പൃഥ്വിരാജ് ചിത്രമായ എസ്രയിൽ റബ്ബി ഡേവിഡ് ബെന്യാമിൻ ആയി ബാബു ആന്റണി എത്തിയിരുന്നു. അതിനു മുൻപ് പൃഥ്വിരാജിന്റെ അച്ഛൻ സുകുമാരനൊപ്പം ബാബു ആന്റണി ഒരു പിടി നല്ല വേഷങ്ങൾ ചെയ്തിരുന്നു. അച്ഛനോടൊപ്പം അഭിനയിക്കുന്ന അതേ ഫീലാണ് മകനോടൊപ്പം അഭിനയിക്കുമ്പോഴും ലഭിക്കുന്നതെന്ന് ബാബു ആന്റണി ഇപ്പോൾ ഒരു പോസ്റ്റിലൂടെ അറിയിച്ചിരിക്കുകയാണ്. ആ പോസ്റ്റിന് മല്ലികാ സുകുമാരൻ മറുപടിയും നൽകിയിട്ടുണ്ട്. പൂനയിൽ നിന്നും ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ ബാബു ആന്റണി പിന്നീട് നാട്ടിലേക്ക് എത്തുന്നത് എസ്രയുടെ ഷൂട്ടിങ്ങിനാണ്.
തനിക്ക് സിനിമയുമായുള്ള ബന്ധം വളർത്തിയത് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ആണെന്നും താൻ നായകനായി അഭിനയിച്ച പല ചിത്രങ്ങളിലും സുകുമാരൻ പ്രധാനവേഷങ്ങൾ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. ഇന്ത്യൻ സിനിമയിലെ മൂന്ന് തലമുറയ്ക്ക് ഒപ്പം അഭിനയിക്കാൻ കഴിഞ്ഞത് തന്റെ ഭാഗ്യമായി ബാബു ആന്റണി കാണുകയാണ്. അഭിനയ ജീവിതത്തിൽ നിന്നും വിരമിക്കുന്നതിന് മുൻപ് ഒരു തലമുറയോടൊപ്പം കൂടി അഭിനയിക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നു. സുകുവേട്ടനൊപ്പം അഭിനയിച്ചതുപോലെ പൃഥ്വിരാജിനൊപ്പം അഭിനയിച്ചതും നല്ലൊരു അനുഭവം ആണെന്നും അദ്ദേഹം പങ്കുവെക്കുന്നുണ്ട്. പോസ്റ്റിനു താഴെ കമന്റ് ബോക്സിൽ ‘നന്ദി ബാബു ദൈവം അനുഗ്രഹിക്കട്ടെ’ എന്നായിരുന്നു മല്ലികാ സുകുമാരന്റെ മറുപടി.