പ്രേക്ഷകരുടെ ചോദ്യങ്ങൾക്ക് തമാശരൂപേണ മറുപടി നൽകുന്നതിൽ ശ്രദ്ധേയനായ ഒരു താരമാണ് കംപ്ലീറ്റ് ആക്ടർ മോഹൻലാൽ. പ്രതിസന്ധിയിലാഴ്ത്തുന്ന ചോദ്യങ്ങൾക്ക് വളരെ ലളിതമായ രീതിയിൽ ഉത്തരം നൽകിക്കൊണ്ട് കയ്യടി വാങ്ങുന്ന താരമാണ് അദ്ദേഹം. തിരുവോണദിനത്തിൽ ഫ്ലവേഴ്സ് ചാനൽ ഒരുക്കിയ പ്രോഗ്രാമിൽ കുട്ടികളോടൊപ്പം ആടിത്തിമിർത്തു കൊണ്ടിരുന്ന മോഹൻലാലിന് പ്രതിസന്ധി നിറഞ്ഞ ഒരു ചോദ്യം നേരിടേണ്ടി വന്നു. ദുൽഖർ സൽമാനെ ആണോ പ്രണവ് മോഹൻലാലിനെ ആണോ ഏറ്റവും ഇഷ്ടം എന്നതായിരുന്നു ചോദ്യം. അച്ഛനെ ആണോ അമ്മയെ ആണോ ഏറ്റവും കൂടുതൽ ഇഷ്ടം എന്ന തരത്തിലുള്ള ഒരു ചോദ്യമാണ് ഇതെന്നും കുഞ്ഞിലെ മുതൽ ഞാൻ രണ്ടാളെയും കാണുന്നതാണെന്നും രണ്ടുപേരെയും ഒരുപോലെ ഇഷ്ടമാണെന്നും മോഹൻലാൽ പറഞ്ഞു.
ഒപ്പം തനിക്ക് ഏറ്റവും ഇഷ്ടം ഫഹദ് ഫാസിലിനെ ആണെന്നും താരം കൂട്ടിച്ചേർത്തു. ഒരു സാധാരണക്കാരനായ പ്രേക്ഷകൻ നടത്തുന്ന തരത്തിലുള്ള ഉത്തരമാണ് മോഹൻലാൽ നൽകിയതെന്നാണ് ഫഹദ് ഫാസിൽ ആരാധകരുടെ പക്ഷം. മറ്റു യുവതാരങ്ങളിൽ നിന്നും വ്യത്യസ്തമായി ഒട്ടേറെ പ്രതിസന്ധികളിലൂടെ മറ്റാർക്കും ചെയ്യുവാൻ കഴിയാത്ത കഥാപാത്രങ്ങൾ ചെയ്ത് ഫലിപ്പിച്ച് ശ്രദ്ധേയനായ താരമാണ് ഫഹദ് ഫാസിൽ. മോഹൻലാലിന്റെ അഭിപ്രായം വളരെ വലിയ ആവേശമാണ് ഫഹദ് ആരാധകരിൽ ഉണ്ടാക്കിയത്.