Saturday, May 30

ജീ..ജീ..ജീ.. ഭീകരമാണ് ഈ ഓട്ടം | ജല്ലിക്കെട്ട് റിവ്യൂ

Pinterest LinkedIn Tumblr +

ആ ഒരു മൂളൽ ഇതേവരെ തലയിൽ നിന്നും പോയിട്ടില്ല..! ഒരു പോത്ത് ഓടുന്നതിൽ എന്താണ് ഇത്ര കഥ എന്ന് ചോദിക്കുന്നവരോട് ജബ ജബ അടിക്കേണ്ടി വരുമെന്നത് തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ സവിശേഷത. ഒരു വാക്കിലോ ഒരു ടൈംലൈനിലോ പറഞ്ഞൊതുക്കാവുന്ന കഥയല്ല ഈ ചിത്രത്തിന്റേത്. പോത്തിന്റെ പിന്നാലെയുള്ള ഓട്ടത്തിലൂടെ പോത്തിനേക്കാൾ മൃഗീയ സ്വഭാവമുള്ള മനുഷ്യന്റെ കഥയാണ് പറഞ്ഞിരിക്കുന്നത്. ക്രാഫ്റ്റ്മാൻഷിപ്പ് എന്നൊരു അത്ഭുതത്തിന് മലയാളികൾ നല്കിയിരിക്കുന്നൊരു പേരാണ് ലിജോ ജോസ് പെല്ലിശ്ശേരി. അതിന്റെ മറ്റൊരു മുഖമാണ് ജല്ലിക്കെട്ട്. ഓരോ ചിത്രവും ഓരോ പരീക്ഷണമാണ് ഈ സംവിധായകന്. അതിനാൽ തന്നെ ഇദ്ദേഹത്തിന്റെ ചിത്രങ്ങൾ തമ്മിലൊരു താരതമ്യം ചെയ്യൽ എന്നത് ശുദ്ധ അസംബന്ധമാണ്. പോസ്റ്ററുകളും ടീസറും ട്രെയ്ലറുമെല്ലാം പ്രേക്ഷകന്റെ മനസ്സിൽ വരച്ചു ചേർത്തൊരു ചിത്രമുണ്ട്. അതിനോട് അപ്രതീക്ഷിതമായ മറ്റു ചേരുവകൾ കൂടി ചേർന്നപ്പോൾ ഈ പോത്തിന്റെ ഓട്ടം ഭീകരമായി തീർന്നിരിക്കുകയാണ്.

Jallikettu Malayalam Movie Review

കട്ടപ്പനയിലെ ഒരു കുഗ്രാമത്തിലാണ് കഥ നടക്കുന്നത്. വർക്കി എന്നൊരു അറവുകാരൻ അറക്കാൻ കൊണ്ടു വന്ന പോത്ത് അറവുശാലയിൽ നിന്നും ഇറങ്ങിയോടുന്നു. ഗ്രാമം മുഴുവൻ ആ പോത്തിനെ തേടി ഉള്ള ഓട്ടത്തിലാണ്. പിന്നീട് നടക്കുന്ന സംഭവങ്ങൾ ഒരു ഗംഭീര ക്ലൈമാക്സോട് കൂടി അവതരിപ്പിച്ചിരിക്കുന്നത് ചിത്രത്തിന്റെ ഇതിവൃത്തം. ഹരീഷ് എഴുതിയ മാവോയിസ്റ്റ് എന്ന ചെറുകഥയെ ആധാരമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഒരു അഭിമുഖത്തിൽ സംവിധായകൻ തന്നെ പറഞ്ഞത് പോലെ പോത്താണ് ചിത്രത്തിലെ താരം. ആന്റണി വർഗീസ്, ചെമ്പൻ വിനോദ്, വിനായകൻ, സാബുമോൻ എന്നിവരെല്ലാം സഹനടന്മാർ ആണെന്ന് തന്നെ പറയാം. പോത്തിനേക്കാൾ മൃഗീയതയുള്ള ‘പരിഷ്കരിയായ’ മനുഷ്യന്റെ കഥ കൂടിയാണ് ജല്ലിക്കെട്ട്.

Jallikettu Malayalam Movie Review

നിശ്ശബ്ദതയിലും ശബ്‌ദായമാനമായ ഒരു നിഗൂഢത ഉണ്ടെന്ന് തെളിയിക്കുന്ന ഒരു ശബ്ദമിശ്രണമാണ് പോത്തിന് പിന്നാലെ ഓടുന്നവരിൽ പ്രേക്ഷകരും കൂടെ ഓടുന്ന കാഴ്ച്ച സമ്മാനിക്കുന്നത്. സൗണ്ട് ഡിസൈൻ ചെയ്ത രംഗനാഥ് രവിയാണ് അവിടെ കൈയ്യടികൾ നേടുന്നത്. അതോടൊപ്പം തന്നെ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രങ്ങളിലെ സംഗീത സാന്നിധ്യം പ്രശാന്ത് പിള്ളൈയുടെ അസാമാന്യ പശ്ചാത്തലസംഗീതവും. ഓരോ രംഗവും ഒരുപാട് ശബ്ദങ്ങളുടെ ഒരു കൂടിച്ചേരലാണ്. ശബ്ദം കേട്ട് അത്ഭുതപ്പെട്ടു നിൽക്കുമ്പോഴാണ് ഇതൊക്കെ എങ്ങനെ ഷൂട്ട് ചെയ്തുവെന്ന് അത്ഭുതപ്പെടുത്തുന്ന ഗിരീഷ് ഗംഗാധരൻ എന്ന റബർ തോട്ടത്തിലൂടെ ഓടുന്ന, കിണറ്റിലേക്ക് ചാടുന്ന ക്യാമറമാൻ കൈയ്യടി നേടുന്നത്. ബിജു കുട്ടന്റെ ആ ഡയലോഗേ പറയാനുള്ളൂ… ഒന്നും പറയാനില്ല..! ഇതിന്റെയെല്ലാം കൂടെ ലിജോ ജോസ് പെല്ലിശ്ശേരി എന്ന പ്രതിഭയുടെ കൈയൊപ്പ് കൂടി പകർന്ന് കിട്ടിയപ്പോൾ ചിത്രം ഭീകരമായ ഒരു അനുഭവമായി തീർന്നിരിക്കുകയാണ്. ഫിലിം ഫെസ്റ്റിവലുകളിൽ മികച്ച അഭിപ്രായം നേടിയ ചിത്രങ്ങളോട് അവാർഡ് പടം എന്നൊരു കാഴ്ചപ്പാട് പുലർത്തുന്ന പ്രേക്ഷകർക്ക് ചിലപ്പോൾ ചിത്രം ഇഷ്ടപ്പെട്ടെന്ന് വരില്ല. പക്ഷേ മലയാള ഫിലിം ഇൻഡസ്ട്രിയുടെ ലോകോത്തര നിലവാരം കൊതിക്കുന്ന പ്രേക്ഷകർ തീർച്ചയായും ഈ പോത്തിന് പിന്നാലെ ഓടും..!

“Lucifer”
Loading...
Share.

About Author

Comments are closed.