Saturday, July 4

ട്രിപ്പിൾ സ്‌ട്രോങ്ങ് ആഘോഷങ്ങളുടെ ദൃശ്യവിരുന്ന് | മധുരരാജ റിവ്യൂ

Pinterest LinkedIn Tumblr +

സംവിധാനം ചെയ്യുന്ന ആദ്യചിത്രം തന്നെ വമ്പൻ വിജയമാക്കുക എന്നത് ഏതൊരു സംവിധായകന്റെയും സ്വപ്‌നമാണ്. പക്ഷെ അതേ ചിത്രത്തിന് വർഷങ്ങൾക്കിപ്പുറം അതുക്കും മേലെ നിൽക്കുന്ന ഒരു രണ്ടാം ഭാഗം ഇറക്കുക എന്നത് അതിലും വലിയൊരു സ്വപ്നസാക്ഷാത്‍കാരമാണ്. അത്തരത്തിൽ ഒരു ആത്മസംവൃതിയുടെ നിറവിലാണ് സംവിധായകൻ വൈശാഖ് ഇപ്പോൾ. പോക്കിരിരാജക്ക് ഒരു തുടർച്ചയായി മധുരരാജ എത്തുന്നുവെന്ന് അറിഞ്ഞത് മുതലുള്ള പ്രേക്ഷകരുടെ ആകാംക്ഷകൾക്ക് അവസാനം കുറിച്ച് മധുരരാജ ഇന്ന് തീയറ്ററുകളിൽ എത്തിയിരിക്കുകയാണ്. മാസ്സും കോമഡിയും അൽപം സെന്റിയുമൊക്കെയായി ഒരു പക്കാ എന്റർടൈൻമെന്റ് പാക്കേജ് തന്നെയാണ് ചിത്രം. പ്രേക്ഷകന്റെ മനസ്സറിയുന്ന, അവർ എന്താണ് കാണാൻ ആഗ്രഹിക്കുന്നതെന്ന് വ്യക്തമായി അറിയാവുന്ന സംവിധായകനാണ് താനെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് വൈശാഖ്.

Madhuraraja Movie Review

Madhuraraja Movie Review

ഫ്ലാഷ് ബാക്കിലെ ഒരു സംഭവത്തോട് കൂടിയാണ് ചിത്രത്തിന് തുടക്കം കുറിക്കുന്നത്. ഭീതി ജനിപ്പിക്കുന്ന ആ ഒരു സംഭവത്തിൽ തന്നെ മേക്കിങ്ങിന്റെയും മറ്റും കാണാൻ പോകുന്ന കാഴ്‌ചയെ കുറിച്ച് ഒരു ഏകദേശ ധാരണ പ്രേക്ഷകന് ലഭിക്കുന്നുണ്ട്. പാമ്പൻതുരുത്ത് എന്ന ഒരു തുരുത്തിലാണ് കഥ അരങ്ങേറുന്നത്. അവിടെ നടക്കുന്ന ചില സംഭവവികാസങ്ങൾ മധുരരാജയെ അവിടേക്ക് വരുത്തുകയാണ്. പക്കാ മാസ്സ് എൻട്രിയുമായി എത്തുന്ന രാജ പിന്നീടങ്ങോട്ട് നിറഞ്ഞാടുകയാണ്. മാസ്സും കോമഡിയും അല്പം കണ്ണ് നനയിപ്പിച്ചും എല്ലാം പ്രേക്ഷകന് നല്ലൊരു ദൃശ്യാനുഭവം ചിത്രം സമ്മാനിക്കുന്നു. പാമ്പൻതുരുത്തിലെ പല പ്രശ്നങ്ങൾക്കും രാജയുടെ വരവ് പരിഹാരം കണ്ടെത്തുന്നു. മമ്മൂക്കയുടെ സ്‌ക്രീൻ പ്രെസൻസ്‌ തന്നെയാണ് ചിത്രത്തിന്റെ ഏറ്റവു വലിയ പ്ലസ് പോയിന്റ്. പ്രായത്തിനെ വെല്ലുന്ന ലുക്കും ആക്ഷനുമായി നിറഞ്ഞു നിൽക്കുമ്പോൾ പ്രേക്ഷകർക്ക് അവധിക്കാല ആഘോഷങ്ങൾക്കുള്ളതെല്ലാം ചിത്രം സമ്മാനിക്കുന്നുണ്ട്. അതോടൊപ്പം തന്നെ കണ്ണ് നനയിപ്പിക്കുന്ന അഭിനയ മുഹൂർത്തങ്ങൾ കൂടി അദ്ദേഹം സമ്മാനിക്കുമ്പോൾ പ്രേക്ഷകന് കാണാൻ കൊതിച്ച കാഴ്ച്ച കാണാൻ സാധിച്ച സന്തോഷവുമാണ്.

Madhuraraja Movie Review

Madhuraraja Movie Review

മാസ്സ് ചിത്രങ്ങളെ പോസ്റ്റ് മോർട്ടം നടത്തരുതെന്ന വസ്‌തുത നിലനിൽക്കുന്നതിനാൽ കൂടുതൽ കീറിമുറിക്കപ്പെടേണ്ട ചിത്രമല്ല മധുരരാജ. ആദ്യഭാഗത്തിലെ ഒട്ടുമിക്ക നടന്മാരും അണിനിരക്കുന്ന ചിത്രത്തിൽ ചിന്നനായി എത്തി മികച്ചൊരു പ്രകടനം കാഴ്ച്ച വെക്കുവാൻ തമിഴ് താരം ജയ്ക്കു സാധിച്ചിട്ടുണ്ട്. മനോഹരൻ മംഗളോദയമായി സലിം കുമാർ പൊട്ടിചിരിപ്പിക്കുന്നു. സുരുവായി അജു വർഗീസും ചിരിപ്പിക്കുന്നതിൽ യാതൊരു പിശുക്കും കാണിച്ചിട്ടില്ല. വാസന്തിയായി അനുശ്രീയുടെ പ്രകടനമാണ് കൈയ്യടി നേടുന്ന മറ്റൊരു താരം. ലിച്ചിയും മോശമാക്കിയിട്ടില്ല. നെടുമുടി വേണു, വിജയരാഘവൻ, നരേൻ, സിദ്ധിഖ്, ഷംന കാസിം, രമേശ് പിഷാരടി, ബിജുക്കുട്ടൻ, ഷംന കാസിം എന്നിവരും അവരുടെ ഭാഗങ്ങൾ ഗംഭീരമാക്കി. ജഗപതി ബാബുവിന്റെ വില്ലനെ വേഷമാണ് കൂടുതൽ മികച്ചു നിന്നത്. സണ്ണി ചേച്ചിയുടെ ഡാൻസ് പിന്നെ പ്രത്യേകിച്ച് എടുത്തു പറയേണ്ട കാര്യമില്ലല്ലോ..! ആകെ മൊത്തം ഒരു കളർഫുൾ എന്റർടൈനർ തന്നെയാണ് മധുരരാജ.

Madhuraraja Movie Review

Madhuraraja Movie Review

ആഴത്തിലേക്കിറങ്ങി ചെല്ലാൻ തക്ക ഒരു കഥ കാണാൻ സാധിക്കില്ലെങ്കിലും തിരക്കഥയുടെ പിൻബലം വളരെ വലുതായി തന്നെ കാണാം. ഉദയ് കൃഷ്‌ണയുടെ മാസ്സ് തിരക്കഥകളിൽ മധുരരാജക്ക് മുൻനിരയിൽ തന്നെ സ്ഥാനമുണ്ട്. ലൂസിഫർ, പൃഥ്വിരാജ്, നരസിംഹം റെഫറൻസുകളുമെല്ലാമായി പ്രേക്ഷകനെ പിടിച്ചിരുത്തുന്ന തിരക്കഥ ചിരിക്കാനും ഏറെ ഒരുക്കിയിട്ടുണ്ട്. ഗോപി സുന്ദറിന്റെ ഗാനങ്ങളും കൊള്ളാം. ഷാജി കുമാർ ഒരുക്കിയ വിഷ്വൽസ് പ്രേക്ഷകനെ ആസ്വാദനത്തിന് ഏറെ സഹായിച്ചിട്ടുണ്ട്. മഹേഷ് നാരായണന്റെയും സുനിൽ എസ് പിള്ളയുടെയും എഡിറ്റിംഗും ചിത്രത്തെ മനോഹരമാക്കി. ഈ അവധിക്കാലത്ത് ഒരു പക്കാ മാസ്സ് ചിത്രം കൊണ്ട് ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുവാൻ ആഗ്രഹിക്കുന്നവർക്ക് ഒരു മടിയും കൂടാതെ മധുരരാജക്ക് ടിക്കറ്റ് എടുക്കാം.

“Lucifer”
Loading...
Share.

About Author

Comments are closed.