ലാൽ ജോസ് സംവിധാനം ചെയ്ത് ബിജു മേനോൻ നായകനായ 41 എന്ന ചിത്രത്തിന്റെ വിജയാഘോഷം കഴിഞ്ഞദിവസം അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ച് നടക്കുകയുണ്ടായി. ഈ ചിത്രത്തിൽ അയ്യപ്പനായി അഭിനയിക്കുന്നത് ബിജുമേനോനും കോശിയായി എത്തുന്നത് പൃഥ്വിരാജ് സുകുമാരനും ആണ്. സച്ചി രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. വിജയാഘോഷ വേളയിൽ പൃഥ്വിരാജ് പറഞ്ഞ വാക്കുകൾ ഇപ്പോൾ ഏറെ ശ്രദ്ധേയം ആവുകയാണ്. ഷൂട്ടിംഗ് തിരക്കിലായത് കൊണ്ട് തനിക്കു ഇതുവരേയും 41 എന്ന ചിത്രം തിയേറ്ററിൽ പോയി കാണാൻ അവസരം ലഭിച്ചിട്ടില്ല എന്നും ഉടനെ തന്നെ ഈ ചിത്രം പോയി കാണും എന്നും പറഞ്ഞ പൃഥ്വിരാജ് അതിനോടൊപ്പം തന്റെ അടുത്ത ചിത്രത്തെ പറ്റി പങ്കുവെക്കുന്നുണ്ട്.
അടുത്തതായി ലാൽ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ താൻ ആണ് നായകനായി എത്തുന്നത് എന്നും ആ ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് 41 എന്ന ചിത്രം രചിച്ച പ്രഗീഷ് ആണെന്നും താരം പറയുന്നു. 41നും മുൻപ് പ്രഗീഷ് എഴുതിയ തിരക്കഥ ആണ് അതെന്നും ആ ചിത്രത്തിൽ അഭിനയിക്കാൻ താൻ ആകാംഷയോടെ കാത്തിരിക്കുകയാണെന്നും പറഞ്ഞ പൃഥ്വിരാജ് അത് ഒരു വമ്പൻ ചിത്രമാണ് എന്ന സൂചനയാണ് പ്രേക്ഷകർക്ക് നൽകുന്നത്. ഒപ്പം കൂടുതൽ വിവരങ്ങൾ പുറത്തു വിടുന്നില്ല എന്നും താരം പറയുന്നുണ്ട്. ഇതിനു മുൻപ് ലാൽ ജോസ്- പൃഥ്വിരാജ് ടീം ഒന്നിച്ച ക്ലാസ്സ്മേറ്റ്സ്, അയാളും ഞാനും തമ്മിൽ എന്നീ ചിത്രങ്ങൾ വലിയ ഹിറ്റുകളായിരുന്നു. 2006 ഇൽ റീലീസ് ചെയ്ത ക്ലാസ്സ്മേറ്റ്സ് ഇൻഡസ്ട്രി ഹിറ്റ് ആയി മാറിയപ്പോൾ അയാളും ഞാനും തമ്മിൽ എന്ന ചിത്രം പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും ഒരുപോലെ നേടിയ ചിത്രമാണ്. അതുകൊണ്ട് തന്നെ ഒരു ഹാട്രിക് വിജയം ആണ് ഈ കൂട്ടുകെട്ട് ലക്ഷ്യമിടുന്നതെന്ന് പ്രേക്ഷകർക്ക് ഉറപ്പാണ്. ലാൽ ജോസ് സംവിധാനം ചെയ്യുന്ന ഇരുപത്തിയഞ്ചാമത്തെ ചിത്രമായിരുന്നു 41.