Tuesday, October 27

നവംബർ നഷ്ടങ്ങളുടേതല്ല നേട്ടങ്ങളുടേതാണ്; ഞെട്ടിച്ച് നവാഗത സംവിധായകർ

Pinterest LinkedIn Tumblr +

നഷ്ടങ്ങളുടെ മാസമെന്ന് പൊതുവെ പറയപ്പെടുന്ന നവംബർ പക്ഷേ ഇക്കൊല്ലം മലയാളി സിനിമാപ്രേമികൾക്ക് നേടിക്കൊടുത്തിരിക്കുന്നത് നേട്ടങ്ങളാണ്. വമ്പൻ ക്രിസ്‌തുമസ്‌ റിലീസുകൾക്ക് ഇൻഡസ്‌ട്രി ഒരുങ്ങുന്നതിന് മുൻപ് ഈ ഒരു മാസം കൊണ്ട് തീയറ്ററുകൾ നിറച്ചത് നവാഗത സംവിധായകരുടെ ഞെട്ടിക്കുന്ന കലാസൃഷ്ടികളാണ്. 14 മലയാള ചലച്ചിത്രങ്ങളാണ് ഈ മാസം പുറത്തിറങ്ങിയത്. കൊമേർഷ്യൽ വിജയം നേടാനാവാത്ത ചിത്രങ്ങളും അതിലുണ്ട്.

ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വേർഷൻ 5.25

സുരാജ് വെഞ്ഞാറമൂട്, സൗബിൻ ഷാഹിർ എന്നിവർക്കൊപ്പം ഒരു ഹ്യൂമനോയിഡും കേന്ദ്ര കഥാപാത്രമായി അഭിനയിച്ച ചിത്രത്തിന്റെ സംവിധാനം നവാഗതനായ രതീഷ് ബാലകൃഷ്ണൻ പൊതുവാളാണ്. നവംബർ എട്ടിനാണ് ചിത്രം തീയറ്ററുകളിൽ എത്തിയത്. വാർദ്ധക്യത്തിൽ ഒറ്റപ്പെട്ടു പോകുന്ന അച്ഛന് സഹായമായി ഒരു റോബോട്ടിനെ മകൻ നൽകുന്നു. പിന്നീട് നടക്കുന്ന രസകരമായതും പൊട്ടിച്ചിരിപ്പിക്കുന്നതുമായ സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. അതോടൊപ്പം തന്നെ പ്രേക്ഷകരെ ചിത്രം ഏറെ ചിന്തിപ്പിക്കുന്നുമുണ്ട്. ശാസ്‌ത്രം എത്ര വളർന്നാലും ബന്ധങ്ങളുടെ തീവ്രത ഒരിക്കലും മാറില്ലെന്ന് ഓർമിപ്പിക്കുന്ന ചിത്രം സംവിധായകമികവ് കൊണ്ടും പ്രമേയം കൊണ്ടും പ്രേക്ഷകർക്ക് മികച്ചൊരു വിരുന്ന് തന്നെയാണ് സമ്മാനിച്ചത്.

ഹെലൻ

വിനീത് ശ്രീനിവാസൻ നിർമിക്കുന്ന രണ്ടാമത്തെ ചിത്രം, കുമ്പളങ്ങി നൈറ്റ്സ് ഫെയിം അന്ന ബെൻ നായികയാകുന്ന രണ്ടാമത്തെ ചിത്രം എന്നിങ്ങനെ ഏറെ ശ്രദ്ധ നേടിയ ചിത്രമാണ് ഹെലൻ. മലയാളത്തിലെ എണ്ണം പറഞ്ഞ സർവൈവൽ ത്രില്ലറുകളിൽ മുൻനിരയിൽ ഇടം കൊടുക്കാവുന്ന ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചത് നവാഗതനായ മാത്തുക്കുട്ടി സേവ്യറാണ്. അന്ന ബെനിനെ കൂടാതെ ലാൽ, നോബിൾ, അജു വർഗീസ് എന്നിവരും മികച്ച പ്രകടനം കാഴ്ച വെച്ചപ്പോൾ ചിത്രം പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെട്ടു. നവംബർ 15ന് തീയറ്ററുകളിലെത്തിയ ചിത്രം നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്.

കെട്ട്യോളാണ് എന്റെ മാലാഖ

ആസിഫ് അലിയുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലേക്ക് ചേർത്തട്ട വെക്കാവുന്ന കെട്ട്യോളാണ് എന്റെ മാലാഖ ഇന്നലെയാണ് തീയറ്ററുകളിൽ എത്തിയത്. നവാഗതനായ നിസാം ബഷീർ സംവിധാനം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന് മികച്ച റിപ്പോർട്ടുകളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഹൈറേഞ്ചുകാരനായ സാധാരണക്കാരൻ സ്ലീവാച്ചന്റെ ജീവിതത്തിലേക്ക് റിൻസി കടന്ന് വരുന്നതും പിന്നീട് അവരുടെ കുടുംബജീവിതത്തിൽ നടക്കുന്ന കാര്യങ്ങളുമാണ് ചിത്രം ചർച്ച ചെയ്യുന്നത്. ചിരിക്കാനും ചിന്തിക്കാനും ഏറെ സമ്മാനിക്കുന്ന ചിത്രത്തിന്റെ നിർമാണം മാജിക് ഫ്രെയിംസാണ്.

ആകാശഗംഗ 2, അണ്ടർവേൾഡ്, മൂത്തോൻ, നാൽപത്തിയൊന്ന്, ജാക്ക് & ഡാനിയൽ എന്നിങ്ങനെ കുറെ ചിത്രങ്ങളും ഈ കാലയളവിൽ പുറത്തിറങ്ങിയിട്ടുണ്ട്. നവാഗതനായ വിഷ്‌ണു ഭരദ്വാജ് ഒരുക്കിയ സുല്ലിനും മികച്ച റിപ്പോർട്ടുകളുണ്ട്. കാളിദാസ് ജയറാം നായകനാകുന്ന ഹാപ്പി സർദാർ, ഒമർ ലുലു ചിത്രം ധമാക്ക എന്നിവയാണ് ഈ മാസം പുറത്തിറങ്ങുവാനുള്ള മറ്റ് ചിത്രങ്ങൾ.

“Lucifer”
Loading...
Share.

About Author

Comments are closed.