Friday, February 28

കെട്ട്യോള് മാത്രമല്ല സ്ലീവാച്ചനും മാലാഖയാണ് | കെട്ട്യോളാണ് എന്റെ മാലാഖ റിവ്യൂ

Google+ Pinterest LinkedIn Tumblr +

കഥയും താരങ്ങളുമല്ലാതെ കഥ പറയുന്ന രീതി കൊണ്ട് പ്രേക്ഷകന്റെ മനം കീഴടക്കുന്ന ചില ചിത്രണങ്ങളുണ്ട്. അത്തരം ചിത്രങ്ങളുടെ കൂട്ടത്തിലേക്ക് പ്രേക്ഷകർ തന്നെ സധൈര്യം ചേർത്ത് വെച്ചിരിക്കുന്ന ചിത്രമാണ് ആസിഫ് അലിയെ നായകനാക്കി നവാഗതനായ നിസാം ബഷീർ ഒരുക്കിയിരിക്കുന്ന കേട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രം. ഇന്ന് മലയാളികളുടെ പ്രിയ ലൊക്കേഷനുകളിൽ ഒന്നായ ഇടുക്കിയെ വീണ്ടും കൊതിപ്പിക്കുന്ന കാഴ്ചകളിലൂടെ പ്രേക്ഷകർക്ക് മുന്നിലേക്ക് അവതരിപ്പിച്ചിരിക്കുന്ന ചിത്രം ഒരു ഫീൽ ഗുഡ് ഫാമിലി എന്റർടൈനറാണ്. ഒരു പുതുമുഖ സംവിധായകന്റെ യാതൊരു കുറവുകളും കാണിക്കാതെയാണ് നിസാം ബഷീർ ചിത്രമൊരുക്കിയിരിക്കുന്നത് എന്നത് കൊണ്ട് തന്നെ ഇനിയും മികച്ച ചിത്രങ്ങൾ ഈ സംവിധായകനിൽ നിന്നും പ്രതീക്ഷിക്കാം.

അമ്മയും,4 പെങ്ങന്മാരും,അളിയന്മാരും അവരുടെ കുട്ടികളും എല്ലാം ഉള്ള ഒരു കുടുംബമാണ് സ്ലീവാച്ചന്റേത്. ഹൈറേഞ്ച് സ്വദേശിയായ സ്ലീവാച്ചൻ വിവാഹത്തെ കുറിച്ച് ചിന്തിക്കുക പോലുമില്ലായിരുന്നു. പക്ഷേ പ്രായമായ അമ്മച്ചിയുടെ മോശമായ ആരോഗ്യാവസ്ഥ സ്ലീവാച്ചനെ വിവാഹിതനാകാൻ നിർബന്ധിതനാക്കുന്നു. അങ്ങനെയാണ് അങ്കമാലി സ്വദേശിയായ റിൻസി സ്ലീവാച്ചന്റെ ലൈഫിലേക്ക് കടന്ന് വരുന്നത്. എന്നാൽ ട്രാക്കിലേക്ക് കയറാൻ മടിച്ചു നിൽക്കുന്ന ഒരു വിവാഹബന്ധമാണ് പിന്നീട് കാണുന്നത്. അത്തരം സംഘർഷങ്ങളും അത് തീർക്കാനുള്ള ശ്രമങ്ങളുമായി മനോഹരമായ ഒരു ചിത്രം തന്നെയാണ് കെട്ട്യോളാണ് എന്റെ മാലാഖ. ആസിഫ് അലിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് ഈ ചിത്രത്തിലേത്. തനി നാട്ടിൻപുറത്തുക്കാരനായി ലുക്കിലും സംസാരത്തിലും പ്രേക്ഷകരെ ആനന്ദിപ്പിക്കുന്ന ആസിഫ് അലി ചിരിപ്പിച്ചും പ്രണയിപ്പിച്ചും ലേശം കണ്ണ് നിറയിപ്പിച്ചും സ്ലീവാച്ചനെ പ്രേക്ഷകരുടെ മനസ്സിലേക്ക് തന്നെ കയറ്റിയിരുത്തുന്നുണ്ട്.

പുതുമുഖമായ വീണ നന്ദകുമാറാണ് റിൻസിയായി എത്തുന്നത്. സ്വപ്‌നങ്ങളുടെ ഭാണ്ഡക്കെട്ടുമായി ഒരു പുതിയ വീട്ടിലേക്ക് വിവാഹം കഴിച്ചെത്തുന്ന ഒരു പെൺകുട്ടിയുടെ ജീവിതത്തെ അതിന്റെ മനോഹാരിതയോട് കൂടി തന്നെ അവതരിപ്പിക്കുവാൻ വീണക്കായിട്ടുണ്ട്. നിരവധി ദാമ്പത്യങ്ങൾ വെള്ളിത്തിരയിൽ മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്‌. എന്നാൽ ആ ചിത്രങ്ങൾ കടന്നു ചെല്ലാത്ത മറ്റു ചില ഇടങ്ങളിലേക്കാണ് കെട്ട്യോളാണ് എന്റെ മാലാഖ എന്ന ഈ ചിത്രം കടന്ന് ചെല്ലുന്നത്. അശ്ലീലം എന്ന് കരുതി സമൂഹം പറയാൻ മടിക്കുന്നതും നാണിക്കുന്നതുമായ കാര്യങ്ങൾ ദ്വയാർത്ഥ പ്രയോഗങ്ങളോ അശ്ലീല ചുവയോ കൂടാതെ ചിത്രം പറയുന്നുമുണ്ട്. കഥ പറഞ്ഞിരിക്കുന്ന ഒരു രീതി തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ വിജയം. ബേസിൽ ജോസഫ്, ജാഫർ ഇടുക്കി, ഡോ. റോണി, രവീന്ദ്രൻ എന്നിങ്ങനെ ഓരോരുത്തരും അവരുടെ ഭാഗങ്ങൾ മനോഹരമാക്കിയിട്ടുണ്ട്.

പ്രേക്ഷകരുടെ ചുണ്ടിൽ ചിരി വിടർത്തുന്ന തരത്തിൽ അജി പീറ്റർ തങ്കമാണ് രചന നിർവഹിച്ചിരിക്കുന്നത്. വിനായക് ശശികുമാർ ആണ് ഗാനങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. അഭിലാഷ് എസ് ചായാഗ്രഹണവും നൗഫൽ അബ്ദുള്ള എഡിറ്റിങ്ങും നിർവഹിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് വില്യം ഫ്രാൻസിസാണ്. കലാസംവിധാനം ആഷിക്കും മാത്യു ജോസഫ് ചീഫ് അസോസിയേറ്റ് ഡയറക്ടറുമാണ്. സാധാരണക്കാരനായ സ്ലീവാച്ചന്റെ കഥ പലതും മലയാളിയോട് പറയുന്നുണ്ട്. തീർച്ചയായും കേട്ടിരിക്കേണ്ട ഒരുപാട് കാര്യങ്ങൾ. ടിക്കറ്റ് എടുക്കുന്നവർക്ക് മുഖത്തൊരു പുഞ്ചിരിയുമായി നെഞ്ച് വിരിച്ച് ഈ ചിത്രം കണ്ടിറങ്ങാം.

“Lucifer” “Lucifer”
Loading...
Share.

About Author

Comments are closed.