മണിരത്നം… ആ പേര് ഓരോ പ്രേക്ഷകനും നൽകുന്ന ഒരു പ്രതീക്ഷയുണ്ട്. കുടുംബബന്ധങ്ങളുടെ കേട്ട് തഴമ്പിച്ച കഥകളിൽ പോലും ഒരു പുതുമ സൃഷ്ടിക്കുന്ന ആ സംവിധായകന്റെ ചിത്രങ്ങളോട് എന്നും പ്രേക്ഷകന് ഒരു പ്രത്യേക മമതയുണ്ട്. ആ പ്രതീക്ഷകൾക്കും ഇഷ്ടങ്ങൾക്കും ഈ അടുത്ത് ചെറിയൊരു കോട്ടം തട്ടിയിരുന്നു. സമ്മിശ്ര പ്രതികരണങ്ങൾ നേടിയ ചിത്രങ്ങൾക്ക് ശേഷം ഒരു ഗംഭീര തിരിച്ചുവരവാണ് ചെക്കാ ചിവന്ത വാനം എന്ന ചിത്രത്തിലൂടെ മണിരത്നം നടത്തിയിരിക്കുന്നത്. ശക്തമായ തിരക്കഥയും സൂപ്പർ താരങ്ങളുടെ സാന്നിധ്യം കൊണ്ടും ഒരു പക്കാ കൊമേർഷ്യൽ എന്റർടൈനർ തന്നെയാണ് അദ്ദേഹം വീണ്ടും പ്രേക്ഷകർക്ക് സമ്മാനിച്ചിരിക്കുന്നത്. ഒപ്പം കുടുംബബന്ധങ്ങളുടെ തീവ്രതയെ ഒട്ടും കുറയാതെ തന്നെ അവതരിപ്പിക്കാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.

Chekka Chivantha Vaanam Review
ചെന്നൈ നഗരം അടക്കി വാഴുന്ന സേനാപതി എന്ന ഗ്യാങ്സ്റ്ററിനെതിരെ ഒരു വധശ്രമം ഉണ്ടാകുന്നു. തലനാരിഴയ്ക്ക് അതിൽ നിന്നും സേനാപതി രക്ഷപ്പെടുന്നു. അതിന് പിന്നിൽ ആരാണ് എന്നറിയാൻ സേനാപതിയുടെ മക്കളായ വരദൻ, ത്യാഗരാജൻ, എതിരാജ് എന്നിവർ മുന്നിട്ടിറങ്ങുന്നു. സംശയത്തിന്റെ വിരൽ ചൂണ്ടുന്നത് പലരിലേക്കാണ്. ബദ്ധശത്രുവായ ചിന്നപ്പദാസ്, വരദന്റെ കളിക്കൂട്ടുക്കാരനും പോലീസുമായ റസൂൽ, സേനാപതിയുടെ വലംകൈയായ ചെഴിയൻ, ചെഴിയന്റെ മകളും വരദന്റെ ഭാര്യയുമായ ചിത്ര, എല്ലാത്തിനുമപ്പുറം സേനാപതിയുടെ മക്കളിലേക്കും സംശയത്തിന്റെ നിഴലുകൾ പായുന്നു. സേനാപതി അടക്കി വാഴുന്ന സിംഹാസനത്തിലേക്ക് നീളുന്ന കണ്ണുകൾ ആരുടേതെന്ന സംശയം പ്രേക്ഷകനിലും ജനിപ്പിക്കുന്നതിലൂടെ മണിരത്നം എന്ന സംവിധായകന്റെ ക്ലാസ് വീണ്ടും തെളിയിക്കപ്പെട്ടിരിക്കുകയാണ് ചെക്ക ചിവന്ത വാനം എന്ന ചിത്രത്തിലൂടെ.

Chekka Chivantha Vaanam Review
മൾട്ടിസ്റ്റാർ ചിത്രങ്ങളിൽ മിക്കവാറും കണ്ടുവരുന്ന ഒരു വസ്തുതയാണ് എല്ലാവർക്കും അവർ അർഹിക്കുന്ന ഒരു പ്രാധാന്യം ലഭിക്കാതെ പോകുന്നത്. എന്നാൽ മണിരത്നം ചിത്രങ്ങൾ എപ്പോഴും അതിന് ഒരു അപവാദമാണ്. പ്രകാശ് രാജ്, അരവിന്ദ് സ്വാമി, വിജയ് സേതുപതി, ചിമ്പു, അരുൺ വിജയ്, ജ്യോതിക എന്നിങ്ങനെ വമ്പൻ താരനിര അണിനിരന്നിട്ടും അവർക്കെല്ലാം അർഹമായതും തുല്യമായതുമായ ഒരു പ്രാധാന്യം ചിത്രത്തിൽ ഉടനീളം സമ്മാനിക്കുവാൻ മണിരത്നത്തിനായിട്ടുണ്ട്. അഭിനയത്തിന്റെ കാര്യത്തിൽ ശക്തമായൊരു മത്സരം എല്ലാവരുടെയും ഇടയിൽ നടക്കുന്നത് പ്രേക്ഷകനെയും ചിത്രത്തിലേക്ക് കൂടുതൽ അടുപ്പിക്കുന്നു. എങ്കിൽ പോലും നായികമാർക്ക് കഥാഗതി നിയന്ത്രിക്കുന്ന കാര്യത്തിൽ വലിയ പ്രാധാന്യം ലഭ്യമായിട്ടില്ല എന്നതും ശ്രദ്ധിക്കപ്പെടുന്നു.

Chekka Chivantha Vaanam Review
സേനാപതിയെ വധിക്കാൻ ശ്രമിച്ചത് ആരാണ്? ആരായിരിക്കും സേനാപതിയുടെ പിൻഗാമി? എന്ന രണ്ടു കാര്യങ്ങൾ തന്നെയാണ് ചിത്രത്തിലുടനീളം ചർച്ച ചെയ്യപ്പെടുന്നതും തിരക്കഥ ഫോക്കസ് ചെയ്തിരിക്കുന്നതും. എല്ലാവർക്കും തുല്യപ്രാധാന്യമുള്ള ഒരു തിരക്കഥയിലൂടെ മണിരത്നം അത് മനോഹരമാക്കുകയും ചെയ്തു. എപ്പോഴത്തേയും പോലെ തന്നെ എ ആർ റഹ്മാൻ ഒരുക്കിയ ഗാനങ്ങൾ വീണ്ടും വീണ്ടും കേൾക്കുന്തോറുമേ കൂടുതൽ ഇഷ്ടപ്പെടൂ. സന്തോഷ് ശിവന്റെ ഛായാഗ്രഹണവും ശ്രീകർ പ്രസാദിന്റെ എഡിറ്റിംഗും മണിരത്നം എന്ന സംവിധായകനിൽ പ്രേക്ഷകർ അർപ്പിച്ചിരിക്കുന്ന വിശ്വാസത്തെ കൂടുതൽ ബലപ്പെടുത്തിയിരിക്കുകയാണ്. പ്രതികാരത്തിന്റെ കഥകൾ പലതും കണ്ടും കേട്ടും തഴമ്പിച്ച പ്രേക്ഷകർക്ക് ഒരു പുതുമയാർന്ന വിരുന്ന് തന്നെയാണ് ചെക്ക ചിവന്ത വാനം