പൃഥ്വിരാജിനെ നായകനാക്കി കലാഭവൻ ഷാജോൺ സംവിധാനം നിർവഹിക്കുന്ന ബ്രദേഴ്സ് ഡേ ചിത്രീകരണം ആരംഭിച്ചു. പരീക്ഷണ ചിത്രങ്ങൾക്ക് പിന്നാലെയായിരുന്ന പൃഥ്വിരാജ് പക്കാ എന്റർടൈനറുമായി വീണ്ടുമെത്തുകയാണ്. അതിന്റെ സന്തോഷം ഫേസ്ബുക്ക് വഴി അദ്ദേഹം അറിയിക്കുകയും ചെയ്തിട്ടുണ്ട്. അടി, ഇടി, ഡാൻസ്, ബഹളം… കുറെ നാളായി ഇങ്ങനെ ഒന്ന് ചെയ്തിട്ട് എന്നാണ് പൃഥ്വിരാജ് കുറിച്ചത്. കലാഭവൻ ഷാജോണിന്റെ പ്രഥമ സംവിധാന സംരംഭമാണ് ബ്രദേഴ്സ് ഡേ. ഐശ്വര്യ ലക്ഷ്മി, പ്രയാഗ മാർട്ടിൻ, ഐമ റോസ്, മിയ എന്നിവരാണ് നായികമാർ. ഇവന്റ് മാനേജ്മെന്റ് നടത്തുന്ന റോണി എന്ന ചെറുപ്പക്കാരന്റെ കഥയാണ് ചിത്രത്തിൽ പറയുന്നത്. വിജയരാഘവൻ, ലാൽ, ധർമജൻ, അശോകൻ, പൊന്നമ്മ ബാബു എന്നിവരും താരനിരയിലുണ്ട്. ഷാജോൺ തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് നിർമാണം. നാദിർഷ ഒരുക്കിയ വരികൾക്ക് ഈണമിട്ടിരിക്കുന്നത് 4 മ്യൂസിക്സാണ്. ജീത്തു ദാമോദർ ഛായാഗ്രഹണവും അഖിലേഷ് മോഹൻ എഡിറ്റിംഗും നിർവഹിക്കുന്നു.