ടോവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ‘മിന്നൽ മുരളി’യിലെ മനോഹരമായ മെലഡിയുടെ ലിറിക്കൽ വീഡിയോ റിലീസ് ചെയ്തു. ‘ഉയിരേ ഒരു ജന്മം നിന്നെ’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. മനു മഞ്ജിത്ത് എഴുതിയ വരികൾക്ക് ഷാൻ റഹ്മാൻ ആണ് സംഗീതം നൽകിയിരിക്കുന്നത്. നാരായണി ഗോപൻ, മിഥുൻ ജയരാജ് എന്നിവർ ചേർന്നാണ് പാടിയിരിക്കുന്നത്. പാട്ട് റിലീസ് ചെയ്ത് മിനിറ്റുകൾക്കുള്ളിൽ തന്നെ ആയിരങ്ങളാണ് ഈ യുട്യൂബിൽ ലിറിക്കൽ വീഡിയോ കണ്ടിരിക്കുന്നത്.
മിന്നൽ മുരളിയുടെ ട്രയിലറും യുട്യൂബിൽ റിലീസ് ചെയ്തപ്പോൾ റെക്കോർഡ് സ്വന്തമാക്കിയിരുന്നു. റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ തന്നെ ട്രെൻഡിങ് ആയ ട്രയിലർ ഏറ്റവും അധികം ലൈക്ക് ലഭിച്ച ട്രയിലർ എന്ന റെക്കോർഡാണ് സ്വന്തമാക്കിയത്. ഒരു കോടിക്ക് അടുത്ത് ആളുകളാണ് ഇതുവരെ മിന്നൽ മുരളിയുടെ ട്രയിലർ കണ്ടത്, നെറ്റ്ഫ്ലിക്സിലൂടെ ഡിസംബർ 24ന് മിന്നൽ മുരളി പ്രേക്ഷകരിലേക്ക് എത്തും. മലയാളികൾ തീയറ്ററിൽ തന്നെ കാണുവാൻ ഏറെ കൊതിച്ചിരുന്ന ഒരു ചിത്രം കൂടിയായിരുന്നു മിന്നൽ മുരളി. ഗോദക്ക് ശേഷം ടോവിനോ തോമസ് – ബേസിൽ ജോസഫ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
മിന്നൽ മുരളിക്കായി ക്യാമറ ചലിപ്പിക്കുന്നത് സമീർ താഹിർ ആണ്. ചിത്രത്തിലെ രണ്ടു വമ്പൻ സംഘട്ടനങ്ങൾ സംവിധാനം ചെയ്യുന്നത് ബാറ്റ്മാൻ, ബാഹുബലി, സുൽത്താൻ തുടങ്ങിയ ചിത്രങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച വ്ലാഡ് റിംബർഗാണ്. മനു ജഗത് കഥയും അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവർ രചനയും നിർവഹിക്കുന്നു. വി എഫ് എക്സിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ വി എഫ് എക്സ് സൂപ്പർവൈസ് ചെയ്യുന്നത് ആൻഡ്രൂ ഡിക്രൂസാണ്. ബാംഗ്ലൂർ ഡേയ്സ്, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ ആണ് ടോവിനോ തോമസ് ചിത്രം മിന്നൽ മുരളി നിർമിക്കുന്നത്. 90കളിലെ ഒരു സാധാരണ മനുഷ്യൻ ഇടിമിന്നലേറ്റ് അമാനുഷികനായി തീരുന്നതാണ് ചിത്രത്തിന്റെ കഥ. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് ചിത്രം എത്തുന്നത്.