കഴിവുണ്ടായിട്ടും ഉയർന്ന് വരാൻ സാധിക്കാതിരുന്ന പല കലാകാരന്മാർക്കും ഒരു പുതുവെളിച്ചം സമ്മാനിച്ച പ്രോഗ്രാമാണ് ഫ്ളവേഴ്സ് ടിവിയിലെ കോമഡി ഉത്സവം എന്ന പരിപാടി. മിഥുൻ എന്ന ഫുൾ പോസിറ്റീവ് അവതാരകനും ടിനി ടോം, കലാഭവൻ പ്രജോദ്, ബിജു കുട്ടൻ, ഗിന്നസ് പക്രു എന്നിങ്ങനെ തലയെടുപ്പുള്ള ഉത്സവം നടത്തിപ്പുകാരെ കൊണ്ടും സമ്പന്നമായ ആ പ്രോഗ്രാമിലേക്ക് അതിഥിയായി എതാൻ പ്രേക്ഷകർ ഏറെ കൊതിക്കുന്ന ഒരു നടനാണ് ദിലീപ്. മിമിക്രി ലോകത്ത് നിന്ന് തന്നെ സിനിമ ലോകത്തേക്ക് വന്ന ദിലീപും അങ്ങനെ കോമഡി ഉത്സവത്തിന്റെ വേദിയിലേക്ക് എത്തുകയാണ്. ബി ഉണ്ണികൃഷ്ണൻ സംവിധാനം നിർവഹിക്കുന്ന തന്റെ പുതിയ ചിത്രം കോടതിസമക്ഷം ബാലൻ വക്കീലിന്റെ പ്രചാരണാർത്ഥമാണ് ദിലീപ് കോമഡി ഉത്സവം വേദിയിലെത്തുന്നത്.
ഫെബ്രുവരി 21നാണ് ചിത്രം തീയറ്ററുകളിൽ എത്തുന്നത്. സിദ്ധിഖ്, രഞ്ജി പണിക്കർ, അജു വർഗീസ്, സുരാജ് വെഞ്ഞാറമൂട്, മമ്താ മോഹൻദാസ്, ലെന, ബിന്ദു പണിക്കർ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. വിയകോം 18 മോഷൻ പിക്ചേഴ്സ് നിർമിക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് അഖിൽ ജോർജാണ്. ഗോപി സുന്ദറാണ് സംഗീതം.