Saturday, July 24

ആ മോഹം ബാക്കിവെച്ച് പടന്നയില്‍ പോയി, പല്ലില്ലാത്തപ്പൂപ്പന്‍ ഇനി ഓര്‍മകളില്‍ ചിരിക്കും

Pinterest LinkedIn Tumblr +

88-ാം വയസ്സിലും ഹാസ്യരസം പകര്‍ന്നുനല്‍കുന്ന അതുല്യ നടന്‍… അഭിനയകലയെ ജീവിതത്തോട് ചേര്‍ത്തുവച്ചിരിക്കുന്ന നടന്‍…എഴുപത്തിനാല് വര്‍ഷമായി അഭിനയം കൊണ്ട് ഉപജീവനം നടത്തുന്ന കെടിഎസ് പടന്നയില്‍ എന്ന നമുക്കെല്ലാം സുപരിചിതനായ ‘പല്ലില്ലാത്തപ്പൂപ്പ’നെ ഒരുപക്ഷേ തിരിച്ചറിയുക അദ്ദേഹത്തിന്റെ വ്യത്യസ്തമായ ചിരികളിലൂടെ മാത്രമാണ്. 140-ലധികം മലയാള സിനിമകളില്‍ അഭിനയിച്ചിട്ടുള്ള പടന്നയിലിന് ഷൂട്ടിങ് ഒഴിഞ്ഞ സമയം കുറവ്. ‘മാനം തെളിഞ്ഞു’, ‘അവരുടെ വീട്’, ‘ജമീലാന്റെ പൂവന്‍കോഴി’ തുടങ്ങിയ ചിത്രങ്ങളാണ് ഇനി പുറത്തിറങ്ങാനിരിക്കുന്നത്.

ബാല്യം തൊട്ട് നേരിട്ട  നിരവധി തിരിച്ചടികളാണ് പടന്നയിലിനെ ഈ വാര്‍ധക്യത്തിലും സ്വന്തമായി കട നടത്തി ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്. ‘ഞാനൊരിക്കലും കുടുംബത്തിന് ഒരു ഭാരമായിട്ടില്ല. പത്ത് വയസ്സുള്ളപ്പോഴാണ് ഒരിക്കല്‍ എന്റെ പരീക്ഷാഫീസ് അടയ്ക്കാനുള്ള ഒന്നര റുപ്പികയുണ്ടാക്കാന്‍ അമ്മ കൂലിപ്പണിക്കിറങ്ങിയത്. അന്ന് നിര്‍ത്തിയതാണ് പഠിപ്പ്. പിന്നെ മില്ലില്‍ നൂല്‍ നൂല്‍ക്കലും നാറിയ ചകിരിയെണ്ണലും ഒക്കെയായി കൂലിക്ക് പണിയെടുക്കാന്‍ തുടങ്ങി. ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളുടെ തുടക്കത്തില്‍ കേരളത്തില്‍ നാടകപ്രസ്ഥാനം പതിയെ തകരുന്നു എന്ന് തോന്നിയപ്പോള്‍ 600 രൂപയ്ക്ക് ഒരു പരിചയക്കാരന്റെ കയ്യില്‍ നിന്ന് വാങ്ങിയതാണ് ഈ കടമുറി. 400 രൂപയ്ക്ക് ഇതില്‍ സാധനങ്ങളും നിറച്ചു. ചാകുവോളം പട്ടിണി കിടക്കാതിരിക്കാന്‍ ഞാന്‍ ഇറക്കിയ മൂലധനമാണ് അന്നത്തെ ആയിരം റുപ്പിക’, ചുളുക്ക് വീണ മുഖത്ത് ഈ വട്ടം മിന്നിയത് അഭിമാനത്തിന്റെ ചിരിയാണ്.

തൃപ്പൂണിത്തുറ കൊച്ചുപടന്നയില്‍ തായിയുടെയും മണിയുടെയും ആറ് മക്കളില്‍ ഇളയവനായി 1933 ലാണ് സുബ്രഹ്മണ്യന്‍ ജനിക്കുന്നത്. ഉടുക്ക്, കാവടിച്ചിന്ത് കലാകാരന്‍ ആയിരുന്ന അച്ഛന്റെയും കൂലിപ്പണിക്കാരിയായ അമ്മയുടെയും ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കി, കൊച്ചുസുബ്രഹ്മണ്യന്‍ പലപ്പോഴും നിറവയറൂണ് എന്ന സ്വപ്നം ഉള്ളിലൊതുക്കി. ‘ദാരിദ്ര്യമായിരുന്നു. മൂന്നു ദിവസം അടുപ്പിച്ച് പട്ടികിടന്നിട്ടുണ്ട്. ഞാനും തൊട്ടുമൂത്ത ചേട്ടനും കൂടെ കശുവണ്ടി ചുട്ടുതിന്ന് വിശപ്പടക്കിയിട്ടുണ്ട്. പഠിച്ച് ഒരു നിലയില്‍ എത്തണം എന്ന് തന്നെയായിരുന്നു അന്നും മോഹം. അതിനും സാധിച്ചില്ല. പണവും പ്രശസ്തിയും നേടാന്‍ കഴിഞ്ഞില്ലെങ്കിലും പഠിക്കാന്‍ പറ്റിയില്ല എന്ന സങ്കടം ഇന്നും ഉണ്ട്,’ അദ്ദേഹം മനസ്സ് തുറന്നു.

‘കുട്ടിക്കാലത്തു തന്നെ നാടകത്തില്‍ അഭിനയിക്കുക എന്നത് വലിയ മോഹമായിരുന്നു. അവസരങ്ങളൊന്നും അന്ന് കിട്ടിയില്ല. നാടകരംഗത്ത് വരണം എന്നത് വാശിയായി. അങ്ങനെയിരിക്കെ തൃപ്പൂണിത്തുറ ഊട്ടുപുര ഹാളില്‍ ചര്‍ക്ക ക്ലാസില്‍ ചേര്‍ന്നു. അവിടെ ഒരുവര്‍ഷം കഴിയുമ്പോള്‍ വാര്‍ഷികാഘോഷം നടത്തും… നാടകം ഉണ്ടാകും… അതില്‍ അഭിനയിക്കാം എന്നു കണ്ടാണ് ചര്‍ക്ക ക്ലാസില്‍ ചേര്‍ന്നത്. അങ്ങനെ ‘വിവാഹദല്ലാളി’ എന്ന നാടകത്തില്‍ ദല്ലാളിയായി അഭിനയിച്ചു. ആദ്യ നാടകമായിരുന്നു അത്. കാണികളുടെ ഭയങ്കര കൈയടിയാണ് ലഭിച്ചത്. 65 വര്‍ഷം മുമ്പായിരുന്നു അത്.’ 1968-ല്‍ പടന്നയില്‍ രമണിയെ ജീവിതസഖിയാക്കി.

ടൈപ്പ്കാസ്റ്റിങിന്റെ ഇര :

അമ്പത് വര്‍ഷമായി സിനിമയില്‍ സജീവമാണെങ്കിലും നല്ല കഥാപാത്രങ്ങള്‍ ചെയ്യാന്‍ സാധിച്ചിട്ടില്ല എന്നാ സങ്കടം ഈ മഹാനടന്റെ ഉള്ളിലുണ്ട്. ടൈപ്കാസ്റ്റിങിന്റെ കാണാപ്പുറങ്ങള്‍ തുറന്ന് പറയുമ്പോള്‍ പടന്നയിലിന്റെ മുഖത്ത് അഭിനയാതൊടുള്ള അടങ്ങാത്ത വാഞ്ഛയും നിരാശയുമാണ്. ‘നമ്മുടെ സിനിമയ്ക്ക് മേലുള്ള ശാപമാണ് ടൈപ്പ്കാസ്റ്റിങ്.’ പണ്ടൊരിക്കല്‍ രാമചന്ദ്രന്‍ നന്നായി പൊലീസ്വേഷം ചെയ്തു. പിന്നെയാ പാവത്തിന് യൂണീഫോം അഴിക്കാന്‍ സമയം കിട്ടിയിട്ടില്ല. എന്നാ നല്ല പോലീസ് വേഷങ്ങളിലേക്ക് അയാളെ വിളിക്കുമോ? അതില്ല. അതിന് സൂപ്പര്‍താരങ്ങള്‍ വേണം. എനിക്ക് എന്റെ വെപ്പുപല്ലു കൊണ്ട് കിട്ടിയ പണിയും ഇതുതന്നെയാണ്.. പടന്നയില്‍ തന്നെ കഥ പറഞ്ഞു – ‘അനിയന്‍ ബാവ ചേട്ടന്‍ ബാവയാണ് എന്റെ ആദ്യ സിനിമ. അതിലെ ആദ്യ സീന്‍ ഷൂട്ട് ചെയ്ത ശേഷമാണ് ഞാനറിയുന്നത് ഞാന്‍ സിനിമയില്‍ 4 തലമുറകളുടെ അധിപന്‍ ആണെന്ന്.’

സംവിധായകന്‍ രാജസേനനെ ഞാന്‍ മുറിയില്‍ പോയി കണ്ട്, ആ സീന്‍ വീണ്ടും എടുക്കാമോ എന്ന് ചോദിച്ചു. ‘അയ്യോ. ചേട്ടന്‍ ശരിയായി ചെയ്തല്ലോ..’ എന്ന് അയാള്‍ പറഞ്ഞപ്പോള്‍, ഞാന്‍ എന്റെ വെപ്പുപല്ല് ഊരിയെടുത്ത ശേഷം ‘എന്റെ മകനാണ് ഇവന്‍..’ എന്ന് തുടങ്ങുന്ന ഡയലോഗ് പറഞ്ഞ് കാണിച്ചു. ഒരു നിറഞ്ഞ ചിരിയോടെ രാജസേനന്‍ സീന്‍ രണ്ടാമതെടുത്തു. അതില്‍പിന്നെ വെപ്പുപല്ല് വായിലേക്ക് വയ്ക്കാന്‍ പറ്റിയിട്ടില്ല എന്ന് പറഞ്ഞാല്‍ മതിയല്ലോ! നാച്ചുറല്‍ ആകാന്‍ ഒപ്പിച്ച പണിയാണ് പിന്നീട് എന്നെ പല്ലില്ലാ കാര്‍ന്നോര്‍ ആക്കിയത്.’അദ്ദേഹം പറഞ്ഞു.

മലയാള സിനിമയില്‍ ശക്തമായൊരു കഥാപാത്രം ചെയ്യണം എന്ന ആഗ്രഹം പടന്നയില്‍ ഇപ്പോഴും സൂക്ഷിക്കുന്നു. ‘വേദനിക്കുന്ന, മനസ്സില്‍ വ്യഥ പേറുന്ന മനുഷ്യരെ അഭിനയിക്കണം എന്ന് എനിക്ക് ഇന്നും ആഗ്രഹമുണ്ട്. മാനസികസംഘര്‍ഷം അനുഭവിക്കുന്നവര്‍, അനുഭവങ്ങള്‍ കൊണ്ട് വാര്‍ത്തകളില്‍ ഇടം പിടിച്ചവര്‍.. അങ്ങനെ എനിക്ക് ചെയ്യാന്‍ കൊതിയുള്ള കഥാപാത്രങ്ങള്‍ ഏറെയാണ്. എന്തുചെയ്യാം..ഞാന്‍ തമാശക്കാരന്‍ കാര്‍ന്നോര്‍ ആയി ടൈപ്പ്കാസ്റ്റ് ചെയ്യപ്പെട്ടിട്ടില്ലേ.. ഇനി യുവാക്കളിലാണ് പ്രതീക്ഷ. കഴിവുള്ള പഴയ നടന്മാരെ ശക്തമായി തിരിച്ചുകൊണ്ടുവരുന്ന ഒരുകൂട്ടം നല്ല ചെറുപ്പക്കാര്‍ സിനിമയില്‍ വന്നിട്ടുണ്ട്. അവര്‍ക്ക് മേല്‍ ഒരു പിടി പ്രതീക്ഷകളും എനിക്കുണ്ട്,’ പടന്നയില്‍ പറയുന്നു.

സിനിമാരംഗത്തെ പക്ഷാപാതങ്ങളെക്കുറിച്ച് വാചാലനായ പടന്നയില്‍, തന്റെ തിക്താനുഭവങ്ങളും തുറന്നുപറഞ്ഞു. ‘ഓരോ നടനും ഒരു സിനിമയ്ക്ക് പ്രധാനമാണ്. ഞാനും മോഹന്‍ലാലും തമ്മിലുള്ള കോമ്പിനേഷന്‍ സീന്‍ ആണെങ്കില്‍ ഞാന്‍ നന്നായി അഭിനയിച്ചാലെ ലാലിന് അതെ തീക്ഷണാതയില്‍ പ്രതികരിക്കാന്‍ പറ്റൂ. അതിന് എല്ലാ നടന്മാര്‍ക്കും ഒരേ പോലെ തിരക്കാത്തയെങ്കിലും വായിക്കാന്‍ കൊടുക്കണം.

ഇവിടെ സൂപ്പര്‍താരങ്ങള്‍ക്ക് നേരം വെളുക്കുന്ന വരെ തിരക്കഥ വായിച്ചുകേള്‍പ്പിച്ചിട്ട് നമ്മളെപ്പോലുള്ള സാധാരണ നടന്മാര്‍ക്ക് കാമറ തയാറായതിന് ശേഷം മാത്രമാണ് സന്ദര്‍ഭം വിവരിച്ച് തരിക. ആ സീനിന് മുമ്പ് എന്തുണ്ടായെന്നോ അത് കഴിഞ്ഞ് എന്താണെന്നോ സിനിമ വന്നാലേ നമുക്ക് അറിയൂ. ഫലമെന്താ? ആവറേജ് അഭിനയം മാത്രം കാഴ്ചവയ്ക്കുന്ന കുറെ കലാകാരന്മാര്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളായി ജീവിച്ച് മരിക്കുന്നു. അതാണ് ഇവര്‍ക്ക് ആവശ്യവും!

28 ദിവസം അടുപ്പിച്ച് താമസിച്ച് അഭിനയിച്ചിട്ട് വെറും പതിനായിരം രൂപ കൊടുത്ത് മടക്കിയയച്ചത് പോലുള്ള തരംതിരിവുകളും പടന്നയില്‍ തുറന്നുപറഞ്ഞു. ജീവിതത്തിന്റെ സായാഹ്നത്തില്‍ പടന്നയിലിന് കൂട്ടായുള്ളത് ഒരുപിടി മോഹങ്ങളും കുറച്ച് വേദനകളും മാത്രമാണ്. അതിലൊന്നാണ് മനോനില തെറ്റി ചികിത്സയില്‍ കഴിയുന്ന ഇളയമകന്‍. ‘മിച്ചം വച്ച് സ്വരുക്കൂട്ടി മക്കള്‍ക്കെല്ലാം ജീവിക്കാന്‍ ഓരോ വഴിയുണ്ടാക്കി. ഒരുത്തന് അതനുഭവിക്കാന്‍ ഭാഗ്യമില്ലാതെ പോയി. ആ, ജീവിതമായാലും കാലയായാലും നമ്മള്‍ കഷ്ടപ്പെട്ടത്തിനുള്ളതൊന്നും തിരിച്ച് തന്നിട്ടില്ല,’അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറഞ്ഞു. ‘സിനിമ ഗ്ലാമറിന്റെ ലോകമാണ്. കലയെക്കാള്‍ അവിടെ വലുത് ബിസിനസ്സാണ്. അതൊന്നും പറഞ്ഞിട്ട് കാര്യമില്ല..’ പടന്നയില്‍ പറയുന്നു.

teevandi enkile ennodu para
Loading...
Share.

About Author

Comments are closed.