കാളിദാസ് ജയറാം, ഐശ്വര്യ ലക്ഷ്മി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഫുട്ബോളിന്റെ പശ്ചാത്തലത്തിൽ സൗഹൃദവും പ്രണയവും നിറച്ച അർജന്റീന ഫാൻസ് കാട്ടൂർക്കടവ് വിജയകരമായി പ്രദർശനം തുടരുകയാണ്. ആഷിഖ് ഉസ്മാൻ നിർമ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ സംവിധാനം മിഥുൻ മാനുവൽ തോമസാണ്. ഇപ്പോഴിതാ ചിത്രത്തിന് ആശംസകളുമായി എത്തിയിരിക്കുകയാണ് ഇന്ത്യൻ ഫുട്ബോൾ ഇതിഹാസമായ ഐ എം വിജയൻ. നമ്മുടെ ഇടയിൽ തന്നെ നടക്കുന്ന കാര്യമാണിതെന്നും ഫുട്ബോളിനെ സ്നേഹിക്കുന്ന, വളർന്ന് വരുന്ന പുതിയ തലമുറ തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ചിത്രത്തിനുള്ള അഭിനന്ദനം അറിയിച്ചത്. “ഞാൻ സകുടുംബം പോയി കണ്ട ചിത്രം. ഗ്രാമീണ അന്തരീക്ഷത്തിൽ കാളിദാസൻ ജയറാം തകർത്തു. പ്രണയവും സൗഹൃദവും ഫുടബോൾ കാഴ്ചകളും എല്ലാം ചേർന്ന അർജന്റീന ഫാൻസ്’ കാട്ടൂർക്കടവ്. ഫുട്ബോളിന് സ്നേഹിക്കുന്ന എല്ലാവരും പോയി കാണണം.” ഐ എം വിജയൻ ഫേസ്ബുക്കിൽ കുറിച്ചു.