മലയാളത്തിലെ സെലിബ്രിറ്റികളുടെ ഇടയിൽ ഇന്നത്തെ യുവതാരങ്ങൾ എല്ലാം തന്നെ അവരുടെ ഫിറ്റ്നസ് നിലനിർത്തുവാൻ ശ്രമിക്കുന്നവരാണ്. ചാക്കോച്ചൻ, ടോവിനോ, ഉണ്ണി മുകുന്ദൻ തുടങ്ങിയവരെല്ലാം അത്തരത്തിൽ കഠിനാധ്വാനം ചെയ്യുന്നവരാണ്. പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ഇടവേളയിൽ വ്യായാമം ചെയ്യുന്ന ചാക്കോച്ചന്റെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒപ്പം ജോജു ജോർജ് ചാക്കോച്ചനെ ട്രോളുന്നുമുണ്ട്.
മാർട്ടിൻ പ്രക്കാട്ട് ഒരുക്കുന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് രസകരമായ വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്. ജോജുവും തിരക്കഥാകൃത്ത് ഷാഹി കബീറും ഛായാഗ്രാഹകൻ ഷൈജു ഖാലിദും ജീപ്പിൽ യാത്ര ചെയ്യുമ്പോഴാണ് ചെറിയൊരു കുന്ന് ഓടിക്കറയുന്ന ചാക്കോച്ചനെ കാണുന്നത്. ആ പരിശീലനം ഉടൻ തന്നെ ഷൈജു ക്യാമറയിലുമാക്കി. ഓട്ടത്തിൽ ഇടയ്ക്ക് ഒന്നു വീണെങ്കിലും ഇതൊക്കെ നിസാരം എന്ന മട്ടിൽ വീണ്ടും എഴുന്നേറ്റ് ഓടുന്ന ചാക്കോച്ചനെ വിഡിയോയിൽ കാണാം.
സൂപ്പർഹിറ്റ് ചിത്രം ചാർലിക്ക് ശേഷം മാർട്ടിൻ പ്രക്കാട്ട് ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം കോലഞ്ചേരിയിലും മറ്റു പ്രദേശങ്ങളിലുമായി പുരോഗമിക്കുകയാണ്. കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്, നിമിഷ സജയൻ, യമ, അനിൽ നെടുമങ്ങാട് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന് രചന നിർവഹിക്കുന്നത് ജോസഫ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഷാഹി കബീറാണ്. കൂടാതെ ഒഡിഷനിലൂടെ തിരഞ്ഞെടുക്കപ്പെട്ട കഴിവുറ്റ നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഷൈജു ഖാലിദാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. അൻവർ അലി എഴുതിയ വരികൾക്ക് സംഗീതം നിർവഹിക്കുന്നത് വിഷ്ണു വിജയാണ്. മഹേഷ് നാരായൺ എഡിറ്റിംഗും റോണി സേവ്യർ മേക്കപ്പും നിർവഹിക്കുന്നു. സമീറ സനീഷാണ് കോസ്റ്റ്യൂംസ് ഒരുക്കുന്നത്. സ്റ്റിൽസ് – അനൂപ് ചാക്കോ.
ചിത്രം നിർമ്മിക്കുന്നത് രഞ്ജിത് (സംവിധായകൻ), ശശികുമാർ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഗോൾഡ് കോയ്ൻ പിക്ച്ചേർസും മാർട്ടിൻ പ്രക്കാട്ട് ഫിലിംസും ചേർന്നാണ്. കോലഞ്ചേരി, അടിമാലി, മൂന്നാർ, വട്ടവട, കൊട്ടക്കാംബൂർ എന്നിവിടങ്ങളാണ് ലൊക്കേഷനുകൾ.