Wednesday, February 24

ഞെട്ടിപ്പോയ അജുവാണ് എന്നെ തട്ടിയിട്ട് വിനീത് ചെയ്യാമെന്നാണ് പറഞ്ഞതെന്ന് എന്നോട് പറഞ്ഞത്..! ഹൃദയത്തെ കുറിച്ച് ഹൃദയം തുറന്ന് നിർമാതാവ് വിശാഖ് സുബ്രഹ്മണ്യം

Pinterest LinkedIn Tumblr +

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന പ്രണവ് മോഹൻലാൽ ചിത്രമാണ് ഹൃദയം. ഇതുവരെ ഒന്നിക്കാത്ത ഒരു കൂട്ടുകെട്ടിന്റെ ഒത്തുചേരൽ എന്ന നിലയിൽ ഏറെ പ്രതീക്ഷയോടും ആകാംക്ഷയോടെയും പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് ഹൃദയം. ലോക്ക് ഡൗണിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ മുടങ്ങുകയുണ്ടായി. എങ്കിലും ഇത്തിരി കാത്തിരുന്നാലും പ്രേക്ഷകർക്ക് വളരെ മികച്ച ഒരു സിനിമ നൽകാം എന്ന പ്രതീക്ഷയാണ് ചിത്രത്തിന്റെ നിർമാതാവ് വിശാഖിന് ഉള്ളത്. മേരിലാണ്ട് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം ആണ് ചിത്രം നിർമ്മിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകളിലൂടെ

ലൗ ആക്ഷൻ ഡ്രാമക്ക് ശേഷം ഫന്റാസ്റ്റിക് ഫിലിംസ് നിർമിക്കുന്ന രണ്ടാമത്തെ ചിത്രമായ സാജൻ ബേക്കറിയുടെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടന്നുകൊണ്ടിരിക്കുകയാണ്. വിനീത് ശ്രീനിവാസൻ – പ്രണവ് – കല്യാണി ചിത്രം ഹൃദയത്തിന്റെ ഷൂട്ടിങ് ചെന്നൈയിൽ നടന്നുക്കൊണ്ടിരിക്കുകയായിരുന്നു. ഏകദേശം പകുതിയോളം പൂർത്തിയായപ്പോഴാണ് ലോക്ക് ഡൗൺ വന്നത്. ഇപ്പോൾ തൽക്കാലം ചിത്രം ഹോൾഡ് ചെയ്‌തിരിക്കുകയാണ്. പ്രണവിനെ വെച്ച് എന്നെങ്കിലും ഒരു ചിത്രം ചെയ്യുന്നുണ്ടെങ്കിൽ എന്നോട് പറയണമെന്ന് ഞാൻ വിനീതിനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ആദി അപ്പോൾ റിലീസായിരുന്നില്ല. വിനീതാകട്ടെ ജേക്കബിന്റെ സ്വർഗ്ഗരാജ്യം കഴിഞ്ഞു നിൽക്കുന്ന സമയവും. ആ സമയത്ത് വിനീതിന്റെ കൈയ്യിൽ പ്രണവിന് പറ്റിയ തിരക്കഥ ഒന്നുമുണ്ടായിരുന്നില്ല. കൂടാതെ വിനീത് – നിവിൻ കോംബോ തിളങ്ങി നിൽക്കുന്ന സമയവും. എങ്കിലും പ്രണവിനെ വെച്ചൊരു സിനിമ പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ തീർച്ചയായും എന്നോട് പറയാമെന്നും പറഞ്ഞു. ഞാനും പ്രണവും ചെറുപ്പം മുതലേ അടുത്ത സുഹൃത്തുക്കളാണ്. ഒരുമിച്ച് കളിച്ചു വളർന്ന എനിക്ക് പ്രണവ് മറ്റൊരു തലത്തിലേക്ക് ഉയരുന്നത് കാണുവാൻ ഏറെ സന്തോഷവുമാണ്.

ആദി കണ്ടപ്പോൾ പ്രണവിന്റെ കണ്ണുകൾ വിനീതിന് ഏറെ ഇഷ്ടപ്പെട്ടിരുന്നു. കുറച്ചു നാൾ കഴിഞ്ഞപ്പോൾ ഒരു കഥ എഴുതുവാൻ തുടങ്ങി എന്നും എന്നോട് പറഞ്ഞു. അപ്പോഴും എന്നോട് കൂടുതലൊന്നും പറയുന്നില്ല. കൂട്ടുകാരൊക്കെ ഒന്നിച്ചിരിക്കുമ്പോൾ ഞാൻ ഇടക്കിടക്ക് പ്രണവിന്റെ കാര്യം ഓർമപ്പെടുത്താറുമുണ്ട്. എഴുത്തെല്ലാം കഴിഞ്ഞപ്പോൾ വിനീത് എന്റെ അടുത്ത് വന്ന് പ്രണവിന് ചെയ്യാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നുണ്ട് എന്ന് പറഞ്ഞു. എനിക്കും പ്രണവിനും ചെയ്യാമെന്ന് ഉറപ്പ് വന്നാലേ ചെയ്യാൻ പറ്റൂവെന്നും വിനീത് കൂട്ടിച്ചേർത്തു. ഞാൻ ആണെങ്കിൽ ആകെ ആവേശത്തിലായി.

കൂട്ടുക്കാർ തമ്മിൽ ഡേറ്റ് കൊടുക്കുക എന്നതാണ് ഏറ്റവും ക്ലേശകരം. അരവിന്ദന്റെ അതിഥികൾ പ്രീ പ്രൊഡക്ഷൻ വർക്കുകൾ നടക്കുന്ന സമയത്ത് ഞാൻ വിനീതിനെ കാണുവാൻ പോയി. അജു വർഗീസും അവിടെ ഉണ്ടായിരുന്നു. പ്രണവിന്റെ പടത്തിന്റെ കാര്യം ഒന്നുകൂടെ ഓർമിപ്പിക്കുവാൻ നിൽക്കുകയാണ് ഞാനെന്ന് വിനീതിനോട് പറഞ്ഞു. ‘ഹാ എടാ നമുക്ക് ചെയ്യാം..’ എന്ന് വിനീത് പറഞ്ഞത് ഞാൻ കേട്ടില്ല. എനിക്ക് എപ്പോഴെങ്കിലും ചെയ്‌തു തന്നാൽ മതിയെന്ന് ഞാൻ പറഞ്ഞു കൊണ്ടിരിക്കുകയാണ്. അപ്പോൾ ഞെട്ടിപ്പോയ അജുവാണ് എന്നെ തട്ടിയിട്ട് അവൻ ചെയ്യാമെന്നാണ് പറഞ്ഞതെന്ന് എന്നോട് പറയുന്നത്. അതിന്റെ തലേ ദിവസം അജുവിന്റെ അടുത്ത് എനിക്ക് മെറിലാൻഡ് ഒന്ന് തിരിച്ചുകൊണ്ടു വരണമെന്ന് പറഞ്ഞിരുന്നു. അജുവും, ധ്യാനും,വിനീതുമാണ് മെറിലാൻഡ് തിരികെ കൊണ്ടുവരണമെന്ന് എന്നോട് എപ്പോഴും ആവശ്യപ്പെട്ടിരുന്നത്. വിനീതിന്റെ പടമാണ് എനിക്കാഗ്രഹമെന്നും അപ്പുവായിരുന്നെങ്കിൽ കൊള്ളാമായിരുന്നെന്നും ഞാൻ പറഞ്ഞു. ലാൽചേട്ടന്റെ മകനും ശ്രീനിയങ്കിളിന്റെ മകനും വരുമ്പോൾ നായികയായി പ്രിയനങ്കിളിന്റെ മകൾ കൂടി വന്നിരുന്നേൽ കൊള്ളാമായിരുന്നു എന്ന് ഞാൻ വെറുതെ പറഞ്ഞതാണ്. പക്ഷേ വിനീതിന്റെ മനസ്സിലും ഇതേ കോമ്പിനേഷനാണെന്ന് പിന്നീടാണ് അറിഞ്ഞത്. ഞാനൊരു ഡ്രീം പ്രൊജക്റ്റായി ചിന്തിച്ചതും വിനീതിന്റെ മനസ്സിൽ ഉള്ളതുമെല്ലാം ഒരേ കാര്യങ്ങളായിരുന്നു. ഈ പ്രോജെക്ടിലാണ് ഞങ്ങൾ ഒന്നിക്കേണ്ടതെന്ന് എവിടെയോ എഴുതി വെച്ചിട്ടുള്ളത് പോലെയാണിത്. പതിനേഴ് വയസ്സ് മുതൽ മുപ്പത് വയസ്സ് വരെയുള്ള ഒരു യുവാവിന്റെ ജീവിതമാണ് ഹൃദയം പറയുന്നത്. അതിൽ ഓരോരുത്തർക്കും അവരുടെ ജീവിതത്തിലേക്ക് ചേർത്ത് നിർത്താവുന്ന എല്ലാ ഘടകങ്ങളും ചിത്രത്തിലുണ്ട്.

സെറ്റിൽ ഏറ്റവുമാദ്യം വരുന്നയാളും ഏറ്റവും വിനയവമുള്ളയാളാണ് അപ്പു. അച്ഛനേക്കാളും വിനയമുണ്ടെന്നാണ് സെറ്റിലുള്ളവർ പറയുന്നത്. ഹെയർ ഡ്രെസ്സർ ആയാലും പ്രൊഡക്ഷൻ കൺട്രോളറായാലും ഡ്രൈവർ ചേട്ടൻമാരായാലും അപ്പുവിന്റെ വിനയം കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ്. നിരവധി പേരുടെ കൂടെ വർക്ക് ചെയ്തിട്ടുള്ളവരാണ് അവർ. പ്രണവിനൊപ്പം ഇനിയും വർക്ക് ചെയ്യണമെന്നാണ് അവർക്ക് ഇപ്പോൾ ആഗ്രഹം. അപ്പു ആരോടും നോ പറയില്ല. ആറുമണിക്കാണ് ഷൂട്ടെങ്കിൽ അഞ്ചരക്ക് അപ്പു സെറ്റിലെത്തും. എല്ലാവരോടും ‘ഹായ് ചേട്ടാ സുഖമാണോ’ എന്ന് ചോദിക്കും. 35 ദിവസം ഷൂട്ട് നടന്നു. ഈ ദിവസങ്ങളിലെല്ലാം അപ്പു എല്ലാവരോടും ഇങ്ങനെയാണ് പെരുമാറിയത്. പ്രണവ് വന്നതോടെ സെറ്റിലെ ഏറ്റവും വിനയവും നിഷ്കളങ്കതയുമുള്ളയാൾ എന്ന പദവി വിനീതിന് ഇപ്പോൾ നഷ്ടപ്പെട്ടിരിക്കുകയാണ്.

കല്യാണിയുടെ ഭാഗങ്ങൾ ഷൂട്ട് ചെയ്‌തു തുടങ്ങിയിട്ടില്ല. എങ്കിലും എന്നും കല്യാണി വിളിച്ച് ഷൂട്ടിന് ജോയിൻ ചെയ്യണമെന്ന് പറയും. അത്രക്കും ആവേശത്തിലാണ് കല്യാണി. എല്ലാവരും ഹൃദയത്തിന്റെ കാര്യത്തിൽ വളരെ ആവേശത്തിലാണ്. ഹൃദയം കഴിഞ്ഞിട്ടേ എല്ലാവരും വേറെ ഏതെങ്കിലും പ്രോജെക്ടിലേക്ക് പോവുകയുള്ളൂ. പ്രണവിനോട് കഥ പറയുവാൻ പോയപ്പോൾ ഞാനുമുണ്ടായിരുന്നു. കല്യാണിയോട് കഥ പറയുവാൻ പോയത് വിനീതാണ്. അപ്പോൾ പ്രിയൻ സാറും അവിടെ ഉണ്ടായിരുന്നു. വിനീതിനോട് ഒരു ഹായ് പറഞ്ഞിട്ട് പോയ പ്രിയനങ്കിൾ നാല് മണിക്കൂർ കഴിഞ്ഞ് വന്നപ്പോൾ ഇന്റർവെൽ ആയിട്ടേയുള്ളു. പ്രിയനങ്കിൾ ഒക്കെയാണെങ്കിൽ അര മണിക്കൂർ അല്ലെങ്കിൽ ഒരു മണിക്കൂർ കൊണ്ട് കഥ പറയും. നീയെന്താടാ ഇവിടെ ബാഹുബലി വല്ലതും പറഞ്ഞു കൊണ്ടിരിക്കുകയാണോ എന്നാണ് പ്രിയനങ്കിൾ വിനീതിനോട് ചോദിച്ചത്. അത്രക്ക് ഡീറ്റൈൽഡാണ് വിനീതിന്റെ കഥ പറച്ചിൽ. അതിൽ ഒന്നും കൂട്ടിച്ചേർക്കാനില്ല. പ്രൊഡ്യൂസർക്ക് ആവശ്യമില്ല എന്ന് തോന്നുന്നത് മാത്രം വെട്ടിക്കുറക്കും.അനാവശ്യമായ രീതിയിലുള്ള ഒരു ചിലവും വിനീതിന്റെ ഭാഗത്ത് നിന്നും ഉണ്ടാകാറില്ല. 50 ദിവസം പ്ലാൻ ചെയ്തിരുന്ന ഷൂട്ട് വെറും മുപ്പത്തഞ്ച് ദിവസം കൊണ്ടാണ് വിനീത് പൂർത്തിയാക്കിയത്. ഒരു സുഹൃത്ത് എന്ന നിലയിലും എനിക്ക് യാതൊരു ടെൻഷനും ഉണ്ടാകുവാൻ വിനീത് സമ്മതിക്കാറില്ല. ആ ടെൻഷൻ മുഴുവൻ വിനീതിനാണ്. എത്രത്തോളം ചിലവ് ചുരുക്കി എന്നാൽ ക്വാളിറ്റിക്ക് ഒട്ടും കോട്ടം തട്ടാത്ത വിധമാണ് വിനീത് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്. പ്രണവിനൊപ്പം സുചിത്ര ചേച്ചി കൂടിയാണ് കഥ കേട്ടത്. ഇതാണ് പ്രണവ് ചെയ്യേണ്ട പടമെന്നാണ് സുചിത്ര ചേച്ചി പറഞ്ഞത്.

teevandi enkile ennodu para
Loading...
Share.

About Author

Comments are closed.