ലോകം മുഴുവൻ പ്രണയത്തിലാഴ്ന്ന് വാലെന്റൈൻസ് ഡേ ആഘോഷിക്കുവാനുള്ള ഒരുക്കത്തിലാണ്. പ്രണയത്തിന്റെയും കെട്ടുറപ്പുള്ള ബന്ധത്തിന്റെയും ഉദാത്തമാതൃകയായി ഇന്ത്യൻ സിനിമ ലോകത്ത് തന്നെ ആർക്കും അനുകരിക്കാവുന്ന ദമ്പതികളാണ് അജിത്തും ശാലിനിയും. 1999ൽ അമർക്കളം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിലാണ് ഇരുവരും പ്രണയിച്ചു തുടങ്ങുന്നത്. തൊട്ടടുത്ത വർഷം ഇരുവരും വിവാഹിതരാവുകയും ചെയ്തു. ഇപ്പോഴിതാ വിവാഹത്തിന് മുൻപ് ശാലിനിക്ക് നൽകിയ ഒരു ഉറപ്പ് അജിത് ഇത്ര നാളായിട്ടും തെറ്റിച്ചിട്ടില്ല എന്ന റിപ്പോർട്ട് ഏവരെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.
തന്റെ പ്രിയതമ ശാലിനിക്ക് വിവാഹത്തിന് മുൻപ് നൽകിയിരുന്ന വാഗ്ദാനം ഇപ്രകാരമായിരുന്നു. ഒരേ സമയം ഒന്നിൽ കൂടുതൽ സിനിമകൾ ചെയ്യില്ല, മാസത്തിൽ 15 ദിവസം മാത്രമേ ഷൂട്ടിങ്ങിന് പോകൂ, ബാക്കി 15 ദിവസവും കുടുംബത്തിന് ഒപ്പം ചിലവഴിക്കും. വിവാഹം കഴിഞ്ഞ് 20 വർഷങ്ങൾ കഴിഞ്ഞിട്ടും അന്ന് നൽകിയ ഒരു ഉറപ്പ് താരം തെറ്റിച്ചിട്ടില്ല എന്നാണ് അറിയുന്നത്. ഒരു അഭിമുഖത്തിൽ അജിത് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
സോഷ്യൽ മീഡിയയിൽ ഒന്നും തന്നെ അജിത്തിനെ കാണുവാൻ സാധിക്കില്ലെങ്കിലും അജിത് കുടുംബവുമൊത്തുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ നിരവധിയാണ്. അത് തന്നെ ആ വാഗ്ദാനം പാലിക്കുന്നതിനുള്ള തെളിവാണ്. തന്റെ അറുപതാമത്തെ ചിത്രമായ വലിമൈയുടെ ഷൂട്ടിംഗ് തിരക്കുകളിലാണ് തല അജിത്ത് ഇപ്പോൾ. എച്ച് വിനോദ് സംവിധാനം നിർവഹിക്കുന്ന ചിത്രം ഈ വർഷം ദീപാവലിക്ക് തീയറ്ററുകളിൽ എത്തും.