കേരളം വീണ്ടും പ്രളയ ഭീഷണി നേരിടുമ്പോൾ സാന്ത്വന സ്പർശവുമായി എത്തുകയാണ് സിനിമാലോകം ഒന്നാകെ.പ്രളയ ദുരിതം അനുഭവിക്കുന്ന എല്ലാവരെയും മലയാള സിനിമ ഒറ്റകെട്ടായിട്ടാണ് സഹായിക്കുന്നത്. പല സിനിമാതാരങ്ങളും ഫേസ്ബുക്ക് പോസ്റ്റുകൾ കുറിച്ച് പ്രളയ രക്ഷാപ്രവർത്തനത്തിൽ തങ്ങളുടെ പിന്തുണ അറിയിക്കുമ്പോൾ ആദ്യവസാനം റിലീഫ് മെറ്റീരിയൽ കളക്ഷനിലൂടെ സാന്നിധ്യം അറിയിക്കുകയാണ് ഇന്ദ്രജിത്ത് സുകുമാരനും ഭാര്യ പൂർണിമ ഇന്ദ്രജിത്തും കുടുംബവും.അച്ഛനോടും അമ്മയോടുമൊപ്പം ആദ്യവസാനം മക്കളായ പ്രാർത്ഥനയും നക്ഷത്രയും റിലീഫ് മെറ്റിരിയൽ കളക്ഷനിൽ മുന്നിട്ടിറങ്ങുന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.രാവിലെ മുതൽ രാത്രി വരെ നീണ്ട് നിൽക്കുന്ന പ്രവർത്തനങ്ങളിൽ ഒരിക്കൽ പോലും മടുപ്പ് തോന്നാറില്ല എന്നും ഇരുവരും പറയുന്നു.
അൻപോട് കൊച്ചി എന്ന സംഘടനയുടെ കീഴിൽ ഈ വർഷം വളരെ സുത്യർഹമായ സേവനമാണ് ഇന്ദ്രജിത്തും ഭാര്യ പൂർണിമയും മക്കളും നിർവഹിക്കുന്നത്. ഇത് ആദ്യമായി അല്ല ഈ ദമ്പതികൾ ഇത്തരം സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങളിൽ ഇടപെടുന്നത് .കഴിഞ്ഞ വർഷം പ്രളയം ഉണ്ടായപ്പോഴും അതിനു മുമ്പ് ചെന്നൈയിൽ പ്രളയം ഉണ്ടായപ്പോഴും ഇന്ദ്രജിത്തും പൂർണ്ണിമയും ആദ്യവസാനം എല്ലാം നഷ്ടപ്പെട്ടവരെ സഹായിക്കുവാനായി ഉണ്ടായിരുന്നു.നിലവിൽ പതിനഞ്ചിൽ അധികം ലോഡുകൾ അൻപോട് കൊച്ചിയിൽ നിന്ന് മാത്രമായി കയറ്റിവിട്ടിട്ടുണ്ട്.വളരെ സുത്യർഹമായ സേവനമാണ് അൻപോട് കൊച്ചിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്ന് പറയാതെ വയ്യ.