Thursday, October 1

മലയാളികൾക്ക് പുതുവർഷത്തിന് കളർഫുൾ തുടക്കം സമ്മാനിച്ച് ഒമർ ലുലു | ധമാക്ക റിവ്യൂ

Pinterest LinkedIn Tumblr +

ഹാപ്പി വെഡ്‌ഡിങ്, ചങ്ക്‌സ്, ഒരു അഡാർ ലവ് തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ഒമർ ലുലു അണിയിച്ചൊരുക്കിയിരിക്കുന്ന ചിത്രമാണ് ധമാക്ക. ഒമർ ലുലു ചിത്രങ്ങളിൽ കാണുന്ന കളർഫുൾ ആഘോഷങ്ങൾക്ക് യാതൊരു കുറവുമില്ലാത്ത ഈ ചിത്രവും പക്കാ എന്റർടൈൻമെന്റ് മൂഡിൽ തന്നെയാണ് ഒരുക്കിയിരിക്കുന്നതും. രണ്ടു മണിക്കൂർ ചിരിക്കാനും ചിന്തിക്കാനും ഏറെ നൽകിയ ചിത്രം പല സാമൂഹിക പ്രശ്ങ്ങളിലേക്കും വിരൽ ചൂണ്ടുമ്പോഴും പറയാൻ ശ്രമിച്ച പ്രമേയത്തിൽ നിന്നും അണുവിട മാറിപ്പോയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

ബി ടെക്ക് ഒക്കെ തോറ്റ് സപ്ലി അടിച്ച് നടക്കുന്ന ഈയോ എന്ന യുവാവിന്റെ ജീവിതത്തിലൂടെയാണ് കഥ കടന്നു പോകുന്നത്. ഈയോയുടെ ഉറ്റസുഹൃത്താണ് ശിവ. സാഹചര്യങ്ങളുടെ സമ്മർദ്ദങ്ങൾക്കിടയിൽ ഈയോ വിവാഹിതനാകുന്നു. പക്ഷേ നിനച്ചിരിക്കാതെ എത്തുന്ന പല സംഭവ വികാസങ്ങളും കൂടുതൽ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നു. അതിൽ നിന്നും കര കയറാനുള്ള ശ്രമങ്ങളും പൊല്ലാപ്പുകളുമാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. പൂര്‍ണമായും കോമഡി പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ആദ്യ പകുതിയില്‍ നിന്ന് രണ്ടാം പകുതിയിലേക്ക് എത്തുമ്പോള്‍ അല്‍പം സീരിയസാവുന്നുണ്ട് ചിത്രം. ഈ കാലഘട്ടത്തില്‍ യുവാക്കളില്‍ പലരും നേടിയേണ്ടിവരുന്ന ഹണിമൂണ്‍ impotence എന്ന വിഷയത്തെയും വന്ധ്യതാ ചികിത്സയുടെ പേരില്‍ നടത്തുന്ന തട്ടിപ്പുകളേയും എടുത്തുകാട്ടുവാൻ സംവിധായകൻ ശ്രമിച്ചിട്ടുണ്ട്. സർക്കാർ ആശുപത്രികളുടെ മേന്മയും ചിത്രം എടുത്തു പറയുന്നു എന്നതിനാൽ പ്രത്യേക കൈയ്യടികൾ.

മോഹൻലാൽ ചിത്രം ഒളിമ്പ്യൻ അന്തോണി ആദത്തിലൂടെ അരങ്ങേറ്റം കുറിച്ച അരുൺ നായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് ധമാക്ക. കളർഫുള്ളായൊരു തുടക്കം നായകനായി ലഭിച്ച അരുൺ ചിരിപ്പിക്കുന്നതിലും ചിന്തിപ്പിക്കുന്നതിലും വൈകാരികമായി അഭിനയിക്കുന്നതിലും വിജയിച്ചിട്ടുണ്ട്. ഒരിടവേളക്ക് ശേഷം നിക്കി ഗൽറാണിയും ഗ്ലാമറസ് റോളിൽ മലയാളത്തിലേക്ക് തിരികെ എത്തിയിരിക്കുകയാണ്. മുകേഷ് – ഉർവശി ജോഡിയും തീയറ്ററുകളിൽ തീർത്തിരിക്കുന്നത് ചിരികൾ തന്നെയാണ്. ഇന്നസെന്റ്, സലിം കുമാർ, ധർമജൻ ബോൾഗാട്ടി, ഹരീഷ് കണാരൻ തുടങ്ങിയവരും മികച്ചൊരു പ്രകടനം തന്നെ ചിത്രത്തിനായി കാഴ്ച്ച വെച്ചിട്ടുണ്ട്. ഒമർ ലുലു ചിത്രങ്ങളിൽ കാണുന്ന ദ്വയാർത്ഥ പ്രയോഗങ്ങൾക്ക് ഈ ചിത്രത്തിലും വലിയ മാറ്റം ഒന്നുമില്ല എന്നത് കുടുംബപ്രേക്ഷകർക്ക് ചിത്രത്തെ നേരിടാൻ ഒരു ബുദ്ധിമുട്ടുളവാക്കും.

ഒമർ ലുലുവിന്റെ കഥക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് സാരംഗ് ജയപ്രകാശ്, വേണു ഒ വി, കിരൺ ലാൽ എന്നിവരാണ്. സിനോജ് പി അയ്യപ്പൻ മനോഹരമായ ഫ്രെയിംസ് സമ്മാനിച്ചപ്പോൾ ഗോപി സുന്ദറിന്റെ സംഗീതവും ആസ്വാദനം വർണാഭമാക്കി. ദിലീപ് ഡെന്നീസാണ് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്. വലിയ പ്രതീക്ഷകൾ ഒന്നും വെക്കാതെ ചെന്ന് കയറിയാൽ ചിരിക്കാനും ചിന്തിക്കാനുമുള്ള വക ധമാക്ക സമ്മാനിക്കുന്നുണ്ട്.

“Lucifer”
Loading...
Share.

About Author

Comments are closed.