ഏറെ പ്രിയപ്പെട്ട വളര്‍ത്തുനായയുടെ വിയോഗത്തില്‍ മനംനൊന്ത് സംഗീത സംവിധായകന് ഗോപി സുന്ദറും ഗായിക അഭയ ഹിരണ്മയിയും. തങ്ങളുടെ പ്രിയപ്പെട്ട വളര്‍ത്തുനായയെ ഓര്‍ത്തുള്ള വൈകാരികമായ കുറിപ്പ് ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. പഗ്ഗ് ഇനത്തില്‍പ്പെട്ടതായിരുന്നു ഗോപി സുന്ദറിന്റെ വളര്‍ത്തുനായയായ ഹിയാഗോ. അഭയ ഹിരണ്മയിക്കും ഏറെ പ്രിയപ്പെട്ടവളായിരുന്നു ഈ നായക്കുട്ടി.
വളരെ മനോവിഷമത്തോടെയാണ് താനിതെഴുതുന്നതെന്നും ആര്‍ക്കെങ്കിലും തന്റെ വിഷമം മനസിലാകുമോ എന്നറിയില്ലെന്നും ഗോപി സുന്ദര്‍ കുറിച്ചു. ഒരു വളര്‍ത്തുനായ എന്ന രീതിയില്‍ അവളെ വിശേഷിപ്പിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. തങ്ങളിലൊരാളായിരുന്ന അവള് വിടപറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ പന്ത്രണ്ട് വര്‍ഷങ്ങളായി അവള് തന്റെ കൂടെയുണ്ട്. ഒരു പക്ഷേ തന്നെക്കാളും അവളായിരിക്കും എല്ലാം ഓര്‍ക്കുന്നുണ്ടാകുക. ചെന്നൈ മറീന ബീച്ചിലൂടെയുള്ള അവളുടെ ആദ്യ ചുവടുകള്‍, ഒരു മാസം മാത്രം പ്രായമുണ്ടായിരുന്നപ്പോള്‍ അവളുടെ ചെറിയ പേടികളെല്ലാം മാറ്റിയെടുത്തു. തനിക്കെന്നപോലെ തന്റെ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും അവള് പ്രിയപ്പെട്ടവളായിരുന്നുവെന്നും ഗോപി സുന്ദര്‍ പറഞ്ഞു.
തങ്ങളുടെ സര്‍വ്വസ്വവും എന്നായിരുന്നു അഭയ ഹിരണ്മയി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. തങ്ങളുടെ അമ്മ, രാജകുമാരി ലോകത്തോട് വിടപറഞ്ഞിരിക്കുരകയാണ്. തങ്ങളെ നല്ലവണ്ണം നോക്കിയതിന് നന്ദി. ഒന്നും എഴുതാന്‍ പറ്റുന്നില്ല എന്നതാണ് സത്യം. വിരാകങ്ങള്ക്കും വാക്കുകള്‍ക്കും മുകളിലാണ് നീയുള്ളത്. നീ ഇപ്പോഴും ഒരു മനുഷ്യനാണോ നായക്കുട്ടിയാണോ എന്ന് പോലും തനിക്ക് ഉറപ്പില്ല. നീ തങ്ങള്‍ക്ക് എല്ലാമായിരുന്നുവെന്നും അഭയ കുറിച്ചു.