മലയാളി പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ച ത്രില്ലർ ഹെലൻ മാറ്റങ്ങളോടെ ബോളിവുഡിലേക്. അന്നാ ബെൻ മനോഹരമാക്കിയ ഹെലെന്റെ വേഷത്തിൽ ജാൻവി കപൂർ ആയിരിക്കും ബോളിവുഡിൽ എത്തുക.
അടുത്ത വർഷമായിരിക്കും ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുക. ബോണി കപൂറും സീ സ്റ്റുഡിയോസും സംയുക്തമായാണ് ചിത്രം നിർമ്മിക്കുന്നത്.
നേരത്തെ ചിത്രത്തിന്റെ കന്നഡ റീമേക്കും വിറ്റു പോയിരുന്നു. എം അരുൺ കുമാർ, സാബു അലോഷ്യസ് എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തിന് പേരിട്ടിട്ടില്ല. അന്ന ബെന്നിന്റെ മികവുറ്റ പ്രകടനം ആയിരുന്നു , മാത്തുക്കുട്ടി സേവ്യർ സംവിധാനം ചെയ്ത ഹെലന്റെ ഹൈലൈറ്റ്. റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയായ ലാസ്യ നാഗരാജ് കന്നടയിലെ ഹെലൻ ആകും. കന്നഡ സംവിധായകൻ ലോഹിതിന്റെ ഫ്രൈഡേ ഫിലിംസും ആയി ചേർന്ന് സിൽവർ ട്രെയിൻ ഇന്റർനാഷണൽ ആണ് ചിത്രം നിർമ്മിക്കുന്നത്.
ആനന്ദത്തിന് ശേഷം ഹാബിറ്റ് ഓഫ് ലൈഫിന്റെ ബാനറിൽ വിനീത് ശ്രീനിവാസൻ നിർമിച്ച രണ്ടാമത്തെ ചിത്രമാണ് ഹെലൻ .കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു ഹെലൻ. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച സർവൈവൽ ചിത്രങ്ങളിൽ ഒന്നാണ് ഹെലൻ. മാത്തുക്കുട്ടി സേവ്യർ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ കുമ്പളങ്ങി ഫെയിം അന്ന ബെന്നാണ് നായിക.അന്ന ബെന്നിന്റെ ഗംഭീര പ്രകടനം ചിത്രത്തിന്റെ ഏറ്റവും വലിയ കരുത്താണ്.