ഒരിക്കലും മറക്കാത്ത ഓർമയായി ഇന്നും മലയാളികൾ കരുതി വെക്കുന്ന പേര്…കലാഭവൻ മണി. താഴെക്കിടയിൽ നിന്നും സ്വപ്രയത്നം കൊണ്ട് ഉയരങ്ങൾ കീഴടക്കിയപ്പോഴും താൻ വന്ന വഴിയും തന്റെ കൂടെ നിഴൽ പോലെ ഉണ്ടായിരുന്നവരേയും ഒരിക്കലും മറക്കാത്ത ആ മനസ്സ് തന്നെയാണ് മലയാളികൾ എന്നെന്നും ഇഷ്ടപ്പെടുന്നത്. പാടിത്തീർക്കാത്ത പാട്ടുകളും കൊതിതീരാത്ത ഒരു ജീവിതവും ബാക്കി വെച്ച് ആ കലാകാരൻ പടിയിറങ്ങി പോയപ്പോൾ ഉതിർന്ന കണ്ണുനീർ ഇനിയും ഉണങ്ങിയിട്ടില്ല. ഇന്നും കലാഭവൻ മണിയെന്നാൽ മലയാളികൾക്ക് ഒരു നൊമ്പരമാണ്. അങ്ങനെയുള്ളൊരു കലാകാരന് നൽകാവുന്നതിൽ ഏറ്റവും മികച്ചൊരു സമ്മാനമാണ് വിനയൻ സംവിധാനം നിർവഹിച്ച ചാലക്കുടിക്കാരൻ ചങ്ങാതി എന്ന ചിത്രം. വെറും സഹനടൻ എന്ന നിലയിൽ ജീവിച്ചു തീരുമായിരുന്ന കലാഭവൻ മണിയിലെ നടനെ പൂർണമായും മനസ്സിലാക്കിയ സംവിധായകൻ എന്ന നിലയിൽ വിനയൻ ഒരുക്കിയ ചാലക്കുടിക്കാരൻ ചങ്ങാതിയിലും കലാഭവൻ മണിയുടെ നന്മയേയും കഴിവിനെയും പൂർണമായും കാണാം. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടൻ തുടങ്ങിയ വിനയൻ ചിത്രങ്ങളിലെ മണിയുടെ പ്രകടനം മാത്രം മതി ആ നടന്റെ കഴിവറിയാൻ.

Chalakkudikkaran Changathi Review
കലാഭവൻ മണിയോട് ഏറെ രൂപസാദൃശ്യമുള്ള രാജാമണിയെ നായകപദവിയിലേക്ക് ഉയർത്തി വിനയൻ ഒരുക്കിയ ചാലക്കുടിക്കാരൻ ചങ്ങാതി മണിയുടെ ജീവിതം തന്നെയാണ് തിരശീലയിൽ കാണിച്ചു തരുന്നത്. കലാഭവൻ മണിയുടെ കുട്ടിക്കാലം, ചെറുപ്പക്കാലം, ദളിതനെന്ന് പറഞ്ഞ് മാറ്റി നിർത്തപ്പെട്ട സാഹചര്യങ്ങൾ, തകർന്ന പ്രണയങ്ങൾ എന്നിങ്ങനെ അദ്ദേഹത്തിന്റെ കഷ്ടപ്പാടിന്റെ ഒരു കാലമാണ് ആദ്യപകുതിയിൽ ചിത്രമാ ചർച്ച ചെയ്യുന്നത്. രണ്ടാം പകുതിയിൽ മണിയുടെ താരജീവിതവും അപ്രതീക്ഷിതമായി വന്നു ചേർന്ന മരണവും ചർച്ച ചെയ്യപ്പെടുന്നു. എങ്കിൽ പോലും മരണത്തെ കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുകൾ ഒന്നും തന്നെ ചിത്രത്തിൽ ഉണ്ടായില്ല എന്നതും ശ്രദ്ധേയമാണ്. ഏവർക്കും അറിയാവുന്ന കാര്യങ്ങൾ മാത്രമേ ചിത്രത്തിലും പ്രതിപാദിച്ചിട്ടുള്ളൂ.

Chalakkudikkaran Changathi Review
ആകാരം കൊണ്ടും അഭിനയം കൊണ്ടും കലാഭവൻ മണിയാകാനുള്ള രാജാമണിയുടെ ശ്രമങ്ങൾ വിജയം കണ്ടിട്ടുണ്ട് എന്നുള്ളത് തീർച്ചയാണ്. അതിനുള്ള തെളിവാണ് തീയറ്ററുകളിൽ ഉയർന്ന കൈയ്യടികൾ. മണിയെ പോലെ തന്നെ മിമിക്രി ലോകത്തിൽ നിന്നും കടന്നു വന്ന രാജാമണിക്ക് മണിയായി മാറുന്നതിൽ അധികം പ്രയാസപ്പെടേണ്ടി വന്നിട്ടില്ല എന്ന് വ്യക്തമാണ്. എങ്കിൽ പോലും മണിയെ അനുകരിക്കുന്നതിന് പകരം മണിയായി തന്നെ ജീവിക്കുകയാണ് രാജാമണി ചെയ്തിരിക്കുന്നത്. കലാഭവൻ മണിയുടെ അച്ഛനും കുടിയനുമായ വേഷം വളരെ മനോഹരമായിട്ട് തന്നെ സലിം കുമാർ കൈകാര്യം ചെയ്തിട്ടുണ്ട്. ധർമജൻ, സുധീർ കരമന, ഹണി റോസ് എന്നിങ്ങനെ എല്ലാവരും അവരവരുടെ ഭാഗങ്ങൾ മനോഹരമാക്കി.

Chalakkudikkaran Changathi Review
മണിയെന്ന വ്യക്തിയെ ഏറ്റവുമടുത്ത് അറിയാവുന്ന ഒരു വ്യക്തി എന്ന നിലയിൽ ആ ജീവിതത്തെ തിരശീലയിലാക്കുക എന്ന പ്രയത്നം വിനയൻ എന്ന സംവിധായകനും എഴുത്തുകാരനും ഒരേസമയം ലളിതവും കഠിനവുമാണ്. മണിയെ സ്നേഹിക്കുന്ന, മണിയെ അറിയാവുന്ന മലയാളികൾക്ക് ആ ജീവിതവും കാണാപ്പാഠമാണ്. ആ ജീവിതത്തിന്റെ തിരശീലക്ക് പിന്നിലെ ജീവിതം പ്രേക്ഷകരിലേക്ക് എത്തിച്ചത് വഴി ഒരു നന്മ തന്നെയാണ് അദ്ദേഹം ചെയ്തിരിക്കുന്നത്. നാളത്തെ തലമുറക്ക് ആരാണ് കലാഭവൻ മണി എന്നറിയുവാൻ ഈ സിനിമ കാണിച്ചു കൊടുത്താൽ മതി. പ്രകാശ് കുട്ടിയുടെ ക്യാമറക്കണ്ണുകൾ മണിയുടെ ജീവിതത്തെ അതിന്റെ നന്മയോട് കൂടി തന്നെ ഒപ്പിയെടുത്തു. കാലഘട്ടങ്ങൾക്ക് അപ്പുറം മരിക്കാതെ നിലനിൽക്കുന്ന കലാഭവൻ മണി തന്നെ ആലപിച്ച നാടൻ പാട്ടുകൾ ചിത്രത്തിൽ ഉൾപ്പെടുത്തിയത് ഒരു ഓർമ പുതുക്കൽ കൂടിയായി. അഭിലാഷ് വിശ്വനാഥിന്റെ എഡിറ്റിംഗ് കൂടിയായപ്പോൾ ചിത്രം ആ മഹാമനുഷ്യനുള്ള സമ്പൂർണമായ ഒരു സമർപ്പണമായി. മേഘപാളികൾക്കിടയിൽ ഇരുന്ന് ഇതെല്ലാം കണ്ട് ആ നല്ല മനുഷ്യന്റെ ആത്മാവ് ആനന്ദിക്കുന്നുണ്ടാകും. പക്ഷേ ആ വേർപാടിൽ നിന്നും മലയാളികൾ ഇനിയും കര കയറിയിട്ടില്ല. ഈ ചാലക്കുടിക്കാരൻ ചങ്ങാതി ഈ മണ്ണ് വിട്ട് എങ്ങും പോയിട്ടില്ലെന്ന് വിശ്വസിക്കാൻ തന്നെയാണ് മലയാളികൾക്ക് ഇപ്പോഴും ഇഷ്ടം.