കുഞ്ഞപ്പനും കട്ടക്ക് കൂടെ നിൽക്കുന്നുണ്ട്. സ്വാഭാവിക നർമത്തിൽ ഊന്നിയ നിരവധി രംഗങ്ങളിലൂടെ പ്രേക്ഷകരെ ചിത്രം പൊട്ടിച്ചിരിപ്പിക്കുമ്പോഴും ആക്ഷേപഹാസ്യത്തിന്റെ സാങ്കേതികതികവാർന്ന ഒരു വശം ചിത്രം പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നുണ്ട്.