മെഗാസ്റ്റാർ മമ്മൂട്ടി നായകനായ ബ്രഹ്മാണ്ഡചിത്രം മാമാങ്കം ക്രിസ്മസ് റിലീസ് ആയി ഇന്നലെയാണ് തീയേറ്ററുകളിലെത്തിയത്. ഒരു യുദ്ധ സിനിമ എന്നതിനേക്കാൾ ഒരു ഇമോഷണൽ ചിത്രമായിട്ടാണ് മാമാങ്കം ഒരുക്കിയിരിക്കുന്നത്. 55 കോടിയോളം മുതൽമുടക്കിൽ എം പദ്മകുമാർ ആണ് ചിത്രം സംവിധാനം ചെയ്തത്. കാവ്യ ഫിലിംസിന്റെ ബാനറിൽ വേണു കുന്നപ്പള്ളി ആണ് ചിത്രം നിർമ്മിക്കുന്നത്. ശങ്കർ രാമകൃഷ്ണൻ തിരക്കഥ ഒരുക്കിയ ഈ ചിത്രത്തിൽ ഉണ്ണി മുകുന്ദൻ, മാസ്റ്റർ അച്യുതൻ, പ്രാചി ടെഹ്ലൻ എന്നിവരും നിർണ്ണായകമായ വേഷങ്ങളിൽ എത്തിയിട്ടുണ്ട്.
നൂറ്റാണ്ടുകൾക്ക് മുമ്പുള്ള മാമാങ്ക ചരിത്രം ആണ് ഈ ചിത്രം നമുക്ക് മുൻപിൽ അവതരിപ്പിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ നാല് ഭാഷകളിലായാണ് ചിത്രം റിലീസിനെത്തിയത്. മാമാങ്കത്തിന് പോകുന്ന ചാവേറുകളുടെ കഥ പറയുന്ന ഈ ചിത്രത്തിൽ ഒരു ചാവേർ ആയി മമ്മൂട്ടി എത്തുമ്പോൾ കളരി പയറ്റും അതുമായി ബന്ധപ്പെട്ട ആയോധന മുറകളുമാണ് ഇതിലെ ആക്ഷൻ രംഗങ്ങളിലും യുദ്ധ രംഗങ്ങളിലും ഉപയോഗിച്ചിരിക്കുന്നത്. ചിത്രത്തെ കുറിച്ച് പ്രശസ്ത സംവിധായകൻ എം എ നിഷാദ് ഫേസ്ബുക്കിൽ കുറിച്ച വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
#മാമാങ്കം….
മലയാള സിനിമയിലെ ഏറ്റവും ചിലവേറിയ സിനിമകളിലൊന്ന്. തീർച്ചയായും ഈ ചിത്രത്തിന്റെ നിർമ്മാതാവ് വേണു കുന്നപ്പളളിക്ക് അഭിമാനിക്കാം. അദ്ദേഹത്തിന് തന്നെയാണ് അഭിനന്ദനങ്ങൾ നൽകേണ്ടത്. ഒരുപാട് വൈതരണികൾ തരണം ചെയ്ത് ഈ സിനിമ പ്രദർശനത്തിനെത്തിച്ചതിന്. മമ്മൂട്ടി എന്ന നടന്റ്റെ ഗാംഭീര്യം നിറഞ്ഞ ശബ്ദവും, ആകാര ഭംഗിയും വേണ്ടുവോളം ഉപയോഗിച്ചിട്ടുണ്ട് ഈ ചിത്രത്തിൽ. ഉണ്ണിമുകുന്ദൻ ഈ അടുത്ത കാലത്ത് ചെയ്ത ഇരുത്തം വന്ന വേഷം, അച്ഛുതൻ എന്ന കൊച്ച് മിടുക്കനാണ് എടുത്ത് പറയേണ്ട താരം. ചെറുതെന്കിലും സുരേഷ് കൃഷ്ണയും മണിക്കുട്ടനും അവരവരുടെ ഭാഗം നന്നാക്കി. നായികയേക്കാളും മികച്ച് നിന്നത് ഇനിയയാണ്. അനു സിത്താരയും മോശമാക്കിയില്ല.മനോജ് പിളളയുടെ ക്യാമറക്ക് ഫുൾ മാർക്ക്. എം ജയചന്ദ്രന്റ്റെ പാട്ടുകൾ പതിവ് പോലെ നന്നായി. കൂറ്റൻ സെറ്റുകളും,സംഘട്ടന രംഗങ്ങളും, പടത്തിന്റ്റെ മാറ്റ് കൂട്ടി. എം ടി – ഹരിഹരൻ ടീമിന്റ്റെ ഒരു വടക്കൻ വീര ഗാഥയുമായിട്ട് ഈ ചിത്രത്തെ താരതമ്മ്യം ചെയ്യരുത്. അങ്ങനെ ചെയ്യുന്നത് അവിവേകമാണ് താനും. ഈ ചിത്രം കണ്ട് കൊണ്ടിരുന്നപ്പോൾ,ഞാൻ വളരെ ചെറുപ്പത്തിൽ കണ്ട പ്രേം നസീർ അഭിനയിച്ച മാമാങ്കം എന്ന സിനിമ ഓർമ്മ വന്നു. ആ സിനിമ കണ്ടപ്പോഴാണ് മാമാങ്കം എന്താണെന്ന് മനസ്സിലാക്കിയത്. അവിടെ നിന്ന് എത്രയോ ദൂരം നമ്മുടെ സിനിമ വളർന്നിരിക്കുന്നു. സാങ്കേതികമായി മറ്റ് ഭാഷാ ചിത്രങ്ങളോട്, മത്സരിക്കാൻ നമ്മൾ ശക്തരായിരിക്കുന്നു. ഒരിക്കൽ കൂടി കാവ്യാ ഫിലിംസിനും, നിർമ്മാതാവ് വേണുവിനും, അഭിനന്ദനങ്ങൾ. ഈ മാമാങ്ക ദിനത്തിൽ,പ്രേം നസീറിനെ വല്ലാതെ മിസ്സ് ചെയ്യുന്നു..പഴയ മാമാങ്കത്തിലെ പാട്ടും.