മരിച്ചു കഴിഞ്ഞാൽ നമ്മളൊക്കെ എങ്ങോട്ട് പോകും? എല്ലാവരും ചോദിക്കുന്ന ഒരു ചോദ്യം തന്നെയാണിത്. മതങ്ങളും ശാസ്ത്രവും തത്വചിന്തകരും പല ഉത്തരങ്ങളും തരുന്നുണ്ട്. പക്ഷേ അതിന്റെ സുന്ദരമായ ഒരു ഉത്തരമാണ് രോഹിത് വി എസ് ഒരുക്കിയ ആസിഫ് അലി ചിത്രം ഇബ്ലിസ് തന്നിരിക്കുന്നത്. വെറൈറ്റി എന്ന് പറഞ്ഞാൽ പോരാ.. പക്കാ വെറൈറ്റി ചിത്രം തന്നെയാണിത്. ഫാന്റസിയിലൂടെ ഇന്നത്തെ സമൂഹത്തേയും അതിന്റെ പല ആചാരങ്ങളേയും കണക്കറ്റ് വിമർശിക്കുന്ന ഒരു കൊച്ചു ചിത്രം. കേവലമൊരു എന്റർടൈനർ എന്നതിനേക്കാൾ ചിത്രം പലതും പറഞ്ഞുവെക്കുന്നുണ്ട്. തന്റെ ആദ്യചിത്രമായ അഡ്വെഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടനിലും ഇത്തരത്തിൽ ഉള്ളൊരു വേറിട്ട കഥാവതരണ രീതിയാണ് രോഹിത് കൈകൊണ്ടതും കൈയ്യടികൾ നേടിയതും. മാറി ചിന്തിക്കുന്ന മലയാളികൾക്കിടയിൽ അവരെപ്പോലെ തന്നെ മാറി ചിന്തിക്കുന്ന സംവിധായകൻ. അതിനാൽ തന്നെ ഇത്തരം വ്യത്യസ്തമായ ചിത്രങ്ങൾ രോഹിത്തിൽ നിന്നും മലയാളികൾ ഇനിയും പ്രതീക്ഷിക്കുന്നു.

Iblis Malayalam Movie Review
ഇത് വൈശാഖന്റെ കഥയാണ്. വൈശാഖന്റെ പ്രിയപ്പെട്ടവളായ പലഹാരം ഉണ്ടാക്കുന്ന ബീവിയുടെ വീട്ടിലെ ഫിദയുടെ കഥയാണ്. വൈശാഖനെയും ഫിദയെയും ഒന്നിപ്പിക്കാൻ നടക്കുന്ന സർകീട്ടിന്റെ കഥയാണ്. ഒന്ന് തുമ്മിയാൽ പോലും ആളുകൾ മരിച്ചു വീഴുന്ന, മരണവീട്ടിൽ പൊട്ടികരച്ചിലുകൾക്ക് പകരം അട്ടഹാസങ്ങളും പലഹാരതീറ്റയും കൊണ്ട് നടക്കുന്ന ആളുകൾ ഉള്ള ഒരു ഗ്രാമം. പണ്ടെങ്ങോ ശാപം കിട്ടിയ ഒരു ഗ്രാമമാണത്. എന്തും ആഘോഷമാക്കുന്ന ഇന്നത്തെ സമൂഹത്തിന് നേരെ തിരിച്ചു വച്ചിരിക്കുന്ന ഒരു കണ്ണാടി തന്നെയാണ് ആ സാങ്കൽപിക ഗ്രാമം. പൊള്ളയായ ആചാരങ്ങളും വിലയില്ലാത്ത ജീവിതങ്ങളും നിറഞ്ഞ സമൂഹത്തെ ആക്ഷേപഹാസ്യരൂപത്തിൽ വിമർശിക്കുകയാണ് ഇബ്ലീസിലൂടെ.ആസിഫ് അലിയുടെ കരിയറിലെ ഇന്ന് വരെയുള്ള കഥാപാത്രങ്ങളിൽ നിന്നും ഏറെ വേറിട്ട് നിൽക്കുന്ന ഒന്നാണ് ഇബ്ലീസിലെ വൈശാഖൻ. ബി ടെക്കിലെ ക്ഷുഭിതനായ യുവാവിൽ നിന്നും ഇബ്ലീസിലെ നിഷ്കളങ്കനായ വൈശാഖനിലേക്കുള്ള ചുവടുമാറ്റം തീർച്ചയായും അത്ഭുതപ്പെടുത്തുന്നതാണ്. സമകാലിക സമൂഹത്തിലെ പലതും കണ്ട് അന്ധാളിച്ചു നിൽക്കുന്ന ഒരു പയ്യന്റെ പ്രതിരൂപം വൈശാഖന്റെ കണ്ണുകളിലും ഭാവങ്ങളിലും പ്രതിഫലിക്കുന്നുണ്ട്.

Iblis Malayalam Movie Review
മഡോണ സെബാസ്റ്റ്യൻ അവതരിപ്പിച്ച ഫിദയാണ് കൈയ്യടികൾ നേടുന്ന മറ്റൊരു കഥാപാത്രം. പലഹാരക്കൊതിയനായ വൈശാഖനെ പ്രണയിച്ച ഫിദ. യാഥാർഥ്യത്തിൽ നിന്നും കാല്പനികതയുടെ ലോകത്തേക്ക് പറിച്ച് നടപ്പെട്ട രണ്ടാം പകുതി മുഴുവൻ ഫിദയെ ചുറ്റിപ്പറ്റിയാണ്. ക്ലൈമാക്സിൽ പ്രകടനവും കൂടുതൽ പ്രശംസകൾക്ക് മഡോണയെ അർഹയാക്കുന്നു. കോമാളിയെന്ന് മറ്റുള്ളവരെ തോന്നിപ്പിച്ച്, യഥാർത്ഥത്തിൽ വിജയം നേടിയ ഒരു സർക്കീട്ടുക്കാരനായെത്തിയ ലാലും മറ്റൊരു മനോഹര പ്രകടനം തന്നെയാണ് കാഴ്ച വെച്ചത്. ആ ഒരു ഗെറ്റപ്പിന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ…! മരണവീട്ടിൽ പൊട്ടിച്ചിരിക്കുന്നവരെ എണ്ണ തേച്ച് കുളിച്ച് ബിരിയാണി കഴിക്കുന്ന ജിന്നിന്റെ കാര്യം പറഞ്ഞ് പേടിപ്പിക്കുന്ന സിദ്ധിഖിന്റെ ജബ്ബാറും തെളിയാത്ത ചിത്രമെടുത്ത് ഞെളിഞ്ഞു നടക്കുന്ന സൈജു കുറുപ്പിന്റെ സുകുമാരനും ഇതെല്ലാം കണ്ട് ശ്വാസംമുട്ടി കഴിയുന്ന അജു വർഗീസിന്റെ രാജാവുമെല്ലാം പല തരം പ്രതീകങ്ങളാണ്. ഒന്ന് ആലോചിച്ചു നോക്കിയാൽ നമുക്ക് ചുറ്റും കാണാവുന്ന പലരുടെയും പ്രതീകങ്ങൾ. അവർക്കൊപ്പം ബീവിയും കൂമനും മുസ്തഫയുമെല്ലാം ചേരുമ്പോൾ ചിത്രം പൂർണമാകുന്നു.

Iblis Malayalam Movie Review
സംവിധായകൻ രോഹിതിന്റെ തന്റെ കഥക്ക് സമീർ അബ്ദുൾ ഒരുക്കിയ തിരക്കഥയാണ് ഇബ്ലീസിന്റെ നട്ടെല്ല്. അധികം ആരും കൈ വെക്കാത്ത ഒരു പ്രമേയവും പ്രേക്ഷകരെ പിടിച്ചിരുത്തുന്ന വിധത്തിലുള്ള അതിന്റെ അവതരണവും ഇവർ ഇരുവരും ഒരുക്കിയ തിരക്കഥയിലൂടെ പ്രേക്ഷകരിലേക്ക് വിജയകരമായി എത്തിയിരിക്കുകയാണ്. ഡോൺ വിൻസെന്റിന്റെ ഗാനങ്ങളും പശ്ചാത്തല സംഗീതവും ആ ഒരു ആസ്വാദനത്തെ മനോഹരക്കിയിട്ടുണ്ട്. പ്രത്യേകിച്ചും പശ്ചാത്തലസംഗീതം. വൈശാഖന്റെ ചെറുപ്പം മുതൽ വളർച്ചയുടെ ഓരോ ഘട്ടത്തിലും BGMൽ അതിന്റെതായ ഒരു വ്യത്യാസം ഡോൺ കൊണ്ടു വന്നിട്ടുണ്ട്. മറ്റാരും സഞ്ചരിച്ചിട്ടില്ലാത്ത വഴികളിലൂടെ സഞ്ചരിക്കുന്ന ഇബ്ലീസിനെ മനോഹരമാക്കുവാൻ അഖിൽ ജോർജ് എന്ന ക്യാമറമാൻ എടുത്ത ഓരോ ഷോട്ടും വഹിച്ചിരിക്കുന്ന പങ്ക് വളരെ വലുതാണ്. ആസ്വാദകന്റെ കാഴ്ചയെ ഒട്ടും അലോസരപ്പെടുത്താതെ വിധം മനോഹരമായ എഡിറ്റിംഗ് നിർവഹിച്ച ഷമീർ മുഹമ്മദിനും അഭിനന്ദനങ്ങൾ. സ്വർഗത്തെ നരകമാക്കിയവർക്ക് ഒരു തിരിച്ചറിവിനുള്ള ആഹ്വാനമാണ് ഇബ്ലിസ്. സങ്കടങ്ങൾ ഏതുമില്ലാത്ത ചിരികൾ മാത്രമുള്ള ലോകത്തെ ഏവരും ബിഗ് സ്ക്രീനിൽ തന്നെ കാണുക. യാതൊരു അല്ലലുകളുമില്ലാത്ത ചിരികൾ മാത്രമുള്ള ആ ലോകം നമുക്കായി കാത്തിരിപ്പുണ്ട്. അവിടെ യാതൊരു വിവേചനവുമില്ല. പിന്നെ മുത്തശ്ശൻ അവസാനം ചോദിക്കുന്ന ആ ഒരു ചോദ്യം തന്നെയാണ് ചോദിക്കാനുള്ളത്.. “നിനക്കൊക്കെ പിന്നെ എന്തിന്റെ കുത്തി@%#&#^& ആണ്?”
NB: ഇനിയിപ്പോൾ ഒന്ന് തുമ്മിയാലും കാര്യമാക്കേണ്ട… ഇഷ്ടമുള്ള ആരോ കൂടെയുണ്ട്. ഒപ്പം ഒന്ന് മരിച്ചു നോക്കിയാലോ എന്ന് ചിന്തിച്ചുപോയാലും കുറ്റം പറയാൻ പറ്റില്ല..!