Friday, April 10

മാസാണ്… മനസ്സാണ്… ഒരു ഓർമ്മപ്പെടുത്തലാണ് | ഇട്ടിമാണി മെയ്‌ഡ്‌ ഇൻ ചൈന റിവ്യൂ

Google+ Pinterest LinkedIn Tumblr +

മാസാണ്… മനസ്സാണ്… ഒരു ഓർമ്മപ്പെടുത്തലാണ് | ഇട്ടിമാണി മെയ്‌ഡ്‌ ഇൻ ചൈന റിവ്യൂ

ചില സിനിമകൾ അങ്ങനെയാണ്. തീയറ്ററിൽ എത്തുന്നത് വരെ വലിയ പ്രതീക്ഷകൾ ഒന്നും പകരില്ല. പക്ഷെ കണ്ടിറങ്ങുന്ന പ്രേക്ഷകന് എന്തെന്നില്ലാത്ത ഒരു സംതൃപ്‌തിയും സന്തോഷവും ആ ചിത്രം തന്നേക്കാം. ആ ഒരു ഗണത്തിൽ പെടുത്താവുന്ന ചിത്രമാണ് നവാഗതരായ ജിബി ജോജു കൂട്ടുകെട്ട് മലയാളിക്ക് സമ്മാനിച്ച ഓണസമ്മാനമായ ഇട്ടിമാണി മെയ്‌ഡ്‌ ഇൻ ചൈന. ലൂസിഫറിന് ശേഷം തീയറ്ററുകളിൽ എത്തുന്ന മോഹൻലാൽ ചിത്രമെന്ന നിലയിൽ ഏറെ പ്രതീക്ഷകൾ വരേണ്ട ചിത്രമായിരുന്നിട്ട് കൂടിയും ആരാധകർ വലിയ പ്രതീക്ഷ ഇട്ടിമാണിയിൽ പുലർത്തിയില്ല. പക്ഷെ കണക്കുകൂട്ടലുകൾ തെറ്റിച്ച് കൊച്ചു കൊച്ചു കുസൃതികളും ചിരികളും നിറച്ച് ഇന്നത്തെ സമൂഹത്തിനുതകുന്ന ഒരു നല്ല സന്ദേശവുമായി പ്രേക്ഷകരുടെ മനസ്സ് നിറച്ചിരിക്കുകയാണ് ഈ കൊച്ചു വലിയ ചിത്രം. മലയാളത്തിന് ഒരിടവേളക്ക് ഇരട്ടസംവിധായകരുടെ മികവ് കൂടി കാണാൻ സാധിച്ചിരിക്കുന്നു എന്നതും സന്തോഷം പകരുന്ന ഒന്നാണ്.

കുന്നംകുളം സ്വദേശിയായ ഇട്ടിമാണി ഒരു പക്കാ തൃശൂർ ഗഡിയാണ്. ആഘോഷങ്ങൾക്ക് ആഘോഷവും അൽപസ്വൽപം തരികിടയും കൈയ്യിലുള്ള ഇട്ടിമാണി സ്വന്തമായി ഒരു കാറ്ററിംഗ് സർവീസ് നടത്തുന്നുണ്ട്. എന്നാലും കശുവണ്ടി മുതൽ ഹോർലിക്‌സ് വരെ ഡ്യൂപ്ലിക്കേറ്റ് ഉണ്ടാക്കിയാണ് കൂടുതലും വരുമാനം ഉണ്ടാക്കുന്നത്. അമ്മച്ചി തെയ്യാമ്മക്കും സന്തത സഹചാരി സുഗുണനും ഒപ്പം ചില്ലറ കമ്മീഷൻ ഒക്കെ വാങ്ങി നടക്കുന്ന ഇട്ടിച്ചന് ജീവിതം ഒരു ആഘോഷമാണ്. മുപ്പത്തഞ്ചോളം പെണ്ണ് കണ്ട ഇട്ടിച്ചന് അവസാനം കണ്ട പെണ്ണിനെ ഇഷ്ടപ്പെട്ടെങ്കിലും ചെറിയൊരു പണി കിട്ടുകയാണ് ഉണ്ടായത്. അതോടൊപ്പം തന്നെ സ്വന്തം അമ്മയെപ്പോലെ കരുതുന്ന അന്നമ്മചേച്ചിയുടെ ജീവിതത്തിലും ഒരു സഹായമായി ഇട്ടിച്ചൻ ചെന്ന് കയറുന്നു.പിന്നീട് നടക്കുന്ന സംഭവങ്ങൾ രസകരമായ ഭാഷയിൽ സമൂഹത്തിന് വ്യക്തമായ ഒരു സന്ദേശം നൽകിയാണ് ഇട്ടിമാണി പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തുന്നത്.

ലൂസിഫർ എന്നൊരു മാസ്സ് & ക്ലാസ് ചിത്രത്തിന് ശേഷം കോമഡി ട്രാക്കിലേക്ക് മാറിയ ലാലേട്ടന്റെ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. കോമഡി മനോഹരമായി കൈകാര്യം ചെയ്‌തിരിക്കുന്ന ലാലേട്ടൻ പ്രേക്ഷകർക്ക് ചിരിയിൽ നിറഞ്ഞൊരു ഓണസദ്യ തന്നെയാണ് സമ്മാനിച്ചിരിക്കുന്നത്. പക്കാ ടൈമിംഗ് ഉള്ള കൗണ്ടറുകളും കിടിലൻ മാനറിസങ്ങളുമായി പ്രേക്ഷകനെ ചിരിപ്പിച്ച ഇട്ടിമാണി മോഹൻലാലിൻറെ കൈകളിൽ ഭദ്രമായിരുന്നു. അതോടൊപ്പം തന്നെ കിടിലൻ കൈയ്യടികൾ നേടുന്ന കഥാപാത്രങ്ങളാണ് കെ പി ഏ സി ലളിത അവതരിപ്പിച്ച തെയ്യാമ്മയും രാധിക ശരത് കുമാറിന്റെ അന്നാമ്മയും സിദ്ധിഖിന്റെ ജോപ്പനച്ചനും. കരിയറിലെ തന്നെ ശക്തമായ ഒരു കഥാപാത്രത്തെയാണ് തെയ്യാമ്മയിലൂടെ കെ പി ഏ സി ലളിത അവതരിപ്പിച്ചിരിക്കുന്നത്. ചെറിയൊരു ലാഗിംഗിൽ പോയിരുന്ന കഥാഗതിയെ അടിമുടി മാറ്റിയത് സിദ്ധിഖിന്റെ ജോപ്പനച്ചൻ വന്നതോട് കൂടിയാണ്. കുറച്ചേ ഉള്ളുവെങ്കിലും തന്റെ നായികാവേഷം ഹണി റോസും മോശമാക്കിയില്ല. സലിം കുമാർ, അജു വർഗീസ്, ഹരീഷ് കണാരൻ, ധർമജൻ ബോൾഗാട്ടി, സിജോയ് വർഗീസ്, സ്വാസിക എന്നിങ്ങനെ ഓരോരുത്തരും അവരവരുടെ ഭാഗങ്ങൾ മനോഹരമാക്കിയപ്പോൾ പ്രേക്ഷകർക്ക് ലഭിച്ചത് ഒരു അസുലഭ വിരുന്ന് തന്നെയാണ്.

വലിയ ട്വിസ്റ്റുകളോ സസ്‌പെൻസോ ഇല്ലെങ്കിൽ പോലും പ്രേക്ഷകന് നല്ലൊരു സന്ദേശം കൈമാറിയ ഇട്ടിമാണിയുടെ തിരക്കഥ തന്നെയാണ് ഏറ്റവും കൂടുതൽ കൈയ്യടികൾ നേടുന്നത്. സംവിധായകർ തന്നെ ഒരുക്കിയ തിരക്കഥ ഇന്നത്തെ സമൂഹത്തിലെ വലിയൊരു വിപത്തിനെ തന്നെ ചൂണ്ടിക്കാട്ടുന്നുണ്ട്. അതോടൊപ്പം പ്രേക്ഷകരെ ചിരിപ്പിക്കുന്നുമുണ്ട്. 4 മ്യൂസിക്സ്, ദീപക് ദേവ്, കൈലാസ് മേനോൻ എന്നിവർ ഒരുക്കിയ സംഗീതവും ഷാജി കുമാറിന്റെ മികച്ച ഛായാഗ്രഹണവും ചിത്രത്തെ കൂടുതൽ മനോഹരമാക്കി. സൂരജ് ഈ എസിന്റെ എഡിറ്റിംഗ് കൂടിയായപ്പോൾ പ്രേക്ഷകർക്ക് ചിത്രം കൂടുതൽ സ്വീകാര്യമായി. ഈ ഓണക്കാലത്ത് പ്രേക്ഷകർക്ക് കുടുംബസമേതം പോയിരുന്നു ചിരിച്ചു ആസ്വദിച്ചു കാണുവാൻ കഴിയുന്ന ഒരു പക്കാ ട്രീറ്റ് തന്നെയാണ് ഇട്ടിമാണി മെയ്‌ഡ്‌ ഇൻ ചൈന.

“Lucifer”
Loading...
Share.

About Author

Comments are closed.