സംഗീതസംവിധായകൻ ആകണമെന്ന മോഹവുമായാണ് കണ്ണൂരിൽ നിന്ന് പ്ലസ് ടു കഴിഞ്ഞ ആ കൊച്ചുപയ്യൻ ചെന്നൈയിലേക്ക് വണ്ടി കയറുന്നത്. ചെന്നു നിന്നത് പ്രശസ്ത സംഗീത സംവിധായകൻ വിദ്യാസാഗറിന്റെ ചെന്നൈയിലെ സ്റ്റുഡിയോയ്ക്ക് മുമ്പിൽ. എന്നാൽ, വർഷങ്ങളാണ് ആ സ്റ്റുഡിയോയ്ക്ക് മുമ്പിൽ വിഷ്ണു കാത്തു നിന്നത്.. വിദ്യാസാഗർ എന്ന പ്രതിഭയെ ഒന്ന് കാണാൻ, അദ്ദേഹത്തിന് ശിഷ്യപ്പെടാൻ. മിക്കപ്പോഴും നിരാശ ആയിരുന്നു ഫലം. പക്ഷേ, ഒരിക്കലും തോറ്റു പിൻമാറാൻ വിഷ്ണു തയ്യാറായില്ല, ഒടുവിൽ സംഗീതം എന്ന മോഹവുമായി എത്തിയ ആ ചെറുപ്പക്കാരനെ പരിഗണിക്കാൻ വിദ്യാസാഗർ തയ്യാറാകുന്നതു വരെ. ഗുരുത്വമുള്ള ആ യാത്ര ഇന്ന് സ്വപ്നസാഫല്യത്തിൽ എത്തിച്ചേർന്നിരിക്കുകയാണ്. ജീത്തു ജോസഫ് സംവിധാനം ചെയ്ത കൂമൻ സിനിമയുടെ സംഗീത സംവിധായകൻ ആണ് വിഷ്ണു ശ്യാം. തന്റെ ആദ്യചിത്രം തന്നെ മികച്ച അഭിപ്രായം സ്വന്തമാക്കുന്നതിന്റെ സന്തോഷത്തിലാണ് വിഷ്ണു. ജീത്തു ജോസഫ് – മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന റാം ആണ് വിഷ്ണുവിന്റെ അടുത്ത ചിത്രം. ജീവിതത്തിലെയും കരിയറിലെയും വലിയ സന്തോഷത്തിൽ നിൽക്കുന്ന വിഷ്ണു സിനിമ ഡാഡിയോട് മനസു തുറന്നു.
1. സംഗീതസംവിധായകൻ ആയി എത്തുന്ന ആദ്യ സിനിമയാണ് കൂമൻ. വലിയ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. സന്തോഷം തോന്നുന്നു – എന്നതിന് അപ്പുറത്തേക്ക് എന്താണ് പറയാനുള്ളത്.
ഒരു ഫുൾ ഫീച്ചർ ഫിലിമിൽ സംഗീതസംവിധായകൻ ആയി ആദ്യം വരേണ്ടിയിരുന്നത് ജീത്തു സാറിന്റെ തന്നെ റാം ആയിരുന്നു. നിർഭാഗ്യവശാൽ കോവിഡ് കാരണം വൈകി പോകുകയായിരുന്നു റാം. സംഗീത സംവിധായകൻ എന്ന നിലയിൽ റിലീസ് ആയ എന്റെ ആദ്യത്തെ സിനിമ കൂമൻ ആണ്. വളരെ സന്തോഷമുണ്ട്. വാക്കുകളിൽ ഒതുക്കാൻ പറ്റുന്നതല്ല ഈ സന്തോഷം. കാരണം, ഒരു പത്തു പതിനാല് വർഷത്തെ നമ്മുടെ സ്വപ്നം, അദ്ധ്വാനം, ക്ഷമ ഇതെല്ലാം കൂടെയാണ്. തിയറ്ററിൽ പോയി സിനിമ കാണുന്ന സമയത്ത് കണ്ടു തീരുന്നതു വരെ വലിയ ടെൻഷൻ ആയിരുന്നു. ബാക്ക് ഗ്രൗണ്ട് സ്കോർ തുടങ്ങിയിട്ട് മൂന്ന് മാസമായി. പ്രി പ്രൊഡക്ഷൻ സമയം മുതലേ തീംസ് ഒക്കെ വർക്ക് ചെയ്തിരുന്നു. ഏകദേശം ഒന്നരവർഷം മുമ്പ് ജോലി തുടങ്ങിയതാണ്. കോവിഡ് കാരണം വീണ്ടും വൈകി. അവസാനം തിയറ്ററിൽ എത്തി നമ്മുടെ പ്രിയപ്പെട്ടവർക്ക് ഒപ്പം ഇരുന്ന് കാണുന്ന സമയത്ത് സന്തോഷവും അതിനൊപ്പം അത് തികച്ചും വൈകാരിക നിമിഷങ്ങളുമായിരുന്നു..
2. കൂമനിലേക്കുള്ള എത്തിച്ചേരൽ എങ്ങനെ ആയിരുന്നു
ജീത്തു സാർ ആദ്യം അവസരം നൽകിയത് റാം സിനിമയിൽ ആയിരുന്നു. അത് രണ്ടു വർഷം മുമ്പ് 2019ൽ ആരംഭിച്ചത് ആയിരുന്നു. കോവിഡ് വന്നതിനു ശേഷം യുകെയിൽ ഷൂട്ട് ഇല്ലാത്തത് കാരണം വൈകി. അതിനിടയിലാണ് കൂമന്റെ വർക് ആരംഭിച്ചത്.
3. ജീത്തു ജോസഫ് എന്ന സംവിധായകന് ഒപ്പമുള്ള അനുഭവം
സാറിനെക്കുറിച്ച് പറയുകയാണെങ്കിൽ ജീത്തു സാർ ആണ് റിയൽ ഹിറോ. പണ്ട് കോളേജിൽ പഠിക്കുന്ന സമയത്ത് ദൃശ്യം സിനിമ തിയറ്ററിൽ പോയി കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ട്. ആ സമയത്ത് സ്വപ്നത്തിൽ പോലും വിചാരിക്കുന്നില്ല കുറച്ച് വർഷങ്ങൾ കഴിയുമ്പോൾ ഞാൻ ഇങ്ങനെ ജീത്തു സാറിന്റെ പടത്തില് മ്യൂസിക് ഡയറക്ടർ ആകുമെന്നൊന്നും. സംഗീതത്തിൽ വലിയ കുടുംബപാരമ്പര്യം ഒന്നും ഇല്ലാത്ത എനിക്ക് മോഹൻലാൽ സാർ നായകനായി എത്തുന്ന റാം പോലെ ഒരു വലിയ സിനിമ തരാൻ ജീത്തു സാർ തയ്യാറായത് അദ്ദേഹത്തിന്റെ വലിയ മനസാണ്. ജീത്തു സാറിനോട് ഞാൻ കടപ്പെട്ടിരിക്കുന്നു. ആ കടപ്പാട് തീരില്ല. അത് എനിക്ക് എന്റെ വർക്കിലൂടെ മാത്രമാണ് കാണിക്കാൻ കഴിയുക. സംഗീതം കൊണ്ട് അദ്ദേഹത്തെ ഇൻസ്പയർ ചെയ്യാൻ എനിക്ക് കഴിയണം. കാരണം, സംവിധായകൻ എന്ന നിലയിൽ അദ്ദേഹം ഒരുപാട് പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഞാൻ ഒരു 50 ശതമാനം ആണ് ചെയ്യുന്നതെങ്കിൽ ബാക്കി 50 ശതമാനം വരുന്നത് അദ്ദേഹത്തിന്റെ പ്രോത്സാഹനത്തിൽ നിന്നാണ്. അതുകൊണ്ട് തന്നെ അദ്ദേഹമാണ് റിയൽ ഹീറോ.
4. വിദ്യാസാഗറിന്റെ ശിഷ്യനാണ് വിഷ്ണു. ആദ്യസിനിമ റിലീസ് ആയപ്പോൾ ഗുരു എന്താണ് പറഞ്ഞത്.
എല്ലാ സമയത്തും ഞാൻ ചെയ്ത സിനിമയും വർക്കുകളും വരുന്നതിനു മുമ്പ് നേരിട്ടു പോയി കണ്ട് സാറിന്റെ അനുഗ്രഹം വാങ്ങാറുണ്ട്. കൂമൻ റിലീസ് ചെയ്യുന്നതിനു മുമ്പും സാറിനെ ചെന്നു കണ്ട് അനുഗ്രഹം വാങ്ങി. അദ്ദേഹം സന്തോഷവാൻ ആയിരുന്നു. സാറിന്റെ അനുഗ്രഹം എല്ലായ്പോഴും ഉണ്ടാകുമെന്ന വിശ്വാസം എനിക്കുണ്ട്. സാർ, എപ്പോഴും പറയുന്ന ഒരു കാര്യമാണ്, ഓരോ സിനിമയും കഴിയുന്ന ആ നിമിഷം മുതൽ അടുത്ത സിനിമയ്ക്കു വേണ്ടിയുള്ള പഠനം ആരംഭിക്കണം. വർക്ക് ചെയ്യുന്ന സമയത്തേക്കാൾ വർക്ക് ചെയ്യാതിരിക്കുന്ന സമയത്ത് കൂടുതൽ കൂടുതൽ പഠിക്കുക. അപ്പോൾ ഒരു പടം ചെയ്തു കഴിഞ്ഞാൽ അടുത്ത മൊമന്റ് മുതൽ അടുത്തതിനായുള്ള പഠനം ആരംഭിച്ചിരിക്കണം.
5. വിദ്യാസാഗർ സാറിന് അടുത്തേക്ക് എത്തിയത് എങ്ങനെയാണ്. ആ യാത്രയെക്കുറിച്ച് ഒന്ന് പറയാമോ
വിദ്യാസാഗർ സാറിന്റെ അടുത്തേക്ക് എത്തിയത് ഒരു വലിയ കഥയാണ്. അത് പിന്നീട് എപ്പോഴെങ്കിലും ഒരു ആത്മകഥ എഴുതാൻ ഉള്ള അത്രയും ഉണ്ട്. പ്ലസ് ടു കഴിഞ്ഞ സമയത്ത് തന്നെ ഒരാളുടെ കൂടെ വർക് ചെയ്യുന്നുണ്ടെങ്കിൽ അത് വിദ്യാസാഗർ സാറിന്റെ കൂടെ ആയിരിക്കുമെന്നത് എന്റെ തീരുമാനം ആയിരുന്നു. ആ സമയത്ത് ഇന്റർനെറ്റിലൊക്കെ നോക്കി അഡ്രസ് ഒക്കെ തപ്പി എടുത്തായിരുന്നു. പ്ലസ് ടു കഴിഞ്ഞ് ചെന്നൈയിൽ കോളേജിൽ ചേർന്നതിനുള്ള പ്രധാന ലക്ഷ്യവും ഇതായിരുന്നു. ചെന്നൈയിൽ എത്തിയതിനു ശേഷം ആദ്യം ചെയ്തത് ഈ അഡ്രസും വെച്ച് സ്റ്റുഡിയോ കണ്ടുപിടിക്കുകയായിരുന്നു. പിന്നീട് ഒരു മൂന്നു നാലു വർഷത്തെ പ്രയത്നത്തിനു ശേഷമാണ് സാറിന്റെ കൂടെ വർക് ചെയ്യാൻ കയറാൻ പറ്റിയത്. ആ സമയങ്ങളിൽ ഒരുപാട് തവണ വിദ്യാസാഗർ സാറിന്റെ സ്റ്റുഡിയോയുടെ പുറത്ത് ഒത്തിരി ആശയോടെ നോക്കി നിന്നിട്ടുണ്ടെങ്കിലും സംവിധായകൻ ലാൽ ജോസ് സാർ ആണ് വിദ്യാസാഗർ സാറിന്റെ അടുത്ത് എന്നെ ഇൻട്രൊഡ്യൂസ് ചെയ്തത്. അതിന് ഞാൻ എന്നും ലാൽ ജോസ് സാറിന്റെ അടുത്ത് കടപ്പെട്ടിരിക്കും.
6. സംഗീത സംവിധാനം മാത്രമല്ല. കൂമനിൽ ഒരു പാട്ടും വിഷ്ണു പാടിയിട്ടുണ്ട്. ആ പാട്ട് സിനിമ റിലീസ് ആകുന്നതിന് മുമ്പും സിനിമ റിലീസ് ആയതിനു ശേഷവും വലിയ രീതിയിൽ പ്രേക്ഷകപ്രശംസ നേടുകയും ചെയ്തു. പാട്ട് പാടാനുള്ള തീരുമാനത്തിന് കാരണം എന്തായിരുന്നു. ഈ പാട്ടിനെക്കുറിച്ച്
അതെ, കൂമനിലെ പ്രധാനഗാനമായ ഇരുൾക്കണ്ണുമായി എന്ന പാട്ട് ഞാൻ തന്നെയാണ് പാടിയത്. ചെറുപ്പം മുതൽ പരിശീലനം നേടിയത് കർണാടക സംഗീതത്തിൽ ആയിരുന്നു. ആ സമയം മുതലേ അത്യാവശ്യം പാടും. പക്ഷേ, മെയിൻ ഫോക്കസ് എപ്പോഴും മ്യൂസിക് കംപോസിങ്ങിൽ ആയിരുന്നു. പാട്ട് പാടുന്നത് മികച്ചതാക്കാൻ നമ്മൾ ഒത്തിരി പ്രാക്ചീസ് ചെയ്യണം. എന്നാലും അത്യാവശ്യം പാടാനും പറ്റും. ശരിക്കും കൂമനിലെ പാട്ട് ഞാൻ പാടണമെന്ന് തീരുമാനിച്ചതല്ല. ഒരു നീണ്ട പ്രോസസിന്റെ ഭാഗമായി അവസാനം അതിൽ എത്തിച്ചേർന്നതാണ്. സിനിമയുടെ ഹൃദയവും ആത്മാവുമാണ് ഈ പാട്ട്. അതുപോലത്തെ ഒരു സാഹചര്യത്തിൽ ആണ് അത് വരുന്നത്. അതുകൊണ്ട് തന്നെയാണ് ഈ പാട്ടിന്റെ വീഡിയോ പുറത്തുവിടാൻ പറ്റാതിരുന്നത്. ഈ പാട്ടിന്റെ കംപോസിങ്ങും റെക്കോർഡിങ്ങും ഒക്കെ ഒരു വർഷം മുമ്പ് കഴിഞ്ഞായിരുന്നു. സിറ്റുവേഷന് വളരെ ചേർന്നു നിൽക്കുന്ന വിധത്തിലാണ് വിനായക് വരികൾ എഴുതിയത്. നല്ല രീതിയിൽ ആ മൂഡ് ക്രിയേറ്റ് ചെയ്യുന്ന രീതിയിൽ പ്രസന്റ് ചെയ്യാൻ ഞാൻ പാടിയ ട്രാക്ക് ആണത്. പിന്നീട് രണ്ടു മൂന്ന് പാട്ടുകാരെ കൊണ്ട് ട്രൈ ചെയ്തു, പക്ഷേ, അത് വർക്കൗട്ട് ആയില്ല. അവസാനം ജീത്തു സാറിന്റെ തീരുമാനം ആയിരുന്നു ഈ പാട്ട് ഇങ്ങനെ തന്നെ ഉൾപ്പെടുത്താമെന്നത്.
7. ആത്മസുഹൃത്ത് വിനായക് ശശികുമാറുമായി ചേർന്ന് നിരവധി പാട്ടുകൾ ചെയ്തിട്ടുണ്ടല്ലോ. അത് സിനിമയിലേക്ക് എത്തുമ്പോഴുള്ള അനുഭവം എങ്ങനെയാണ്
ചെന്നൈ ലൊയോള കോളേജിൽ പഠിക്കാൻ തുടങ്ങിയ കാലം മുതലുള്ള സൗഹൃദമാണ് വിനായകുമായിട്ടുള്ളത്. ഏതാണ്ട് പത്തു വർഷത്തെ സൗഹൃദമാണ്. വിദ്യാസാഗർ സാറിന്റെ ആരാധകർ ആയിരുന്നു ഞങ്ങൾ രണ്ടു പേരും. സിനിമ സ്വപ്നം കണ്ടു നടക്കുന്നവർ. ആ കാലത്ത് ഞങ്ങൾ ഒരുമിച്ചിരുന്ന് ഒരുപാട് പാട്ടുകൾ ചെയ്തു. പാഷന്റെ പുറത്ത് ചെയ്തതാണ്. ഞാൻ സംഗീതം നൽകും, അവൻ വരികൾ എഴുതും. ആ സമയത്ത് നൂറോളം പാട്ടുകൾ ഞങ്ങൾ ചെയ്തിട്ടുണ്ട്. ചില പാട്ടുകൾ നോട്ട് ചെയ്തു വെയ്ക്കും. ചിലത് വിട്ടു കളയും. വിനായക് ഇപ്പോൾ ഒരുപാട് തിരക്കുള്ള പാട്ടെഴുത്തുകാരനാണ്. ഞങ്ങൾ ഒരുമിച്ചുള്ള ഒരു പാട്ട് ഇറങ്ങാൻ ഒരുപാട് കാത്തിരിക്കേണ്ടി വന്നു. വിനായക് തന്നെ സംവിധാനം ചെയ്ത ഹായ് ഹലോ കാതൽ എന്ന ഹ്രസ്വചിത്രത്തിലെ പാട്ട് ആയിരുന്നു ഞങ്ങൾ ഒരുമിച്ച് വർക്ക് ചെയ്ത ഒരു പാട്ട് ആദ്യമായി പുറത്തിറങ്ങിയത്. സിനിമയിലേക്ക് വരികയാണെങ്കിൽ റാം സിനിമയിലാണ് ആദ്യമായി ഒരു പാട്ട് ഒരുമിച്ച് ചെയ്തത്. എന്നാൽ, ആദ്യം റിലീസ് ആയത് കൂമൻ ആയിരുന്നു.
8. കൂമൻ റിലീസ് ആയതിനു ശേഷം സംഗീത സംവിധായകൻ എന്ന നിലയിൽ സിനിമാമേഖലയിൽ ലഭിക്കുന്ന സ്വീകരണം
കൂമൻ റിലീസ് ആയതിനു ശേഷം വ്യക്തിപരമായി അറിയാത്ത ഒരുപാട് പേർ എനിക്ക് ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും ഒക്കെയായിട്ട് മെസേജ് അയയ്ക്കുന്നുണ്ട്. ചിലർ എഫർട്ട് എടുത്ത് ഫോൺ വിളിച്ച് പറയുന്നുണ്ട്. അതില് വളരെ സന്തോഷം. സിനിമ ആണ് പ്രധാനം. സിനിമയെക്കുറിച്ച് നല്ല അഭിപ്രായം ആദ്യം മുതലേ വന്നിരുന്നു. അതിനൊപ്പം പശ്ചാത്തലസംഗീതവും കൂടി നല്ലതായിട്ടുണ്ട് എന്ന് കേൾക്കുമ്പോൾ വളരെ സന്തോഷം. സിനിമ ഇറങ്ങി ദിവസങ്ങൾ കഴിയുമ്പോൾ ഒരുപാട് മെസേജുകൾ വരുന്നുണ്ട്.
9. പാട്ടിനു പിന്നാലെയുള്ള ഈ യാത്രയ്ക്ക് കുടുംബത്തിൽ നിന്നുള്ള പിന്തുണ എത്രത്തോളമായിരുന്നു
കുടുംബത്തിന്റെ പിന്തുണയുടെ കാര്യത്തിൽ ഞാൻ വളരെ ഭാഗ്യവാനാണ്. ഇതേ ഫീൽഡിൽ ഒരുപാട് പേരെ കാണുമ്പോൾ വീട്ടിൽ നിന്ന് പിന്തുണയില്ലെന്ന് ചിലർ പറയുന്നത് കേൾക്കാം. വീട്ടിൽ നിന്ന് യാതൊരു പിന്തുണയും ലഭിക്കാതെ അവർ കയറി വരുന്നത് കാണുമ്പോൾ വല്ലാത്തൊരു റെസ്പെക്ട് തോന്നും. എന്റെ മാതാപിതാക്കൾ നല്ല പിന്തുണയായിരുന്നു നൽകിയത്. സ്കൂളിംഗ് കഴിഞ്ഞ കാലം മുതൽ എന്റെ എല്ലാ സ്വപ്നങ്ങൾക്കും ഒപ്പം നിന്ന് എന്റെ വാക്കുകളെ പരിഗണിച്ചത് അമ്മ ആയിരുന്നു. അമ്മയുടെ എല്ലാക്കാലത്തുമുള്ള ഈ പിന്തുണ ഇല്ലായിരുന്നെങ്കിൽ ഇതൊന്നും നടക്കുമായിരുന്നു എന്ന് എനിക്ക് തോന്നുന്നില്ല. അച്ഛനും സഹോദരിയും എല്ലാവരും പൂർണ പിന്തുണ ആയിരുന്നു എന്റെ സ്വപ്നങ്ങൾക്ക് നൽകിയത്. സിനിമ റിലീസ് ആകുന്നതിന് തൊട്ടു മുമ്പാണ് മുത്തച്ഛൻ മരിച്ചത്. ആദ്യചിത്രത്തിന്റെ വിജയം പൂർണമായും മുത്തച്ഛന് സമർപ്പിക്കുകയാണ്
10. ഭാര്യ ആലിസ് പൈലറ്റ് ആണല്ലോ. സംഗീതസംവിധായകൻ ആയ ഭർത്താവിന് ആലിസിന്റെ പിന്തുണ എത്രത്തോളമുണ്ട്
എന്നിലെ സംഗീതസംവിധായകന് മാത്രമല്ല എന്റെ ജീവിതത്തിന് തന്നെ പൂർണ പിന്തുണയാണ് ആലിസ് നൽകുന്നത്. ഷി ഈസ് മൈ ലൈഫ്. അതിൽ കൂടുതൽ ഒന്നും പറയാനില്ല.
മലയാളസിനിമയിലേക്കുള്ള ആദ്യ കാൽവെപ്പ് തന്നെ വലിയ രീതിയിൽ സ്വീകരിക്കപ്പെട്ടതിന്റെ സന്തോഷത്തിലാണ് വിഷ്ണു. ഇനിയും ഉയരങ്ങളിലേക്ക് കുതിക്കാൻ ഈ യുവ സംഗീതസംവിധായകന് സാധിക്കട്ടെ. മലയാളസിനിമയിലെ അടുത്ത ഒരു സംഗീതസംവിധായകൻ – പാട്ടെഴുത്തുകാരൻ കോംപോ ആയി വിഷ്ണുവും വിനായകും ആഘോഷിക്കപ്പെടാൻ ഇനി അധികകാലം കാത്തിരിക്കേണ്ടി വരില്ല.
(അഭിമുഖം തയ്യാറാക്കിയത് – ജോയ്സ് ജോയ്)