മമ്മൂട്ടിയും ബി ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന ചിത്രത്തില്‍ കേന്ദ്രകഥാപാത്രമാകാന്‍ രവീണ ടണ്ഠന്. പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത മാസം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. യഥാര്‍ത്ഥത്തില്‍ നടന്ന ഒരു സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. മമ്മൂട്ടിക്ക് പുറമേ മഞ്ജു വാര്യര്‍, ബിജു മേനോന്, സിദ്ദിഖ് എന്നിവരും ചിത്രത്തിലുണ്ട്.
2010 ല്‍ പുറത്തിറങ്ങിയ പ്രമാണിക്ക് ശേഷം മമ്മൂട്ടിയും ബി ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന ചിത്രമാണിത്. മെയ് അവസാനത്തോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അടുത്തമാസത്തോടെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. ബംഗളൂരുവിലായിരിക്കും ആദ്യ ഷെഡ്യൂളെന്നാണ് വിവരം.
മോഹന്‍ലാലിനെ നായകനാക്കി ആറാട്ടാണ് ബി ഉണ്ണികൃഷ്ണന് ഒരുക്കിയ അവസാന ചിത്രം. മോഹന്‍ലാലിനെ നായകനാക്കി ഇതിനകം അഞ്ചോളം സിനിമകള്‍ ഉണ്ണികൃഷ്ണന് ഒരുക്കിയിട്ടുണ്ട്. ബി. ഉണ്ണികൃഷ്ണന് ചിത്രങ്ങളില്‍ മമ്മൂട്ടി സാന്നിധ്യം കുറവാണ്. പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മമ്മൂട്ടിയും ബി ഉണ്ണികൃഷ്ണനും ഒന്നിക്കുന്നതെന്നതും ശ്രദ്ധേയമാണ്.