Wednesday, September 30

ചിരിപ്പിച്ചും പ്രണയിപ്പിച്ചും ഒരു കിടിലൻ സവാരി | ഗൗതമന്റെ രഥം റിവ്യൂ

Pinterest LinkedIn Tumblr +

രഥം എന്നെല്ലാം കേൾക്കുമ്പോൾ മലയാളിക്ക് ആദ്യം ഓര്മ വരുന്നത് യുദ്ധവും മറ്റുമാണ്. പൈപ്പിൻ ചുവട്ടിലെ പ്രണയത്തിന് ശേഷം നീരജ് മാധവ് നായകനായി അഭിനയിക്കുന്ന ഗൗതമന്റെ രഥം പ്രേക്ഷകർക്ക് വേറിട്ടൊരു ദൃശ്യവിരുന്ന് സമ്മാനിച്ച് തീയറ്ററുകളിൽ എത്തിയിരിക്കുകയാണ്. ജയറാം നായകനായ ദി കാറിന് ശേഷം കാറിനെ കേന്ദ്രീകരിച്ച് പുറത്തിറക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നവാഗതനായ ആനന്ദ് മേനോനാണ്.

ഗൗതമൻ എന്ന യുവാവ് ഇടത്തരം കുടുംബത്തിൽ ഒരു അംഗമാണ്. ഒരു കാർ സ്വന്തമാക്കുക എന്നത് ചെറുപ്പം മുതലേ ഗൗതമന്റെ വലിയൊരു സ്വപ്നമാണ്. അതിലേക്കുള്ള കഠിന പ്രയത്നത്തിലുമാണ് ഗൗതമൻ. എന്നാൽ ഗൗതമൻ പ്രതീക്ഷിച്ചിരുന്നതിൽ ഒരുപാട് താഴേക്ക് പോയി ഒരു നാനോ കാറാണ് മാതാപിതാക്കൾ ഗൗതമന് സമ്മാനിക്കുന്നത്. സുഹൃത്തുക്കൾക്കിടയിലെല്ലാം പരിഹാസനാകേണ്ടി വന്നെങ്കിലും ആ ചെറിയ കാർ ഗൗതമന് പകരുന്നത് വലിയ ജീവിതാനുഭങ്ങളാണ്. രസകരമായ ആ യാത്ര സങ്കീർണമാകുന്നത് ഗൗതമന്റെ രഥം എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. കയറ്റങ്ങളും ഇറക്കങ്ങളുമായി മുന്നോട്ട് കുതിക്കുന്ന ജീവിതത്തിന്റെ ഒരു നേർക്കാഴ്ച തന്നെയാണ് ചിത്രം പറഞ്ഞു വെക്കുന്നത്. ഗൗതമൻ എന്ന ഈ യുവാവ് തന്റെ രഥത്തിൽ നിന്നും നേടിയെടുത്ത അറിവ് പ്രേക്ഷകർക്കും ജീവിതത്തിൽ പകർത്താവുന്ന ഒന്നാണ്.

തനി സാധാരണക്കാരനായി, യഥാർത്ഥ ജീവിതം നിറഞ്ഞു നിൽക്കുന്ന ഗൗതമനെ പോലെയുള്ളവരെ നമുക്ക് ചുറ്റും കാണുവാൻ സാധിക്കും. അതിനാൽ തന്നെ പ്രേക്ഷകർക്ക് ജീവിതത്തോട് ഏറെ ചേർത്ത് നിർത്താവുന്ന ഒരാളാണ് ഗൗതമനും. ആ കഥാപാത്രത്തെ അതിന്റെ പൂർണതയിൽ തന്നെ അവതരിപ്പിക്കുവാൻ നീരജ് മാധവിനും സാധിച്ചിട്ടുണ്ട്. സ്വപ്‌നങ്ങളും നിഷ്കളങ്കതയും നിറഞ്ഞ ആ കഥാപാത്രം നീരജിന്റെ കൈകളിൽ ഭദ്രമാണ്. വെങ്കിടിയായി ചിരിപ്പിക്കുവാൻ ബേസിൽ ജോസഫും മുന്നിൽ നിൽക്കുന്നുണ്ട്. ഗൗതമനും മുത്തശ്ശിയും തമ്മിലുള്ള കെമിസ്‌ട്രി തന്നെയാണ് ചിത്രത്തിന്റെ മറ്റൊരു പ്ലസ് പോയിന്റ്. മുത്തശ്ശിയായി എത്തിയ വത്സല മേനോൻ മികച്ച പ്രകടനം കാഴ്ച്ച വെച്ചപ്പോൾ ഗൗതമന്റെ അച്ഛനും അമ്മയുമായി രഞ്ജി പണിക്കരും ദേവി അജിത്തും മികച്ചു നിന്നു. തൊബാമയിലൂടെ അരങ്ങേറ്റം കുറിച്ച പുണ്യ എലിസബത്ത് പ്രേക്ഷക മനം കീഴടക്കുന്ന സ്‌ക്രീൻ പ്രെസെൻസുമായി നല്ലൊരു പ്രകടനം കാഴ്‌ച വെച്ചിട്ടുണ്ട്.

പ്രേക്ഷകന് അവരുടെ ജീവിതത്തോട് ചേർത്ത് വെക്കാവുന്ന തിരക്കഥ ചിത്രത്തിന്റെ നട്ടെല്ലാണ്. സംവിധായകൻ ആനന്ദ് മേനോൻ തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അങ്കിത് മേനോൻ ഈണമിട്ട ഗാനങ്ങൾ ഇതിനകം തന്നെ സൂപ്പർഹിറ്റാണ്. രഥത്തിന്റെ യാത്രയെ ആസ്വാദ്യകരമാക്കുന്നതിൽ ആ സംഗീതവും ഏറെ പങ്ക് വഹിച്ചിട്ടുണ്ട്. വിഷ്‌ണു ശർമ മനോഹരമായ വിഷ്വൽസ് ഒരുക്കി പ്രേക്ഷകരെ രസിപ്പിക്കുന്നതിൽ മുന്നിട്ട് നിന്നു. അതോടൊപ്പം അപ്പു ഭട്ടതിരിയുടെ എഡിറ്റിംഗും പ്രശംസനീയമാണ്. കുടുംബസമേതം ആസ്വദിക്കാവുന്ന ഒരു മികച്ച സവാരി തന്നെയാണ് ഗൗതമന്റെ രഥം.

“Lucifer”
Loading...
Share.

About Author

Comments are closed.