സുരാജ് വെഞ്ഞാറമൂട്, സൗബിൻ ഷാഹിർ എന്നിവർ ഒന്നിച്ച വികൃതി പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി മുന്നേറുകയാണ്. കൊച്ചി മെട്രോയിൽ ഒന്നുറങ്ങി പോയതിന് സോഷ്യൽ മീഡിയയിൽ വളച്ചൊടിക്കപ്പെട്ട് അപമാനിക്കപ്പെട്ട എൽദോയെന്ന വ്യക്തിയുടെ കഥയാണ് ചിത്രം പറയുന്നത്. പ്രേക്ഷകർ നെഞ്ചേറ്റിയ ചിത്രത്തിന് ഇപ്പോഴിതാ സംവിധായകൻ ലാൽ ജോസിന്റെ അഭിനന്ദനങ്ങളും.
തനിക്കു ഒരുപാട് ഇഷ്ടമായി ഈ ചിത്രം എന്നും ഇതൊരു മനോഹരമായ ചിത്രമെന്നും ലാൽ ജോസ് പറയുന്നു. ഇതേ കാലഘട്ടത്തിന്റെ സിനിമ ആണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ഇതുപോലെ ചില സാഹചര്യങ്ങളിലൂടെ കടന്നു പോകേണ്ടി വന്നത് കൊണ്ട് വൈകാരികമായി ഈ ചിത്രത്തോട് കൂടുതൽ അടുക്കാൻ തനിക്കു സാധിച്ചു എന്നും ലാൽ ജോസ് പറയുന്നു. ഇപ്പോൾ തന്റെ പേരിൽ വാട്സാപ്പിൽ പ്രചരിക്കുന്ന വോയിസ് ക്ലിപ്പിനെ കുറിച്ചും അതുപോലെ നാലഞ്ച് വർഷങ്ങൾക്കു മുൻപ് തന്റെ ഒരു വീഡിയോ ഉപയോഗിച്ച് ചുണ്ടിന്റെ ചലനം മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തെ കുറിച്ചും ലാൽ ജോസ് വിശദീകരിച്ചു.
ഇപ്പോഴത്തെ ചെറുപ്പക്കാർ തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ് വികൃതി എന്ന് പറഞ്ഞ ലാൽ ജോസ്, അന്യന്റെ സ്വകാര്യതയിലേക്കും ജീവിതത്തിലേക്കും നമ്മൾ അനാവശ്യമായി തലയിടുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങളും നമ്മുക്ക് കാണിച്ചു തരുന്നു എന്നും പറയുന്നു. ഒപ്പം ഇതിലെ നായികാ വേഷം ചെയ്ത വിൻസിക്കു ലഭിക്കുന്ന അഭിനന്ദനങ്ങളും ഏറെ സന്തോഷം നൽകുന്നു എന്ന് ലാൽ ജോസ് പറയുന്നു. ലാൽ ജോസ് അവതരിപ്പിച്ച നായികാ നായകൻ എന്ന റിയാലിറ്റി ഷോയിലൂടെ എത്തിയ നടി ആണ് വിൻസി.