കഥാപാത്രത്തിന്റെ പൂർണതക്കായി അധ്വാനിക്കുന്ന ധാരാളം നടിമാരെ പ്രേക്ഷകർ കണ്ടിട്ടുണ്ട്. അത്തരത്തിൽ ഒരാളാണ് ദീപ്തി സതി. അധികമാരും ഏറ്റെടുക്കാന്‍ തയ്യാറാവാത്ത തരത്തിലുള്ള കഥാപാത്രമായിരുന്ന നീനയെ വളരെ മനോഹരമായാണ് താരം അവതരിപ്പിച്ചത്. സിനിമയ്ക്കായി നീണ്ട മുടി മുറിക്കാനും താരം തയ്യാറായിരുന്നു. ലക്കിയിലെ കഥാപാത്രത്തിനായി ബിക്കിനി ധരിക്കേണ്ടി വന്ന അനുഭവത്തെക്കുറിച്ച് തുറന്നുപറയുകയാണ് താരം. മിസ്സ് ഇന്ത്യ ഫൈനലിസ്റ്റായിരുന്ന ദീപ്തി മറാത്തി സിനിമയില്‍ തുടക്കമിട്ടതിന്റെ ത്രില്ലിലാണിപ്പോള്‍. മുംബൈയില്‍ വളര്‍ന്നതിനാല്‍ മറാത്തി പരിചിതമാണെന്നും മലയാളത്തെയും തമിഴിനെയും അപേക്ഷിച്ച് കൂടുതല്‍ കംഫര്‍ട്ടാണെന്നും താരം പറയുന്നു.
“ഒരു സാധാരണ നീന്തല്‍ വേഷമാണെങ്കിലും ബിക്കിനി രംഗങ്ങളുണ്ടെന്ന് പറഞ്ഞപ്പോള്‍ തുടക്കത്തില്‍ പരിഭ്രമിച്ചിരുന്നുവെന്ന് താരം പറയുന്നു. ബിക്കിനിയില്‍ എങ്ങനെയായിരിക്കും താന്‍? ബിക്കിനിയിൽ തന്നെ കാണാൻ മോശമായിരിക്കുമോ? സ്ക്രീനില്‍ ബിക്കിനി ധരിച്ച് പ്രത്യക്ഷപ്പെടാനും മാത്രം ഫിറ്റാണോ ശരീരം? തുടങ്ങി നിരവധി ചിന്തകളായിരുന്നു ആ സമയത്ത് മനസ്സിലൂടെ കടന്നുപോയത്. പക്ഷേ അപ്പോഴെല്ലാം എന്റെ ഉള്ളിൽ ഇരുന്ന് ആരോ പറയുന്നുണ്ടായിരുന്നു ‘നീ ആരായിരിക്കുന്നു എന്നുള്ളതിലും എന്ത് ചെയ്യുന്നുവെന്നുള്ളതിലും അഭിമാനം കൊള്ളുക. അതെല്ലാം തന്നെ തികഞ്ഞ ആത്മവിശ്വാസത്തോടും ബോദ്ധ്യത്തോടും ഒരു പുഞ്ചിരിയോടും കൂടി ചെയ്യുക.’ ആ ശബ്ദമാണ് എനിക്ക് ഊർജം പകർന്നത്.”
“സംവിധായകൻ സഞ്ജയ്ക്കും എന്നിൽ വിശ്വാസം അർപ്പിച്ച സിനിമക്ക് പിന്നിലെ എല്ലാവർക്കുമാണ് ഈ ആത്മവിശ്വാസം കൈവരിക്കുവാൻ സഹായിച്ചതിന് നന്ദി പറയുന്നത്. സംവിധായകന്റെ കാഴ്ചപ്പാടിന് ഒപ്പമെത്താൻ എനിക്ക് കഴിയുന്നതെല്ലാം ഞാൻ ചെയ്തു.എന്റെ ഭാഗം ഞാൻ തികഞ്ഞ ആത്മാർത്ഥതയോടെ ചെയ്തിട്ടുണ്ട്. ഇനി പ്രേക്ഷകരായ നിങ്ങൾ അത് എങ്ങനെ ഏറ്റെടുക്കും എന്നുള്ളതാണ് അറിയേണ്ടത്. “ ഫെബ്രുവരി ഏഴിനാണ് ചിത്രം തിയേറ്ററുകളിലേക്കെത്തുന്നത്.