മൂന്നാർ: ഹോട്ടൽബിൽ അടയ്ക്കാത്തതിനെ തുടർന്ന് ചലച്ചിത്ര താരം കാളിദാസ് ജയറാം അടക്കമുള്ളവരെ മൂന്നാറിലെ ഹോട്ടലിൽ തടഞ്ഞുവെച്ചു. സിനിമാ നിർമാണ കമ്പനി ബിൽ നൽകാത്തതിനെ തുടർന്ന് ആയിരുന്നു സംഭവം. മുറി വാടകയും റസ്റ്ററന്റ് ബില്ലും ഉൾപ്പെടെ ഒരു ലക്ഷം രൂപയിലധികം ഹോട്ടലിൽ നൽകാൻ ഉണ്ടായിരുന്നു. ഇതിനെ തുടർന്ന് ഹോട്ടൽ അധികൃതർ താരങ്ങൾ ഉൾപ്പെടെയുള്ളവരെ ഹോട്ടലിൽ തടഞ്ഞുവെക്കുകയായിരുന്നു.
കാളിദാസ് ജയറാം ഉൾപ്പെടെയുള്ള സംഘം മൂന്നാറിൽ എത്തിയത് തമിഴ് വെബ് സീരീസിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ആയിരുന്നു. എന്നാൽ, ബിൽ അടയ്ക്കാത്തതിനെ തുടർന്ന് ഹോട്ടൽ ജീവനക്കാരും സിനിമ പ്രവർത്തകരും തമ്മിൽ വാക്കുതർക്കം ഉണ്ടാകുകയായിരുന്നു.
പൊലീസ് എത്തുന്നതിനു മുമ്പ് തന്നെ കാളിദാസ് ജയറാം ഹോട്ടലിൽ നിന്ന് പോയിരുന്നു. പൊലീസ് എത്തി നടത്തിയ ഒത്തുതീർപ്പു ചർച്ചയിൽ പണം അടയ്ക്കാൻ സിനിമ നിർമാണ കമ്പനി സമ്മതിച്ചു. പണം അടച്ചതോടെ പ്രശ്നം പരിഹരിക്കപ്പെടുകയും ചെയ്തു.