Thursday, April 25

ചരിത്രം പറയാത്ത ചതി-ത്രത്തിന്റെ കഥ | കമ്മാരസംഭവം റിവ്യൂ

Google+ Pinterest LinkedIn Tumblr +
“Lucifer”

ചരിത്രത്തിന്റെ ചരിത്രം അതെന്നും വിജയിച്ചവൻ എഴുതിച്ചേർത്ത കഥകൾ നിറഞ്ഞതാണ്. പക്ഷേ ആ ചരിത്രം പിറവി കൊണ്ടിട്ടുള്ളതാകട്ടെ തോറ്റവന്റെ കഥകളിൽ നിന്നുമാണ്. രണ്ടുപേരും ചരിത്രത്തിന്റെ ഭാഗമാണ്. എങ്കിലും ചരിത്രം പറയാതെ പോയ, പറയാൻ ഇഷ്ട്ടപ്പെടാത്ത കഥകളിലൂടെ ഒരു മാസ്സ് പടയോട്ടം. അതാണ് രതീഷ് അമ്പാട്ട് സംവിധാനം നിർവഹിച്ചിരിക്കുന്ന ജനപ്രിയനായകൻ ദിലീപിന്റെ ‘കമ്മാരസംഭവം’. ഇതിനെ മഹാസംഭവം എന്ന് പേരിട്ടാലും അതൊരു അതിശയോക്തിയാകില്ല. രാമലീലയുടെ വമ്പൻ വിജയത്തിന് ശേഷം തീയറ്ററുകളിൽ എത്തുന്ന ചിത്രം എന്നതിനേക്കാളേറെ പ്രതീക്ഷകൾ പടത്തിന് നൽകിയത് ഇതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ തന്നെയാണ്. കട്ടത്താടിയും മാസ് ലുക്കുമായെത്തിയ ദിലീപ് അതിലൂടെ ഇന്നുവരെ അദ്ദേഹത്തിന്റെ സിനിമകൾക്ക് ലഭിച്ചിട്ടില്ലാത്ത ഒരു ഹൈപ്പും അതിലൂടെ സൃഷ്ടിച്ചെടുത്തു. പിനീട് ഇറങ്ങിയ ഓരോ സ്റ്റിൽസും ടീസറും ആ പ്രതീക്ഷകൾക്ക് കൂടുതൽ കരുത്തേകി. രതീഷ് അമ്പാട്ട് എന്ന സംവിധായകന്റെ ആദ്യ സംവിധാനസംരഭത്തിന് തന്നെ ഇത്തരത്തിൽ ഒരു ഹൈപ്പ് ലഭിക്കുകയും ആ പ്രതീക്ഷകൾ ഒട്ടും തന്നെ നഷ്ടപ്പെടാതെ പ്രേക്ഷകർക്കായി ഒരു ദൃശ്യവിസ്മയം തന്നെ ഒരുക്കുന്നതിൽ വിജയിക്കുകയും ചെയ്തപ്പോൾ ഒന്നുറപ്പിച്ചോ… ഇനിയും കമ്മാരന്മാരുടെയും ഒതേനന്മാരുടെയും കഥ പറയാൻ രതീഷ് അമ്പാട്ട് മലയാള സിനിമയിൽ തന്നെ ഉണ്ടാകും.

Kammarasambhavam Review

Kammarasambhavam Review

ഏതോ ഒരു സായിപ്പ് എന്നോ എഴുതി വെച്ച കമ്മാരൻ നമ്പ്യാരുടെ കഥയാണ് ‘കമ്മാരസംഭവം’. ആ ചരിത്രമാണ് പ്രേക്ഷകർക്ക് മുൻപിൽ പങ്കു വെച്ചിരിക്കുന്നത്. ഇന്നിന്റെ രാഷ്ട്രീയ ഉള്ളുകളികളിൽ നിന്നും പറഞ്ഞു തുടങ്ങി പ്രേക്ഷകനെ രണ്ടാം ലോകമഹായുദ്ധത്തിന്റെ കാലത്തേക്ക് കൂട്ടിക്കൊണ്ടു പോകുന്ന ചിത്രത്തെ പൂർണമായും ഒരു പിരീഡ് മൂവി എന്ന് വിളിക്കാമോ എന്ന് ചോദിച്ചാൽ ഉത്തരം പറയാൻ ഒന്ന് ആലോചിക്കേണ്ടി വരും. സത്യവും ചരിത്രവും ഇഴ ചേരുമ്പോൾ നുണയും വഞ്ചനയും മറഞ്ഞിരിക്കുന്നില്ല. രാമലീലയിലെ രാമനുണ്ണിയിൽ നിന്നും കമ്മാരൻ നമ്പ്യാരിലേക്ക് എത്തുമ്പോൾ ഇന്നേവരെ കണ്ടിട്ടില്ലാത്ത ദിലീപിനെയാണ് നമുക്ക് സ്ക്രീനിൽ കാണാൻ സാധിക്കുന്നത്. ഒരു കാര്യം നിസംശയം പറയാം…കമ്മാരൻ ദിലീപിന്റെ കൈകളിൽ സുരക്ഷിതമാണ്. ചരിത്രത്തിലെ ചതിയിലും വഞ്ചനയിലും വീണുപോയവരുടെ കഥയിൽ കമ്മാരൻ തന്നെയാണ് താരം. വേറിട്ട ലുക്കുകളിൽ എത്തുന്നതോടൊപ്പം അതെല്ലാം തന്നെ പ്രേക്ഷകനെ പിടിച്ചിരുത്തുന്ന വിധം മനോഹരമാക്കാൻ ദിലീപിന് എന്നത്തേയും പോലെ സാധിച്ചിട്ടുണ്ട്. തന്റെ സേഫ് സോണിൽ നിന്നും മാറി വെല്ലുവിളികൾ ഏറെ നേരിടുന്ന ഈ കഥാപാത്രം തിരഞ്ഞെടുത്ത ദിലീപിന് ഒരു ബിഗ് സല്യൂട്ട്.. ഒപ്പം ദിലീപിനെ ഇതിനൊരുക്കിയ സംവിധായകൻ രതീഷ് അമ്പാട്ടിനും ഒരു ബിഗ് സല്യൂട്ട്.

Kammarasambhavam Review

Kammarasambhavam Review

കമ്മാരനൊപ്പം കട്ടക്ക് നിൽക്കുന്ന കഥാപാത്രമാണ് തമിഴ് സൂപ്പർതാരം സിദ്ധാർത്ഥിന്റെ ഒതേനനും. മലയാളത്തിലേക്കുള്ള തന്റെ അരങ്ങേറ്റത്തിൽ സിദ്ധാർഥ് ഏറെ ശ്രദ്ധാലുവായിരുന്നുവെന്ന് തെളിയിക്കുന്ന കഥാപാത്രവും പ്രകടനവുമാണ് ഒതേനൻ നമ്പ്യാരിലൂടെ പ്രേക്ഷകരിലേക്കെത്തിയിരിക്കുന്നത്. ഭാനുമതിയായെത്തിയ നമിത പ്രമോദും കേളു നമ്പ്യാരായിയെത്തിയ മുരളി ഗോപിയും ബോബി സിംഹയുടെ പുലികേശിയും ശ്വേതാ മേനോന്റെ മഹേശ്വരിയുമെല്ലാം ചേർന്ന് പ്രേക്ഷകർക്കായി സമ്മാനിച്ചിരിക്കുന്നത് ഇന്നേവരെ കണ്ടിട്ടില്ലാത്ത ഒരു അനുഭവമാണ്. വിജയരാഘവൻ, ഇന്ദ്രൻസ്, സിദ്ധിഖ്, മണിക്കുട്ടൻ എന്നിങ്ങനെ ഓരോരുത്തരും അവരുടെ കഥാപാത്രങ്ങൾ മനോഹരമാക്കുന്നതോടൊപ്പം പ്രേക്ഷകരുടെ ആസ്വാദനത്തെ ഒരു പാടി കൂടി മുന്നിലെത്തിക്കുകയും ചെയ്‌തു. ആക്ഷേപഹാസ്യം, സ്പൂഫ്, ചരിത്രം, മാസ്സ് എന്നിങ്ങനെ എല്ലാ എലമെൻറ്സും കൃത്യമായ അളവിൽ കൂട്ടിച്ചേർത്തിരിക്കുന്ന ചിത്രം ഏവർക്കും ഒരു പുതിയ അനുഭവവും ഒരു പുത്തൻ ആഘോഷവുമായിരിക്കും.

Kammarasambhavam Review

Kammarasambhavam Review

ഇത്രയധികം വ്യത്യസ്ഥത നിറഞ്ഞ ഒരു ചിത്രത്തിന്റെ ആണിക്കല്ലായി നിലനിൽക്കുന്നത് തീർച്ചയായും ഇതിന്റെ തിരക്കഥ തന്നെയായിരിക്കും..തന്നെയാണ്. മുരളി ഗോപി എന്ന കലാകാരന്റെ ചിന്തകളും ഭാവനകളും സഞ്ചരിക്കുന്ന വഴികൾ ഒന്ന് വേറെ തന്നെയാണ്. അല്ലെങ്കിൽ ഇത്തരത്തിൽ ഒരു അതിശയിപ്പിക്കുന്ന തിരക്കഥ കൊണ്ടുവരുവാൻ ഒരിക്കലും സാധിക്കുന്നതല്ല. ആ തിരക്കഥയ്ക്ക് പൂർണത നൽകി സുനിൽ കെ എസിന്റെ ക്യാമറയും സഞ്ചരിച്ചപ്പോൾ പ്രേക്ഷകർ ഞെട്ടിയില്ലെങ്കിലേ അത്ഭുതമുള്ളൂ. ഒപ്പം ഗോപി സുന്ദറിന്റെ മ്യൂസിക്കും കൂടിയായപ്പോൾ കമ്മാരസംഭവം വേറെ ലെവൽ സംഭവമായി. സുരേഷ് Urs എന്ന പ്രതിഭയുടെ എഡിറ്റിംഗ് കൂടി മാന്ത്രികത വിടർത്തിയപ്പോൾ കമ്മാരന്റെ മഹാസംഭവം പ്രേക്ഷകർക്ക് ഈ വിഷുവിന് ലഭിച്ച ഏറ്റവും മികച്ച ദൃശ്യവിരുന്നായി മാറിയിരിക്കുന്നു. മൂന്ന് മണിക്കൂർ കമ്മാരനായി മാറ്റിവെച്ചാൽ അതൊരിക്കലും ഒരു നഷ്ടമാകില്ല.

“Lucifer”
Share.

About Author

Leave A Reply