Thursday, July 18

ഇരുൾ മാറി പൂർണചന്ദ്രൻ നിലാവ് പൊഴിക്കുന്ന സുന്ദരരാത്രികൾ | കുമ്പളങ്ങി നൈറ്റ്സ് റിവ്യൂ

Google+ Pinterest LinkedIn Tumblr +
“samvritha”

ശ്യാം പുഷ്ക്കരൻ, ദിലീഷ് പോത്തൻ തുടങ്ങിയ പേരുകൾ കേൾക്കുമ്പോൾ തന്നെ ഓരോ പ്രേക്ഷകനും മനസ്സിലേക്ക് വരുന്നത് നമുക്കിടയിൽ ഉള്ളതോ അല്ലെങ്കിൽ നമുക്ക് പരിചയമുള്ള ആരുടെയോ ജീവിതങ്ങൾ നിറഞ്ഞൊരു സിനിമയാണ്. അവരുടെ ആ ഒരു കൂട്ടത്തിൽ നിന്നും ഒരു സംവിധായകൻ കൂടി പിറവി കൊള്ളുമ്പോഴും ആ പ്രതീക്ഷകൾക്ക് നിറം മങ്ങുന്നില്ല, മറിച്ച് കൂടുതൽ വെട്ടിത്തിളങ്ങുകയാണ് എന്നതാണ് സത്യം. ഒരു നവാഗതന്റെ സ്വതസിദ്ധമായ വീഴ്‌ചകളോ കുറവുകളോ ആശങ്കകളോ ഒന്നുമേ ഇല്ലാതെ വളരെ മനോഹരമായിട്ടാണ് മധു സി നാരായണൻ എന്ന സംവിധായകൻ കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ പിന്നിൽ പ്രവർത്തിച്ച ആ ഒരു ടീം തന്നെ നൽകിയൊരുന്നൊരു പ്രതീക്ഷയെ ലവലേശം തകർക്കാത്ത ഒരു വിരുന്ന് തന്നെയാണ് കുമ്പളങ്ങി നൈറ്റ്സ്. മധു സി നാരായണൻ എന്ന പേര് കണ്ടാലും ഇനി മടിക്കാതെ കയറാവുന്ന സിനിമകൾ ഇനിയും ഉണ്ടാകുമെന്നുറപ്പ്.

Kumbalangi Nights Review

Kumbalangi Nights Review

ഒരു സിനിമയിൽ ഒരു കഥാപാത്രം അല്ലെങ്കിൽ ഒരു അഭിനേതാവ് എത്രത്തോളം നേരമുണ്ടോ അതിലേറെ പ്രാധാന്യമുള്ളതാണ് ചെറുതെങ്കിലും അയാൾക്ക് ആ സിനിമയിൽ ഉള്ള പ്രാധാന്യം. ദിലീഷ് പോത്തൻ ചിത്രങ്ങളിലും ശ്യാം പുഷ്ക്കരൻ തിരക്കഥയൊരുക്കിയ ചിത്രങ്ങളിലും എല്ലാം ആ ഒരു സൂക്ഷ്മത പ്രേക്ഷകന് കാണാൻ സാധിക്കുന്നുണ്ട്. ആ ഒരു കഥാപാത്രങ്ങളുടെ പ്രാധാന്യത്തിന് മുൻ‌തൂക്കം നൽകിയുള്ള അവതരണം തന്നെയാണ് കുമ്പളങ്ങി നൈറ്റ്സിലും കാണാൻ സാധിക്കുന്നത്. കഥാപാത്രങ്ങളേക്കാൾ അഭിനേതാക്കൾക്ക് പ്രാധാന്യം നൽകിയപ്പോൾ പ്രേക്ഷകന് സിനിമയിലേക്ക് കൂടുതൽ ഇറങ്ങിച്ചെല്ലാനുള്ള ഒരു സ്വാതന്ത്ര്യം അവിടെ തുറന്നു കിട്ടുകയാണ്. കുമ്പളങ്ങിയിലെ ഒരു ഷെഡ് പോലെയുള്ള വീട്ടിൽ ഇണങ്ങിയും പിണങ്ങിയും കഴിഞ്ഞു പോരുന്ന സജി, ബോബി, ബോണി, ഫ്രാങ്കി എന്നീ നാല് സഹോദരന്മാരുടെ ജീവിതത്തിലൂടെയാണ് കുമ്പളങ്ങി നൈറ്റ്സ് കഥ പറഞ്ഞു പോകുന്നത്. ബോബിയുടെ പ്രണയം ഇവരുടെ ലൈഫിലെ ഒരു പ്രധാനപ്പെട്ട വിഷയമായി തീരുന്നതോട് കൂടിയാണ് കുമ്പളങ്ങി നൈറ്റ്സ് അതിന്റെ ഉള്ളടക്കത്തോട് കൂടുതൽ അടുക്കുന്നത്.

Kumbalangi Nights Review

Kumbalangi Nights Review

സൗബിൻ ഷാഹിർ, ഷെയ്ൻ നിഗം, ശ്രീനാഥ് ഭാസി, മാത്യൂസ് എന്നിവർ അവരുടെ ചേട്ടനനിയന്മാർ വേഷങ്ങൾ സ്വാഭാവിക നർമത്തിന്റെ പിൻബലത്തിൽ മനോഹരമാക്കിയപ്പോൾ പ്രേക്ഷകനും ലഭിച്ചിരിക്കുന്നത് മറ്റൊരു മനോഹര ചലച്ചിത്രമാണ്. ഇതിനിടയിൽ ഷമ്മിയായി ചിരിപ്പിച്ചും ചിന്തിപ്പിച്ചും ഫഹദ് കൂടി എത്തിയപ്പോൾ കുമ്പളങ്ങിയിലെ രാത്രികൾ കൂടുതൽ മനോഹരമായി തീർന്നു. എന്നത്തേയും പോലെ തന്നെ തന്റെ കഥാപാത്രം കൊണ്ട് വിസ്മയിപ്പിച്ചിരിക്കുകയാണ് ഫഹദ്. ബേബിമോൾ എന്ന നായികാ വേഷം കൈകാര്യം ചെയ്‌ത അണ്ണാ ബെനും ഏറെ പ്രതീക്ഷകൾ പകരുന്നുണ്ട്. ചെറുതെങ്കിലും ഏറെ രസകരമായ ഒരു കഥാപാത്രം തന്നെയാണ് ഗ്രേസ് ആന്റണിയും കൈകാര്യം ചെയ്‌തിരിക്കുന്നത്‌. രണ്ടാം പകുതിയിലേക്ക് എത്തുമ്പോഴാണ് ചിത്രം കൂടുതൽ ജീവൻ പ്രാപിക്കുന്നത്. നാല് സഹോദരന്മാർക്കും ഒരു തിരിച്ചറിവിന്റെ നിമിഷം കൂടി എത്തുമ്പോൾ ചിത്രം കൂടുതൽ ഹൃദ്യമാകുന്നു.

Kumbalangi Nights Review

Kumbalangi Nights Review

ശ്യാം പുഷ്ക്കരൻ എന്ന പേര് ഒരിക്കലും നിരാശപ്പെടുത്താറില്ല എന്നുള്ളതിന് മികച്ചൊരു തെളിവ് കൂടിയാണ് കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രം. പ്രേക്ഷകന്റെ മനസ്സ് അറിയുന്നതിനോടൊപ്പം തന്നെ നല്ലൊരു ചിത്രം കൂടി സമ്മാനിക്കുവാൻ ആ കൈവിരലുകൾക്കും അവിടെ മായാജാലം തീർക്കുന്ന തൂലികക്കും കഴിയുന്നുണ്ട്. സുഷിന് ശ്യാമിന്റെ ഗാനങ്ങളും ഏറെ ജീവൻ തുടിക്കുന്നതാണ്. അതേ ജീവൻ അതിന്റെ പൂർണതയിൽ നിലനിർത്തി പ്രേക്ഷകനിലേക്ക് എത്തിക്കുന്നതിൽ ഷൈജു ഖാലിദ് എന്ന മാന്ത്രികന്റെ ക്യാമറ കണ്ണുകൾക്കും സാധിച്ചിട്ടുണ്ട്. സൈജു ശ്രീധരന്റെ എഡിറ്റിംഗ് കൂടിയായപ്പോൾ രാത്രികൾ സുന്ദരം. പ്രേക്ഷകന് മനസ്സ് നിറഞ്ഞ്, തികഞ്ഞ ആസ്വാദന സ്വാതന്ത്ര്യത്തോടെ കണ്ടിരിക്കാവുന്ന ഒരു സുന്ദരചിത്രം. അതാണ് കുമ്പളങ്ങി നൈറ്റ്സ്. നിലാവുള്ള ഒരു രാത്രി പോലെ ഏറെ മനോഹരമായ ചിത്രം.

“Lucifer”
Share.

About Author

Comments are closed.