രാഷ്ട്രീയത്തിലേക്ക് കാലെടുത്തുവച്ചതോടെ നിരവധി വിമർശനങ്ങൾക്ക് വിധേയനായ താരമാണ് സുരേഷ് ഗോപി. ഏതവസ്ഥയിലും തനിക്കു പറയാനുള്ള കാര്യങ്ങൾ മുഖത്തുനോക്കി പറയുന്ന ഒരു വ്യക്തിത്വം കൂടിയാണ് താരത്തിന്റേത്. ഇപ്പോൾ താരത്തെ പിന്തുണച്ചുകൊണ്ട് മകനായ ഗോകുൽ സുരേഷ് രംഗത്തെത്തിയിരിക്കുകയാണ്. ഇനിയും കൂടുതൽ കരുത്ത് ഉണ്ടാകട്ടെ എന്ന് ആശംസിച്ചുകൊണ്ട് ഉള്ള ഗോകുൽ സുരേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ് ആണ് ഇപ്പോൾ തരംഗമാകുന്നത്. “പ്രതിസന്ധികളുടെ ഈ സമയത്ത്, അച്ഛൻ ഇപ്പോൾ ചെയ്യുന്നതും ഇതുവരെ ചെയ്തിട്ടുള്ളതുമായ കാര്യങ്ങൾ പലരും മനഃപൂർവം അവഗണിക്കുകയും വിമർശിക്കുകയും ചെയ്യുമ്പോഴും, പറയാനുള്ളത് പരസ്യമായി തന്നെ പറയുന്ന അച്ഛനെ കാണുമ്പോൾ മനസു നിറയുന്നു.
ഇനിയും കൂടുതൽ കരുത്തുണ്ടാകട്ടെ അച്ഛാ!,” എന്നാണ് ഗോകുൽ സുരേഷ് ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. സുരേഷ് ഗോപിയെ നായകനാക്കി നിധിൻ രഞ്ജിപണിക്കർ ഒരുക്കുന്ന ചിത്രമാണ് കാവൽ. ഈ ചിത്രത്തിലെ ഒരു രംഗം പങ്കുവെച്ചു കൊണ്ടാണ് ഗോകുൽ സുരേഷ് ഫേസ്ബുക്ക് പോസ്റ്റ് കുറിച്ചിരിക്കുന്നത്. ചില സമയങ്ങളിൽ നല്ല കാര്യങ്ങൾ തകർന്നു പോകുന്നത് കൂടുതൽ നല്ല കാര്യങ്ങൾ വന്നു ചേരാനാണെന്ന മെർലിൻ മൺറോയുടെ വാക്കുകളും പോസ്റ്റിൽ പരാമർശിച്ചിരുന്നു. സർക്കാരിന്റെ നിർദ്ദേശപ്രകാരം എല്ലാവരും വീട്ടിൽ ആയിരിക്കുമ്പോൾ അത് സ്വീകരിക്കാതെ പുറത്തിറങ്ങി നടക്കുന്ന ആളുകൾക്കെതിരെ നടപടിയെടുക്കണമെന്ന രീതിയിൽ സുരേഷ്ഗോപി ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു.