മലയാളികളുടെ പ്രിയ യുവതാരം പൃഥ്വിരാജ് ആദ്യമായി സംവിധാനം നിർവഹിക്കുന്ന ചിത്രം ‘ലൂസിഫർ’ പ്രഖ്യാപിച്ചപ്പോൾ മുതലുള്ള ഒരു ആവേശം ഓരോ ദിനം ചെല്ലുന്തോറും ഏറിവരികയാണ്. ലാലേട്ടന്റെ ചിത്രത്തിലെ സ്റ്റിൽസ് കൂടിയായപ്പോൾ അത് പതിന്മടങ്ങായി. ഈ മാസ്സ് പൊളിറ്റിക്കൽ ത്രില്ലറിന്റെ ചിത്രീകരണം ഇപ്പോൾ തിരുവന്തപുരത്തു പുരോഗമിക്കുകയാണ്. മുരളി ഗോപി തിരക്കഥ രചിച്ച ഈ ചിത്രം ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മിക്കുന്നത്. ഇന്ദ്രജിത് സുകുമാരൻ, ടോവിനോ തോമസ്, വിവേക് ഒബ്റോയ്, മഞ്ജു വാര്യർ തുടങ്ങി വമ്പൻ താര നിരയാണ് ഈ ചിത്രത്തിൽ അണിനിരക്കുന്നത്.
ഇപ്പോഴിതാ നിവിൻ പോളി – നയൻതാര കൂട്ടുകെട്ട് ആദ്യമായി ഒന്നിക്കുന്ന ലൗ ആക്ഷൻ ഡ്രാമയുടെ നിർമാതാക്കളിൽ ഒരാളായ വിശാഖ് സുബ്രഹ്മണ്യത്തിന്റെ വാക്കുകൾ ലൂസിഫറിനായുള്ള പ്രേക്ഷകരുടെ കാത്തിരിപ്പുകളെ വീണ്ടും ആവേശം കൊള്ളിക്കുകയാണ്. ലൂസിഫർ പ്രേക്ഷകരെ തീർച്ചയായും ഞെട്ടിക്കുമെന്നാണ് പൃഥ്വിരാജുമൊത്തുള്ള കൂടിക്കാഴ്ചക്ക് ശേഷം അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. പ്രശസ്ത സ്റ്റുഡിയോ ആയ മെരിലാൻഡിന്റെ ഉടമസ്ഥൻ ആയിരുന്ന സുബ്രഹ്മണ്യത്തിന്റെ കൊച്ചു മകൻ ആയ വിശാഖ് ആണ് ഇപ്പോൾ തിരുവനന്തപുരത്തെ പ്രശസ്ത തീയേറ്ററുകൾ ആയ ശ്രീകുമാർ, ശ്രീ വിശാഖ്, ന്യൂ ഒക്കെ നോക്കി നടത്തുന്നത്. അതോടൊപ്പം തന്നെ അദ്ദേഹം ഇപ്പോൾ നിർമാതാവിന്റെ വേഷത്തിലും മലയാള സിനിമയിൽ അരങ്ങേറി കഴിഞ്ഞു. നിവിൻ പോളി- നയൻ താര ടീമിനെ വെച്ച് ധ്യാൻ ശ്രീനിവാസൻ ഒരുക്കുന്ന ലവ് ആക്ഷൻ, ഡ്രാമ എന്ന ചിത്രം അജു വർഗീസുമായി ചേർന്ന് നിർമ്മിക്കുന്നത് വിശാഖ് ആണ്. മോഹൻലാൽ, പൃഥ്വിരാജ് എന്നിവരുമായി കുടുംബപരമായും ഏറെ സൗഹൃദം കാത്തുസൂക്ഷിക്കുന്ന ആളാണ് വിശാഖ്. പൃഥ്വിരാജ് ലാലേട്ടനെ ഡയറക്ട് ചെയ്യുന്നത് തന്നെ കാണാൻ ആവേശം ജനിപ്പിക്കുന്നതാണെന്ന് വിശാഖ് സുബ്രഹ്മണ്യം കുറിച്ചു. ഒപ്പം ലൂസിഫർ ആദ്യദിനം ആദ്യഷോ തന്നെ കണ്ടിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.