തീയറ്ററുകള്‍ കീഴടക്കി മുന്നേറുകയാണ് കമല്ഹാസന് നായകനായി എത്തിയ വിക്രം. ലോകേഷ് കനകരാജാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ലോകേഷിന്റെ തന്നെ കൈതിയിലെ നിരവധി കഥാപാത്രങ്ങളെ വിക്രമില്‍ കാണാം. ഇപ്പോഴിതാ ചിത്രത്തിലെ ഒരു കഥാപാത്രത്തെക്കുറിച്ചുള്ള പ്രേക്ഷകരുടെ സംശയങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് സംവിധായകന് ലോകേഷ് കനകരാജ്. വിക്രം സിനിമയില്‍ അവസാന ഭാഗത്ത് എത്തുന്ന അര്ജുന് ദാസിന്റെ കഥാപാത്രത്തെക്കുറിച്ചായിരുന്നു പ്രേക്ഷകരുടെ ചോദ്യം.
കൈതിയില്‍ അന്പ് എന്ന കഥാപാത്രമായാണ് അര്ജുന് ദാസ് എത്തിയത്. ചിത്രത്തിന്റെ അവസാന ഭാഗത്ത് നെപ്പോളിയന് എന്ന പൊലീസുകാരന്റെ അടികൊണ്ട് വീഴുന്ന അന്പ് മരിച്ചു എന്നാണ് പ്രേക്ഷകര്‍ കരുതിയിരിക്കുന്നത്. ആ കഥാപാത്രമാണ് വിക്രമില്‍ എത്തുന്നത്. എന്നാല്‍ അന്പ് മരിച്ചിട്ടില്ലെന്നും കൈതിയില്‍ അന്പിന്റെ താടിയെല്ല് തകര്‍ക്കുക മാത്രമാണ് ചെയ്തതെന്നും വിക്രമില്‍ സ്റ്റിച്ചിട്ട പാടുകള്‍ കാണാമെന്നും ലോകേഷ് പറയുന്നു. ട്വിറ്ററിലൂടെയായിരുന്നു ലോകേഷിന്റെ പ്രതികരണം.
വിക്രമില്‍ കമല്‍ഹാസനൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസില്‍, സൂര്യ, നരേന്, ചെമ്പന്‍ വിനോദ് തുടങ്ങി വന്‍താരനിരയുണ്ട്. വിക്രമിന്റെ രണ്ടാം ഭാഗത്തില്‍ കമല്‍ഹാസനൊപ്പം സൂര്യയാവും പ്രധാനവേഷത്തിലെത്തുക. കാര്‍ത്തി നായകനായി എത്തിയ കൈതിയുടെ രണ്ടാം ഭാഗവും ഒരുങ്ങുന്നുണ്ട്.